കുരുന്നുകള്‍ക്കായി ഗ്രീഷ്‌മോത്സവം
ആലപ്പുഴ: 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന ശുചിത്വമിഷന്റെ നയം നടപ്പാക്കുന്നതിന് മുന്‍തൂക്കം നല്‍കി ഗ്രാമപഞ്ചായത്തുകള്‍ തോറും സ്‌കൂള്‍ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് ചക്ക-മാങ്ങ,തേങ്ങ ഗ്രീഷ്‌മോത്സവം സംഘടിപ്പിക്കുന്നു.
ത്രിദിന ക്യാംപുകള്‍, സന്ദേശ റാലികള്‍, ചര്‍ച്ചാ വേദികള്‍ ഭവനസന്ദര്‍ശനം എന്നിവയാണിതിനൊപ്പം നടത്തുക. കുട്ടികളോടൊത്തു കൂടാം, വൃത്തിയുള്ള ലോകം ഒരുക്കാം, നിങ്ങളും കൂടുന്നോ എന്ന ആഹ്വാനത്തോടെ ഗ്രീഷ്‌മോത്സവത്തിനായുള്ള ജില്ലാതല പരിശീലനകളരി ജില്ലാ പഞ്ചായത്ത്ഹാളില്‍ നടത്തി.
പൂര്‍ണ്ണമായും സൗജന്യമായ ക്യാംപിന്റെ ആദ്യദിനം മാങ്ങയ്ക്കും, രണ്ടാം ദിനം തേങ്ങയ്ക്കും, മൂന്നാം ദിനം ചക്കയ്ക്കുമായി സമര്‍പ്പിക്കും. പ്രാദേശികമായി ലഭിക്കുന്ന വിഷമില്ലാത്ത പ്രകൃതിദത്ത ഭക്ഷണമാകും ക്യാമ്പിന്റെ പ്രത്യേകത. വീട്ടിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും ഇല്ലാതാക്കുന്നതിനും ക്യാമ്പില്‍ പരിശീലനം നല്‍കും.
എല്ലാ പഞ്ചായത്തിലും രണ്ടില്‍ കുറയാത്തതും നഗരപ്രദേശങ്ങളില്‍ പത്തു ഡിവിഷനില്‍ ഒന്നില്‍ കുറയാത്തത് എന്ന രീതിയില്‍ ക്യാമ്പ് നടത്തും. അമ്പത് കുട്ടികളില്‍ കുറയാത്തതാകും ക്യാമ്പ്. ആറാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. എയ്ഡഡ്, അണ്‍ എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയം എന്നീവിടങ്ങളില്‍ നിന്നുള്ളവരാകും ക്യാമ്പംഗങ്ങള്‍.
ആദ്യദിവസം മാമ്പഴപ്രദര്‍ശനവും മത്സരവും മാവില്‍ കയറലും നടത്തുന്നതിനൊപ്പം മാലിന്യകൂമ്പാരത്തിന്റെ അപകടങ്ങളിലേക്കു കൂടി അവരുടെ ശ്രദ്ധ തിരിക്കും. ഇതുമായി ബന്ധപ്പെട്ട യാത്രയും നടത്തും. രണ്ടാം ദിവസം കുട്ടികളെ ഇളനീര്‍ നല്കിയാവും സ്വീകരിക്കുക. പാഴ്‌വസ്തുക്കളുടെ പുനരുപയോഗ പരിശീലനമാണ് പ്രധാനം. ഉച്ചയ്ക്ക് ശേഷം ലഘുചിത്ര പ്രദര്‍ശനങ്ങളില്‍ കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളേയും ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും പങ്കെടുപ്പിക്കും.
വരിക്കച്ചക്ക നല്കിയാണ് മൂന്നാം ദിനം സ്വീകരണം. സൗഹൃദ കൂട്ടായ്മകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ തങ്ങളുടെ അറിവുകള്‍ അവരുമായി പങ്കുവയ്ക്കും. തിരികെ ക്യാമ്പിലെത്തിയശേഷം നാടന്‍കളികള്‍, കലാപരിപാടികള്‍ എന്നിവയോടെ ഗ്രീഷ്‌മോത്സവത്തിന് കൊടിയിറങ്ങും. ഗ്രീഷ്‌മോത്സവത്തിന്റെ പരിശീലന കളരി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സമിതി അധ്യക്ഷന്‍ അഡ്വ. മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജമീല പുരുഷോത്തമന്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ലോറന്‍സ്, വിവിധ വകുപ്പു മേധാവികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."