കൊവിഡ്: ഗള്‍ഫ് നാടുകളില്‍ മലയാളികളുടെ മരണം കൂടുന്നു
സ്വന്തം ലേഖകര്‍
ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം കൂടുന്നു. ഇരുപതു ദിവസത്തിനിടെ നൂറോളം മലയാളികളാണ് ഗള്‍ഫ് നാടുകളില്‍ കൊവിഡ് രോഗത്താല്‍ മരിച്ചത്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ മൊത്തം രോഗികളുടെ എണ്ണം കഴിഞ്ഞദിവസത്തെ കണക്കുപ്രകാരം 3,03,131 ആയി. 1,614 പേരാണ് മരിച്ചത്. അതേസമയം മരണം കൂടുന്നതിനിടെ പ്രവാസികള്‍ക്കിടയില്‍ ആശങ്കയും വിട്ടൊഴിയാത്ത സ്ഥിതിയാണ്. നാട്ടിലെത്താന്‍ വഴിയൊരുങ്ങാത്തതും ജോലി നഷ്ടപ്പെട്ടതുമെല്ലാം പ്രവാസികളെ തളര്‍ത്തുകയാണ്. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് യു.എ.ഇയിലാണ് മലയാളിയുടെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിക്കുന്നത്. രണ്ടര മാസത്തിനിടയില്‍ ഇരുന്നൂറോളം പേരാണ് മരിച്ചത്. മെയ് 22 മുതല്‍ കഴിഞ്ഞദിവസംവരെ നൂറോളം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
സഊദിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 66 മലയാളികളാണ്. ഇതു കൂടാതെ ഇത്രയും ആളുകള്‍ ഹൃദയാഘാതം മൂലവവും മറ്റു മാനസിക സംഘര്‍ഷങ്ങള്‍ മൂലവും മരിച്ചു. ജൂണ്‍ മാസത്തിലാണ് 25ഓളം കൊവിഡ് മരണങ്ങള്‍ ഉണ്ടായത്. മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം 40 മലയാളികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യക്കാരുടെ പൂര്‍ണമായ കണക്കുകള്‍ എംബസി പുറത്തുവിട്ടിട്ടില്ല. കൊവിഡ് അല്ലാതെയുള്ള മരണവും സഊദിയില്‍ കൂടുതലാണ്. കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 75 ശതമാനവും 40 വയസിനു മുകളിലുള്ളവരാണ്. ഖത്തറില്‍ ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട വിവരമനുസരിച്ച് 1,828 പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 78,346 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 55,252 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് ഖത്തറില്‍ രേഖപ്പെടുത്തിയത്. 70 പേര്‍ മരിച്ചു. ഇവരില്‍ ഏഴുപേര്‍ മലയാളികളാണ്. ഒമാനിലും മരണ നിരക്ക് കുറവു രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഏറെ ആശങ്കയോടെയാണ് പ്രവാസികള്‍ കഴിയുന്നത്. ഇതുവരെ മരിച്ച 96 പേരില്‍ ആറുപേര്‍ മലയാളികളാണ്. 0.5 ശതമാനമാണ് മരണ നിരക്ക്. കൊവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്ന 96 പേരാണ് ഇന്നലെ വരെയുള്ള കണക്ക് പ്രകാരം മരിച്ചത്.
അതേസമയം, തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെയും നഴ്‌സ്മാരുടെയും കുറവ് രോഗികളെ ദുരിതത്തിലാക്കുന്നുണ്ട്. 232 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചതും തിരിച്ചടിയായി. കുവൈത്തിലും ബഹ്‌റൈനിലും കുറഞ്ഞ മരണ നിരക്കാണുള്ളത്. ലഭ്യമായ വിവരമനുസരിച്ച് ബഹ്‌റൈനില്‍ രണ്ടു മലയാളികളാണ് മരിച്ചത്. കൊവിഡ് മരണങ്ങള്‍ പെരുകുന്നതിനാല്‍ ഗള്‍ഫ് നാടുകളിലെ പ്രവാസികള്‍ ആശങ്കയിലാണ്. ആകെ പതിനായിരത്തോളം ഇന്ത്യന്‍ പ്രവാസികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പ്രവാസികളോടുള്ള ക്രൂരമായ നടപടി
അവസാനിപ്പിക്കണം: എസ്.ഐ.സി
റിയാദ്: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന കേരള സര്‍ക്കാര്‍ നടപടി പ്രവാസികളോടുള്ള ക്രൂരമായ നടപടിയാണെന്നും അത് അവസാനിപ്പിക്കണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.
വന്ദേ ഭാരത് മിഷന്‍ വഴി വരുന്നവര്‍ക്ക് ഇല്ലാത്ത കൊവിഡ് രോഗ സാധ്യത എന്തടിസ്ഥാനത്തിലാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍കുണ്ടാകുകയെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. തീര്‍ത്തും വിവേചനപരവും നിരുത്തരവാദപരവുമായ സമീപനമാണ് കേരള സര്‍ക്കാരിന്റെത്. ജോലിയും കൂലിയുമില്ലാതെ കൊവിഡ് ഭീഷണിയില്‍ കഷ്ടപെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ എസ്.ഐ.സി ഉള്‍പ്പെടെയുള്ള പ്രവാസി സന്നദ്ധ സംഘടനകള്‍ മുന്നോട്ട് വരുമ്പോള്‍ സര്‍ക്കാരിന്റെ ഇത്തരം സമീപനങ്ങള്‍ പ്രവാസികളോടുള്ള വിരോധമാണ് പ്രകടമാക്കുന്നത്. സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിച്ചു ഉത്തരവ് പുറപ്പെടുവിക്കണം.
പ്രവാസികളെ ദ്രോഹിക്കുന്ന ഇത്തരം നീചമായ നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രവാസ സംഘടനകള്‍ മുന്നോട്ട് വരണമെന്നും എസ്.ഐ.സി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."