ചാര്‍ട്ടേഡ് വിമാന നിബന്ധന: സര്‍ക്കാര്‍ നടപ്പാക്കാവുന്നതേ പറയാവൂ
പ്രവാസികള്‍ക്ക് സര്‍ക്കാരിന്റെ ക്വാറന്റൈന്‍ നിഷേധിച്ചതിനു പിന്നാലെ അവര്‍ക്ക് മറ്റൊരു കനത്ത പ്രഹരവുംകൂടി നല്‍കിയിരിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍നിന്നു മടങ്ങുന്ന പ്രവാസികള്‍ ചാര്‍ട്ടേഡ് വിമാനത്തിലാണ് വരുന്നതെങ്കില്‍ അവര്‍ കൊവിഡ് ഇല്ല എന്ന സര്‍ട്ടിഫിക്കറ്റുംകൂടി കരുതണമെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്. രോഗമുള്ളവരാണെങ്കില്‍ നാട്ടിലേക്കു വരേണ്ടെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.
ജൂണ്‍ 20 മുതല്‍ സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമാക്കുമെന്ന് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ ഉത്തരവിനെതിരേ സ്വദേശത്തും വിദേശത്തും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും സര്‍ക്കാര്‍ തീരുമാനത്തില്‍നിന്ന് പിന്തിരിയുന്ന ലക്ഷണമല്ല കാണുന്നത്. തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന പ്രസ്താവനയാണ് ഇന്നലെ ആരോഗ്യമന്ത്രി കെ.കെ ശൈലജയില്‍ നിന്ന് ഉണ്ടായത്. രോഗവ്യാപനം തടയാനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് അവരുടെ ന്യായീകരണം. ചാര്‍ട്ടേഡ് വിമാനത്തില്‍ വരാന്‍ തയാറാകുന്നവരുടെ കൊവിഡ് പരിശോധനയ്ക്ക് പ്രവാസി സന്നദ്ധസംഘടനകള്‍ സഹകരിക്കണമെന്നും അവര്‍ പറയുന്നുണ്ട്. വിമാനത്തില്‍ കൊവിഡ് രോഗികള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് അതു പകരും. വിദേശങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍നിന്ന് ഒരാള്‍ മാത്രമാണ് വരുന്നതെങ്കില്‍ അയാള്‍ വിമാനത്തിലെ മുഴുവന്‍ യാത്രക്കാര്‍ക്കും രോഗം പകര്‍ത്തും. ഒരാള്‍ കാരണം മറ്റുള്ളവര്‍ ഗതികേടിലാകേണ്ടതുണ്ടോ? യാത്രക്കാരില്‍ കുട്ടികളും ഗര്‍ഭിണികളും വയോധികരും ഉണ്ടാകാം. അവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നുമൊക്കെയാണ് സര്‍ക്കാരിന്റെ ഭാഗം ന്യായീകരിക്കാന്‍ മന്ത്രിയുടെ വാദം. എന്നാല്‍, നാളത്തെ പ്രധാനമന്ത്രിയുടെ അവലോകന യോഗത്തിനു ശേഷമായിരിക്കും അന്തിമതീരുമാനമെന്നും അവര്‍ പറഞ്ഞുവച്ചിട്ടുണ്ട്.
എന്നാല്‍, ഇത്തരം സാഹചര്യങ്ങളെ മുന്‍കൂട്ടി കാണാതെയായിരുന്നോ വരുന്ന പ്രവാസികള്‍ക്കെല്ലാം സൗകര്യപ്രദമായ ക്വാറന്റൈന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വിളംബരപ്പെടുത്തിയത്. രണ്ടു ലക്ഷം പ്രവാസികള്‍ വന്നാലും അവര്‍ക്കാവശ്യമായ നിരീക്ഷണ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അതിനായി സംസ്ഥാനത്തെ ഹോട്ടലുകളും ഓഡിറ്റോറിയങ്ങളും സ്വകാര്യ കെട്ടിടങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും പറഞ്ഞിരുന്നത്. എല്ലാം സൗജന്യമായിട്ടാണെന്നും സര്‍ക്കാര്‍ ഉറപ്പുകൊടുത്തിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ വ്യത്യസ്ത നിലപാടായിരുന്നു ആദ്യം മുതല്‍ എടുത്തിരുന്നത്. ഇറ്റലി, യൂറോപ്പ്, ചൈന എന്നിവിടങ്ങളില്‍നിന്ന് വരുന്നവര്‍ കൊവിഡില്ലെന്നു തെളിയിക്കുന്ന സാക്ഷ്യപത്രം കൈയില്‍ കരുതണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയപ്പോള്‍, അതിനെതിരേ ഉറഞ്ഞുതുള്ളി സംസ്ഥാന സര്‍ക്കാര്‍. മാത്രമല്ല, ഇതില്‍ പ്രതിഷേധിച്ച് കേരള നിയമസഭ മാര്‍ച്ച് 12നു പ്രമേയം പാസാക്കുകയും ചെയ്തു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ പ്രധാനമായും പറഞ്ഞിരുന്നത് വിദേശ രാജ്യങ്ങളിലും വിമാനത്താവളങ്ങളിലും കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് കൊവിഡ് 19 രോഗമില്ലെന്ന സാക്ഷ്യപത്രം സംഘടിപ്പിക്കുക എന്നത് ദുഷ്‌കരമാണെന്നും അത്തരം സാഹചര്യങ്ങളിലല്ല ഇപ്പോള്‍ ആ രാജ്യങ്ങളെന്നുമായിരുന്നു. പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ അതേ ഉത്തരവാണിപ്പോള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. എന്തൊരു വിചിത്രമായ നിലപാടുകള്‍!. നേരത്തെ സൗജന്യ ക്വാറന്റൈന്‍ വാഗ്ദാനം ചെയ്ത സര്‍ക്കാരാണ് പ്രവാസികള്‍ പതിനായിരത്തിനു താഴെ എത്തിയപ്പോഴേക്കും സൗജന്യ ക്വാറന്റൈനിനു പൂട്ടിട്ടത്.
