പാതയുടെ പ്രവൃത്തിയില്‍ കൃത്രിമം; നാട്ടുകാര്‍ പരാതി നല്കി
ബോവിക്കാനം: റോഡ് റീ ടാറിങ് പ്രവൃത്തിയില്‍ കൃത്രിമം നടത്തിയതായി ആരോപിച്ച് നാട്ടുകാര്‍ വിജിലന്‍സിന് പരാതി നല്കി. മുളിയാര്‍ പഞ്ചായത്തിലെ എട്ടാംമൈല്‍ ബാലനടുക്കം പാത റീ ടാറിങ് പ്രവര്‍ത്തിയിലാണ് കൃത്രിമം നടത്തിയെന്ന ആരോപണം ഉയര്‍ന്നത്. നൂറുമീറ്റര്‍ റോഡ് റീ ടാറിങ് നടത്താനായി ഒരു ലക്ഷം രൂപയാണ് പഞ്ചായത്ത് അനുവദിച്ചത്. എന്നാല്‍ ആവശ്യമായ രീതിയില്‍ ടാറും ജില്ലിയും ഉപയോഗിക്കാതെ രാത്രിയിലാണ് പ്രവര്‍ത്തി നടത്തിയത്. ഇവിടെത്തെ റോഡ് പ്രവര്‍ത്തിക്കായി ഇറക്കിയ ടാറും ജില്ലിയും പകുതിയിലേറെയും തിരിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ടാറിങ് നടത്തി ഒരു ദിവസം കഴിയുമ്പോഴേക്കും റോഡിന്റെ പലയിടങ്ങളില്‍നിന്ന് ജില്ലികള്‍ ഇളകി വരുന്ന അവസ്ഥയിലാണ്. ശരിയായ രീതിയില്‍ ടാര്‍ ചെയ്യാതെ മാര്‍ച്ച് കഴിയും മുന്‍പെ പണം എഴുതിയെടുക്കാന്‍ കരാറുകാരന് ശ്രമം നടത്തുകയാണെന്നും എസ്റ്റിമേറ്റ് പ്രകാരം ടാറിങ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."