പൊന്നാനി നിലനിര്‍ത്താന്‍ കച്ചമുറുക്കി മുസ്‌ലിം ലീഗ്
മലപ്പുറം: സി.പി.എമ്മിന്റെ രാഷ്ട്രീയ കരുനീക്കങ്ങള്‍ മുന്നില്‍ കണ്ട് പൊന്നാനി ലോക്‌സഭാ മണ്ഡലം നിലനിര്‍ത്താന്‍ മുസ്‌ലിം ലീഗ് ഒരുക്കങ്ങള്‍ തുടങ്ങി. ലോക്‌സഭാ മണ്ഡലങ്ങളില്‍ നടത്തുന്ന പ്രചാരണ കണ്‍വന്‍ഷനുകള്‍ക്ക് ഇന്നലെ പൊന്നാനി മണ്ഡലത്തില്‍ ലീഗ് തുടക്കം കുറിച്ചു. അടിത്തട്ടു മുതലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.
കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളിലായി ഈ മണ്ഡലത്തില്‍ യു.ഡി.എഫ് വോട്ടുകളില്‍ സംഭവിച്ച ചോര്‍ച്ച മുതലാക്കാനാകുമെന്ന പ്രതീക്ഷയില്‍ ഏതുവിധേനയും മണ്ഡലം പിടിച്ചെടുക്കാന്‍ സി.പി.എം കരുനീക്കം ആരംഭിച്ചിട്ടുണ്ട്. ഇതിനെ മറികടക്കുക എന്ന ലക്ഷ്യത്തോടെ താഴേത്തട്ടുമുതല്‍ പ്രവര്‍ത്തകരെ ഊര്‍ജസ്വലതയോടെ രംഗത്തിറക്കാനുള്ള ശ്രമത്തിലാണ് ലീഗ്. ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ക്കു മുന്‍പുതന്നെ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാകുമെന്ന് ഉറപ്പായി.
പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ ഘടനയില്‍ മാറ്റംവന്നതിനു ശേഷം 2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായി പി.ഡി.പി പിന്തുണയോടെ ഹുസൈന്‍ രണ്ടത്താണിയെ സ്ഥാനാര്‍ഥിയാക്കി എല്‍.ഡി.എഫ് കടുത്ത മത്സരം കാഴ്ചവച്ചെങ്കിലും 80,000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ലീഗ് സ്ഥാനാര്‍ഥി ഇ.ടി.മുഹമ്മദ് ബഷീര്‍ വിജയിക്കുകയായിരുന്നു. 2014ല്‍ അതിനെക്കാള്‍ കടുത്ത മത്സരമാണ് ഇടതുമുന്നണിയില്‍ നിന്ന് യു.ഡി.എഫിന് നേരിടേണ്ടി വന്നത്. കോണ്‍ഗ്രസ് വിമതന്‍ വി.അബ്ദുറഹിമാനെ സ്വതന്ത്രനായി എല്‍.ഡി.എഫ് രംഗത്തിറക്കി നടത്തിയ മത്സരത്തില്‍ ഇ.ടി തന്നെ ജയിച്ചെങ്കിലും ഭൂരിപക്ഷം 25,410 ആയി കുറഞ്ഞു.
പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലങ്ങളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അതിനെക്കാള്‍ കടുത്ത പോരാട്ടത്തെയാണ് നേരിടേണ്ടിവന്നത്. പൊന്നാനി, തിരൂരങ്ങാടി, താനൂര്‍, കോട്ടക്കല്‍, തിരൂര്‍, തവനൂര്‍, തൃത്താല നിയമസഭാ മണ്ഡലങ്ങളാണ് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലുള്ളത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി, തവനൂര്‍, താനൂര്‍ മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനൊപ്പം നിന്നു. മറ്റു നാല് നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ് വിജയിച്ചെങ്കിലും ലോക്‌സഭാ മണ്ഡലപരിധിയില്‍ മൊത്തം ലഭിച്ച ഭൂരിപക്ഷം 1,071 വോട്ടുകള്‍ മാത്രമാണ്. 2014ല്‍ ഇ.ടി 6,433 വോട്ടിനു പിറകില്‍ പോയ തൃത്താലയില്‍ 2016ല്‍ വി.ടി.ബല്‍റാം 10,547 വോട്ടിന്റെ ഭൂരിപക്ഷം നേടിയതുകൊണ്ടു മാത്രമാണ് യു.ഡി.എഫിന് ഈ മുന്‍തൂക്കം സാധ്യമായത്.
ഈ കണക്കുകളാണ് പൊന്നാനിയില്‍ എല്‍.ഡി.എഫിന് പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ ആ പ്രതീക്ഷ അസ്ഥാനത്താണെന്ന് മുസ്‌ലിംലീഗ് നേതാക്കള്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ വിഷയങ്ങളല്ല ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും നിലവിലെ ദേശീയ സാഹചര്യം ഇവിടെ യു.ഡി.എഫിന് തുണയാകുമെന്നുമാണ് അവരുടെ വിലയിരുത്തല്‍. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് സി.പി.എം നേരത്തെ തന്നെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടിട്ടുണ്ട്. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് ഓരോ നിയമസഭാ മണ്ഡലത്തിന്റെയും ചുമതല നല്‍കിയിട്ടുണ്ട്.
ബൂത്ത് കമ്മിറ്റികളുടെ ചുമതല ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കോ ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കോ ആണ്. ഇതേ തരത്തില്‍ തന്നെ അടിത്തട്ടു മുതല്‍ പാര്‍ട്ടി ഘടകങ്ങളുടെ ചുമതല പ്രധാനപ്പെട്ട ജില്ലാ, പ്രാദേശിക നേതാക്കള്‍ക്കു നല്‍കി പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് ലീഗിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."