മലയോരത്ത് മനംകവര്‍ന്ന് എം.കെ രാഘവന്‍
കോഴിക്കോട്: മലയോരത്തും ഇടനാട്ടിലും കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. കുടിയേറ്റ കര്‍ഷകരുടെ നാടായ കൂരാച്ചുണ്ടിലാണ് ഇന്നലെ പര്യടനം തുടങ്ങിയത്. അതിരാവിലെ കൂരാച്ചുണ്ടിലെത്തിയ സ്ഥാനാര്‍ഥി അങ്ങാടിയിലെ കച്ചവട സ്ഥാപനങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും വോട്ടഭ്യര്‍ഥന നടത്തി.
തുടര്‍ന്ന് പര്യടന പരിപാടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടുവണ്ണൂര്‍ പഞ്ചായത്തിലെ പരപ്പും കാട്ടില്‍പുറായിലേക്ക് സ്ഥാനാര്‍ഥിയും സംഘവും നീങ്ങി. കുടുംബസംഗമം ഒരുക്കിയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്.
ഇതിനിടെ പ്രദേശത്തെ മരണവീട്ടിലും സ്ഥാനാര്‍ഥിയെത്തി. പുതുക്കുടിത്താഴത്തായിരുന്നു അടുത്ത സ്വീകരണം. രാമന്‍ പുഴയോരം, ഉള്ള്യേരി പഞ്ചായത്തിലെ തെരുവത്ത് കടവ്, മുണ്ടോത്ത് എന്നിവിടങ്ങളില്‍ ഉച്ചയോടെ പ്രചാരണം പൂര്‍ത്തിയാക്കി.
അത്തോളി പഞ്ചായത്തിലെ കൂമുള്ളി, വേളൂര്‍ വെസ്റ്റ്, കൊളക്കാട് പള്ളി, ബാലുശ്ശേരി പഞ്ചായത്തിലെ കൂനഞ്ചേരി, എരമംഗലം, പനായി എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. വൈകിട്ട് പനങ്ങാട് പഞ്ചായത്തിലെ വട്ടോളി ബസാര്‍, പനങ്ങാട് നോര്‍ത്ത് കുറുമ്പൊയില്‍, ഉണ്ണികുളം പഞ്ചായത്തിലെ കരുമല, വള്ളിയോത്ത്, കാന്തപുരം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം രാത്രി വൈകി എസ്റ്റേറ്റ്മുക്കിലാണ് ആദ്യദിവസ പര്യടനം സമാപിച്ചത്.
യു.ഡിഎഫ് നേതാക്കളായ ഒ.കെ അമ്മദ്, കെ. ബാലകൃഷ്ണന്‍ കിടാവ്, നാസര്‍ എസ്റ്റേറ്റ്മുക്ക്, യു.വി ദിനേശ്മണി, ടി. ഗണേശ് ബാബു, എ.കെ അബ്ദുല്‍ സമദ്, നിജേഷ് അരവിന്ദ്, എം. ഋഷികേശന്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ നജീബ് കാന്തപുരം, വിദ്യ ബാലകൃഷ്ണന്‍, സാജിദ് നടുവണൂര്‍, സത്യന്‍ കടിയങ്ങാട്, സി.വി ജിതേഷ്, മൂസ കോത്തംബ്ര, ഐ.പി രാജേഷ്, നിസാര്‍ ചേലേരി, സാജിദ് കോറോത്ത്, സിജി കൊട്ടാരത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ 8.30 ന് ചെറുവറ്റയില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7.30ന് കമ്പിവളപ്പില്‍ സമാപിക്കും. സമാപന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ഹാജി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."