സി.എം അബ്ദുല്ല മൗലവി വധം: അനിശ്ചിതകാല സമരം 170 ദിനം പിന്നിട്ടു
കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനായുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലയാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട്ട് നടന്നുവരുന്ന അനിശ്ചിതകാലസമരം 170 ദിനം പിന്നിട്ടു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായാണ് സമരം നടത്തിവരുന്നത്. ഒട്ടനവധി മതപണ്ഡിതരും സാമൂഹ്യ സാംസ്കാരിക നായകരും നേതാക്കളും പ്രവര്‍ത്തകരും സമര പന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു. പ്രതികളെ പിടികൂടും വരെ സമരം നടത്തുമെന്നും സമരം ശക്തമാക്കാനുള്ള തീരുമാനം കൈക്കൊണ്ടതായും സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. അഡ്വ. പി.എ പൗരന് ചെയര്‍മാനായി രൂപീകരിച്ച ജനകീയ അന്വേഷണ കമ്മിഷന്റെ തുടര്‍ നടപടികള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ആക്ഷന്‍ കമ്മിറ്റി വിപുലീകരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷനായി. സിദ്ദീഖ് നദവി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ സഅദി,സ ഈദ് ചേരൂര്‍, മുസ്തഫ ചെമ്മനാട്, ശരീഫ് ചെമ്പരിക്ക, അബ്ദുല്‍സലാം ചെമ്പിരിക്ക, അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ്കുഞ്ഞി കുന്നരിയത്ത്, അമ്പലത്തറ കുഞ്ഞികൃഷ്ണന്, ഇ. അബ്ദുല്ലക്കുഞ്ഞി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."