ടി20: ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ കുല്‍ദീപ് യാദവിന്റെ മികച്ച ബൗളിങ്ങില്‍ 159 റണ്‍സില്‍ പിടിച്ചു കെട്ടിയ ഇന്ത്യ 18.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവിന്റെയും സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ലോകേഷ് രാഹുലിന്റെയും മികവിലാണ് ഇന്ത്യന്‍ വിജയം. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയില്‍ ജാസണ്‍ റോയിയും ജോസ് ബട്ട്‌ലറും മികച്ച തുടക്കമാണ് നല്‍കിയത്. 20 പന്തില്‍ 30 റണ്‍സെടുത്ത ജാസണ്‍ റോയിയുടെ വിക്കറ്റ് വീഴ്ത്തി ഉമേഷ് യാദവാണ് ഇംഗ്ലണ്ടിന്റെ പതനത്തിന് തുടക്കമിട്ടത്.
പിന്നീട് തുടരെ വിക്കറ്റ് വീണപ്പോഴും ഒരു ഭാഗത്ത് ഉറച്ച് നിന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്‌ലറെ (69) പുറത്താക്കി കുല്‍ദീപ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. അവസാന ഓവറുകളില്‍ വമ്പനടികളുമായി ഡേവിഡ് വില്ലിയാണ് (29) ഇംഗ്ലണ്ട് സ്‌കോര്‍ 150 കടത്തിയത്. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് രണ്ട്, ഹര്‍ദിക് പാണ്ഡ്യ ഒന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ശിഖര്‍ ധവാനെ നഷ്ടമായെങ്കിലും പിന്നീടെത്തിയ ലോകേഷ് രാഹുലിന്റെ (101*) തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ വിജയ തീരമണിഞ്ഞു. 54 പന്തില്‍ 10 ബൗണ്ടറിയും അഞ്ച് സിക്‌സറും അടങ്ങിയതാണ് രാഹുലിന്റെ ഇന്നിങ്‌സ്. രോഹിത് ശര്‍മ 30 പന്തില്‍ 32, വിരാട് കോഹ്‌ലി 22 പന്തില്‍ 20 എന്നിവര്‍ രാഹുലിന് പിന്തുണ നല്‍കി. ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് വില്ലി, ആദില്‍ റാഷിദ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."