യാതൊരു പഠനവും മുന്നൊരുക്കവും കൂടാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവാസികള്‍ക്ക് ഓരോരോ വാഗ്ദാനങ്ങള്‍ നല്‍കി അവരെ മോഹിപ്പിച്ചതെന്ന് ഇപ്പോള്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ജോലി നഷ്ടപ്പെട്ടവരും വിസ റദ്ദായിപ്പോയവരും ചെയ്തജോലിക്കു മതിയായ കൂലി കിട്ടാത്തവരുമാണ് മടങ്ങുന്ന പ്രവാസികളില്‍ ഏറെയും. സന്നദ്ധസംഘടനകളുടെ കഠിനാധ്വാനത്തിലാണ് ഇവര്‍ സംസ്ഥാനത്തേക്ക് മടങ്ങുന്നത്. സന്നദ്ധസംഘടനകള്‍ തന്നെ കൊവിഡ് ഇല്ലെന്ന സാക്ഷ്യപത്രം തയാറാക്കാന്‍ സഹകരിക്കണമെന്നു പറയാന്‍ ആരോഗ്യമന്ത്രിക്ക് അശേഷം ലജ്ജ തോന്നിയില്ല. സന്നദ്ധസംഘടനകള്‍ക്കെല്ലാം കോടികളുടെ ആസ്തിയുണ്ടെന്നാണോ മന്ത്രി ധരിച്ചുവച്ചിരിക്കുന്നത്. ഒരു കൊവിഡ് പരിശോധനയ്ക്ക് 30,000 രൂപയിലധികം വരും ഗള്‍ഫ് നാടുകളില്‍. പരിശോധനാ ഫലം കിട്ടണമെങ്കില്‍ ഒരാ ഴ്ചയോളം കാത്തിരിക്കേണ്ടിവരും. പിന്നെ എങ്ങനെയാണ് 48 മണിക്കൂര്‍ മുന്‍പ് പരിശോധിച്ച കൊവിഡ് സാക്ഷ്യപത്രം സമര്‍പ്പിക്കാന്‍ മടങ്ങുന്ന പ്രവാസികള്‍ക്കു കഴിയുക?.
ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ മടങ്ങുന്ന പ്രവാസികളുടെ മടക്കയാത്ര കഴിയുന്നത്ര മുടക്കുക എന്നതുതന്നെയാണ്. വന്ദേഭാരത് മിഷന്‍ വഴി മടങ്ങുന്നവര്‍ക്കൊന്നും ഇത്തരം കടമ്പകള്‍ ഇല്ല. സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് ഇവിടെ വ്യക്തമാകുന്നത്. മടങ്ങിക്കൊണ്ടിരിക്കുന്ന പ്രവാസികളില്‍ ചിലര്‍ക്ക് കൊവിഡ് ബാധയുണ്ടെന്നതാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിലെങ്കില്‍ ഇതേക്കുറിച്ചെല്ലാം നേരത്തെ പഠിക്കേണ്ടതായിരുന്നു. പ്രവാസികള്‍ക്ക് ഓരോ വാഗ്ദാനങ്ങള്‍ നല്‍കി ഇപ്പോള്‍ അതില്‍നിന്നെല്ലാം പിന്‍വാങ്ങുന്നത് സര്‍ക്കാരിനു ഭൂഷണമല്ല. നടപ്പാക്കാവുന്നതേ പറയാവൂ. പറയുന്നത് ആര്‍ജവത്തോടെ നടപ്പാക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."