അഖണ്ഡ ഭാരതത്തിലെ അക്‌സായിച്ചിന്‍
മോദിയുടെ അഖണ്ഡഭാരത സങ്കല്‍പത്തില്‍ അക്‌സായിച്ചിന്‍ ഉണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ സംഘ്പരിവാര്‍ സര്‍ക്കാരിനു താല്‍പര്യമുണ്ടാകില്ല. കശ്മിരിന്റെ കിഴക്കുഭാഗത്ത് ലഡാക്കിന്റെ ഭാഗമായ അക്‌സായിച്ചിന്‍ 1962ലെ യുദ്ധത്തില്‍ ചൈന പിടിച്ചെടുക്കുകയായിരുന്നു. ഇപ്പോഴും ചൈനയാണ് ഈ പ്രദേശം കൈയാളുന്നത്. ഇതിനു പിന്നാലെയാണ് ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളെന്ന ചൈനീസ് അതിര്‍ത്തിക്കുള്ളിലുള്ള മറ്റൊരു നിയന്ത്രണരേഖ വന്നത്. പാക്ക് അധീന കശ്മിര്‍ പോലെ അക്‌സായിച്ചിന്‍ എവിടെയും കടന്നുവരാറില്ല എന്നതാണു സത്യം. അല്ലെങ്കിലും ശക്തിയുള്ള ശത്രുവിനോട് കളിക്കുന്നത് ഇഷ്ടമല്ലല്ലോ. ലഡാക്കില്‍ അടുത്തിടെ 60 ചതുരശ്ര കിലോമീറ്ററാണ് ഇന്ത്യയുടെ ഭൂമി ചൈന കൈയേറിയത്. ഇതിനിടെ കാലാപാനി, ലിപുലേഖ്, ലിംപിയാദുറ എന്നീ ഇന്ത്യന്‍ പ്രദേശങ്ങള്‍ നേപ്പാളിലുള്‍പ്പെടുത്തി മാപ്പ് വരയ്ക്കുകയും നേപ്പാള്‍ പാര്‍ലമെന്റ് അതിന് അംഗീകാരം നല്‍കുകയും ചെയ്തതോടെ കാര്യങ്ങള്‍ ഗുരുതരമായി.
1816ലെ റോയല്‍ നേപ്പാള്‍ സര്‍ക്കാരും ബ്രിട്ടീഷുകാരും തമ്മിലുള്ള സുഗൗലി ഉടമ്പടി അനുസരിച്ചാണ് നേപ്പാളും ബ്രിട്ടീഷ് ഇന്ത്യയും തമ്മിലുള്ള അതിരുകള്‍ നിര്‍ണയിക്കപ്പെട്ടത്. ഇതുപ്രകാരം മഹാകാളി നദിയുടെ കിഴക്കുവശത്തെ പ്രദേശങ്ങള്‍ നേപ്പാളിന്റെ കീഴിലും പടിഞ്ഞാറുവശം ഇന്ത്യയുടെ അടുത്തുമായി. എന്നാല്‍ ഇപ്പോള്‍ മഹാകാളി നദിയുടെ ഉത്ഭവത്തെ അടിസ്ഥാനമാക്കിയാണ് തര്‍ക്കം. 1817ല്‍ ടിങ്കര്‍, ചാങ്കുരു, നബി, കുതി എന്നീ ഗ്രാമങ്ങള്‍ തങ്ങളുടേതാണെന്ന് നേപ്പാള്‍ അവകാശപ്പെട്ടു. ഇതില്‍ ടിങ്കറും ചാങ്കുരുവും നേപ്പാളിനു ലഭിച്ചെങ്കിലും ബാക്കിയുള്ള രണ്ടു ഗ്രാമങ്ങള്‍ ഇന്ത്യ വിട്ടുനല്‍കിയില്ല. അന്നുമുതല്‍ പലരീതിയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മൂന്നു ഭാഗങ്ങളും ഇന്ത്യ പൊതിഞ്ഞിരിക്കുന്ന നേപ്പാള്‍ ഇന്ത്യയുടെ അഞ്ചു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. 2008ലെ മാവോയിസ്റ്റ് വിപ്ലവത്തിനു ശേഷം ചൈനയുമായാണ് നേപ്പാളിനു കൂട്ട്. അതുകൊണ്ടുതന്നെ ചൈനയുടെ കൈയേറ്റവും നേപ്പാളിന്റെ ധൈര്യവും പരസ്പര പൂരകങ്ങളാണ്. ചൈനയുമായുള്ള യുദ്ധത്തിനു ശേഷം ഇന്ത്യ നിരീക്ഷണം ശക്തമാക്കിയ പ്രദേശങ്ങളാണ് നേപ്പാള്‍ തങ്ങളുടേതെന്ന് അവകാശപ്പെട്ടിരിക്കുന്നത്.
