ഗുണനിലവാരമില്ലാത്ത ശീതള പാനീയങ്ങളുടെ വില്പന വ്യാപകം
കുന്നുംകൈ: കത്തിക്കാളുന്ന വെയിലില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗുണനിലവാരമില്ലാത്ത ശീതള പാനീയങ്ങള്‍ വ്യാപകമാകുന്നതായി പരാതി. വന്‍കിട ബ്രാന്‍ഡ് കമ്പനികളുടെ ശീതളപാനീയ ഉല്പന്നങ്ങള് ഉപയോഗിച്ചശേഷം ഉപേക്ഷിച്ച കുപ്പികള്‍ ശേഖരിച്ച് ഇവയില്‍ വീണ്ടും ശീതളപാനീയങ്ങള്‍ നിറച്ച് വില്പന ചെയ്യുന്ന സംഘങ്ങള്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നു.
ഒഴിഞ്ഞ കുപ്പികളും ശുദ്ധീകരിക്കാത്ത വെള്ളവും എസന്‍സും ചേര്‍ത്ത് കമ്പനി ഉല്പന്നമാണെന്ന് ഉപഭോക്താവിനെ തെറ്റിധരിപ്പിച്ചാണ് ഇവ ചെറുകിട ശീതള പാനീയകടകളില്നിന്ന് വിറ്റഴിക്കുന്നത്. നഗരത്തിലെ ചെറുകിട കച്ചവടക്കാര്‍ക്ക് വലിയ തുക കമ്മിഷന് നല്‍കിയാണ് വ്യാജന്മാര് വിലസുന്നത്.
നഗരത്തിലെ ചില ശീതളപാനീയ വില്പനശാലകളിലും ബസ് സ്റ്റാന്‍ഡുകളിലും ആശുപത്രി പരിസരത്തും സ്കൂളുകള്‍ കേന്ദ്രീകരിച്ചും മറ്റുമാണ് ഇവയുടെ വില്പന പ്രധാനമായും നടക്കുന്നതെന്നാണ് ആരോപണം.
ഫ്രൂട്ട് ജ്യൂസ് വില്പന കേന്ദ്രങ്ങളില്‍ പഴങ്ങള്‍ക്ക് പകരം എസന്‍സ് ചേര്‍ത്ത് നിലവാരം കുറഞ്ഞ പഴവര്‍ഗങ്ങള്‍ ഗ്ലാസുകളില്‍ നിറച്ച് കബളിപ്പിക്കുന്നത് വ്യാപകമായിട്ടുണ്ട്. തണ്ണിമത്തനിലും രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പ് വരുത്തിയാണ് വില്ക്കുന്നതെന്ന ആക്ഷേപവുമുണ്ട്.
വിവിധ ഫ്രൂട്ടുകളും കഷണങ്ങളായി മുറിച്ചു രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍ക്കുന്നതും വ്യാപകമാകുന്നു. ഇത്തരം ഉല്പന്നങ്ങള് വാങ്ങുന്നവര്‍ അധികവും വിദ്യാര്‍ഥികളാണ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കാണ് ഇത് കാരണമാകുന്നത്. ജില്ലയില്‍ വ്യാജ ശീതള പാനീയങ്ങള്‍ പെരുകുമ്പോഴും ആരോഗ്യവിഭാഗത്തിന് അനക്കമില്ലെന്നും ഇതുവരെ പരിശോധനകള്‍ നടത്താന്‍ തയാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
അതേസമയം,ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത വഴിയോരത്തുള്ള ശീതളപാനീയ വില്പന കേന്ദ്രങ്ങളിലും ജ്യൂസ് പാര്‍ലറുകളിലും പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.
കുറ്റകരമായ അനാസ്ഥ കണ്ടാല്‍ അവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ച പരാതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തെയോ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയോ ആരോഗ്യവകുപ്പിനെയോ അറിയിക്കാവുന്നതാണന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."