ലോകത്തെ ഏക ഹിന്ദുരാജ്യമായിരുന്ന നേപ്പാളിനെ സാമന്തര രാഷ്ട്രമായാണ് എക്കാലത്തും ഇന്ത്യ കണ്ടിരുന്നത്. എന്നാല്‍ ഇന്ത്യയുടെ മേല്‍ക്കോയ്മ അംഗീകരിക്കാന്‍ അവര്‍ തയാറായിരുന്നില്ല. 2008ലെ ജനാധിപത്യ വിപ്ലവത്തിനു ശേഷം നേപ്പാള്‍ ഹിന്ദുരാജ്യമല്ലാതായി. സാര്‍ക്ക് മേഖലയില്‍ ഇന്ത്യ ലോകപൊലിസ് കളിക്കുന്നുവെന്നും തങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നുവെന്നുമുള്ള ആക്ഷേപം നേപ്പാള്‍ പലപ്പോഴായി പരസ്യമായി ഉന്നയിച്ചു. എന്നാല്‍ ചിലതില്‍ വസ്തുതയുമുണ്ടായിരുന്നു. 2001ല്‍ ലോകേന്ദ്ര ബഹദൂര്‍ ചന്ദിനെയും സൂര്യ ബഹദൂര്‍ താപ്പയെയും ഒഴിവാക്കി ഷേര്‍ ബഹദൂര്‍ ദുബെയെ ജ്ഞാനേന്ദ്ര പ്രധാനമന്ത്രിയാക്കിയത് അയാള്‍ ഇന്ത്യയ്ക്ക് സ്വീകാര്യനായതു കൊണ്ട് മാത്രമായിരുന്നു.
മാവോയിസ്റ്റ് വിപ്ലവത്തിന്റെ ഘട്ടത്തിലൊരിക്കലും ജനാധിപത്യമെന്ന നേപ്പാള്‍ ജനതയുടെ ആവശ്യത്തെ ഇന്ത്യ അനുകൂലിച്ചില്ലെന്നു മാത്രമല്ല, ജ്ഞാനേന്ദ്രയ്ക്ക് വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ ആയുധങ്ങള്‍ നല്‍കുകയും ചെയ്തു. പക്ഷേ, കാര്യങ്ങള്‍ പിടിവിട്ടുപോയത് 2008 ഏപ്രിലിലെ തെരഞ്ഞെടുപ്പ് ഫലത്തോടെയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാവോയിസ്റ്റുകള്‍ വന്നു. പിന്നാലെ ഇന്ത്യയുടെ ഇടപെടലുകള്‍ക്കെതിരേ എതിര്‍പ്പുമുണ്ടായി. രാജഭരണം തിരികെക്കൊണ്ടുവരാന്‍ ഇന്ത്യയിലെ ഹിന്ദുത്വ സംഘടനകള്‍ രഹസ്യനീക്കം നടത്തുന്നുവെന്ന് നേപ്പാള്‍ ആരോപിച്ചു. അക്കാലത്തുണ്ടായ സ്‌ഫോടനങ്ങളുടെ പേരില്‍ നേപ്പാള്‍ സര്‍ക്കാര്‍ വിരല്‍ചൂണ്ടിയത് ആര്‍.എസ്.എസിനെയായിരുന്നു.
വിപ്ലവാനന്തരം പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷം നേപ്പാളില്‍ ആദ്യ ഭരണപ്രതിസന്ധിയുണ്ടായപ്പോഴും ഇന്ത്യയായിരുന്നു പ്രതിസ്ഥാനത്ത്. ഇന്ത്യന്‍ ഡിഫന്‍സ് അക്കാദമിയില്‍നിന്ന് ബിരുദമെടുക്കുകയും രാജാവിന്റെ ആശ്രിതനുമായിരുന്ന നേപ്പാള്‍ സൈനിക ജനറല്‍ റൂക്മാന്‍ഗദ് കട്‌വാള്‍ പ്രധാനമന്ത്രി പുഷ്പകമാല്‍ ദാഹല്‍ എന്ന പ്രചണ്ഡയുടെ ഉത്തരവുകളെ ചവറ്റുകൊട്ടയിലിടുകയും ഡല്‍ഹിയിലെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തതായിരുന്നു പ്രശ്‌നം. രാജഭരണം തിരികെക്കൊണ്ടുവരാന്‍ കട്‌വാളിനു താല്‍പര്യമുണ്ടായിരുന്നു. കട്‌വാളിനെ മാറ്റാനുള്ള കാബിനറ്റ് തീരുമാനത്തെ നേപ്പാളിലെ സഖ്യകക്ഷികളായ യുനൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റും നേപ്പാളി കോണ്‍ഗ്രസും ഇന്ത്യയുടെ സമ്മര്‍ദത്തിനു വഴങ്ങി എതിര്‍ത്തു. പക്ഷേ, പ്രചണ്ഡ സൈനികമേധാവിയെ നീക്കി. വിപ്ലവകാലത്ത് തൂലികാനാമത്തില്‍ രാജഭരണത്തിന് അനുകൂലമായി കാഠ്മണ്ഡു പ്രസില്‍ ലേഖനമെഴുതിയിരുന്നു കട്‌വാള്‍. ജനാധിപത്യത്തേക്കാള്‍ സ്വേച്ഛാധിപത്യമാണ് നല്ലെതെന്നായിരുന്നു കട്‌വാളിന്റെ നിലപാട്.
നിയന്ത്രണ രേഖയിലെ കൈയേറ്റത്തിന്റെ പേരിലോ നേപ്പാളിനുള്ള പിന്തുണയുടെ പേരിലോ മാത്രമല്ല ചൈനയെ ഇന്ത്യ പേടിക്കേണ്ടത്. ഇന്ത്യയെ വളഞ്ഞുനില്‍ക്കുന്ന ചൈനീസ് സൈനികസാന്നിധ്യത്തിന്റെ പേരില്‍ക്കൂടിയാണ്. ഇന്ത്യന്‍ ഉള്‍ക്കടലില്‍ ചൈനയ്ക്ക് ശക്തമായ സൈനികസാന്നിധ്യമുണ്ട്. ഇതിനായി ജിബൂട്ടിയിലെ സൈനികകേന്ദ്രം അടുത്തിടെയാണ് നവീകരിച്ചത്. വലിയൊരു സൈനികാക്രമണത്തെ സഹായിക്കാന്‍ കഴിയുന്ന സജ്ജീകരണങ്ങളുള്ളതാണ് ആസ്ഥാനം. 10,000 സൈനികരെ ഇവിടെ ഉള്‍ക്കൊള്ളാനാവും. വലിയ വിമാനവാഹിനിക്കപ്പലുകള്‍ക്ക് അടുക്കാന്‍ കഴിയുന്ന തുറമുഖമാക്കി അതിനെ മാറ്റിയിട്ടുണ്ട്. മുങ്ങിക്കപ്പലുകള്‍, ഹൈലികോപ്റ്ററുകള്‍, മുങ്ങിക്കപ്പലുകളെ തടയാനുള്ള ആയുധങ്ങള്‍ തുടങ്ങിയവ അവിടെയുണ്ട്. മാലദ്വീപിലെ കൃത്രിമ ദ്വീപ് ചൈനയ്ക്കു സൈനികകേന്ദ്രമാക്കി മാറ്റാന്‍ കഴിയുംവിധത്തിലുള്ളതാണ്. പാകിസ്താനിലെ ഗ്വദ്ദാര്‍ തുറമുഖം സൈനിക താവളമാക്കി വികസിപ്പിക്കാനും ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ നാവിക ആസ്ഥാനം നിര്‍മിക്കാനും സഹായം ചെയ്യുന്നത് ചൈനയാണ്.
പത്തു വര്‍ഷം മുന്‍പാണ് ചൈന സോമാലിയന്‍ തീരത്ത് കടല്‍ക്കൊള്ള തടയാന്‍ നാവികസേനയെ വിന്യസിച്ചത്. ഇതിപ്പോള്‍ രാജ്യങ്ങളെ ആക്രമണങ്ങളില്‍ സഹായിക്കാന്‍ കഴിയുന്ന ശക്തമായ സൈനിക സന്നാഹമായി മാറ്റിയിട്ടുണ്ട്. ചൈനയെ നേരിടാന്‍ ആന്‍ഡമാന്‍ ദ്വീപുകളില്‍ സൈനികസന്നാഹം വര്‍ധിപ്പിക്കാനും തന്ത്രപ്രധാന മേഖലയാക്കി മാറ്റാനുമാണ് രാജ്യത്തിന്റെ ശ്രമം. ഈ മേഖലയില്‍ ചൈനയുടെ നിയന്ത്രണം കുറയുമെങ്കിലും മറ്റിടങ്ങളില്‍ കടന്നുകയറാന്‍ പ്രയാസമുണ്ടാകില്ല. പാകിസ്താന്‍, ബംഗ്ലാദേശ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലെ തങ്ങളുടെ സൈനിക സൗകര്യങ്ങള്‍വച്ച് ചൈനയ്ക്ക് അവിടെയും മേല്‍ക്കൈ തുടരാനാകും. രാജ്യത്തെ പൊതിഞ്ഞുനില്‍ക്കുന്ന ഈ യാഥാര്‍ഥ്യങ്ങള്‍ക്കിടയില്‍ നിന്നാണ് നമുക്ക് സംഘ്പരിവാറിന്റെ അഖണ്ഡഭാരത വായ്ത്താരിയുടെ പരിഹാസ്യത കാണാനാവുക. അതിരുകളില്‍ കടന്നുകയറ്റം നടക്കുമ്പോഴും സര്‍ക്കാര്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് നോക്കുക. അവര്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാനുള്ള കുതിരക്കച്ചവടത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."