പെയ്ഡ് ന്യൂസ് കര്‍ശന നിരീക്ഷണത്തില്‍; എം.സി.എം.സി സജീവം
കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളിലെ പെയ്ഡ് ന്യൂസ് കര്‍ശന നിരീക്ഷണത്തില്‍. ഇതിനായി ആധുനിക സംവിധാനങ്ങളോടെയുള്ള നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കലക്ടറേറ്റില്‍ സജീവം. 15 ജീവനക്കാരെ ഗ്രൂപ്പുകളായി തിരിച്ച് വിവിധ മാധ്യമങ്ങളെ നിരീക്ഷിച്ചു വരുകയാണ്.
പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍, പ്രാദേശിക ചാനലുകള്‍ ഉള്‍പ്പെടെയുള്ള ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും പരസ്യങ്ങളും നിരീക്ഷണത്തിലാണ്.
ഫെയ്‌സ് ബുക്ക്, വാട്ട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം, മെസഞ്ചര്‍, യു ട്യൂബ്, ഓണ്‍ ലൈന്‍ ചാനലുകള്‍, ഓണ്‍ലൈന്‍ പത്രങ്ങള്‍, എഫ്.എം റേഡിയോകള്‍ തുടങ്ങി എല്ലാ മാധ്യമങ്ങളേയും നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി(എം.സി.എം.സി) ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ മുഖേന ചീഫ് ഇലക്ടറല്‍ ഓഫിസറുടെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെയും ശ്രദ്ധയില്‍പ്പെടുത്തും.
എം.സി.എം.സിയുടെ അനുമതിയില്ലാത്ത ഒരു പരസ്യവും ഒരു മാധ്യമത്തിലും പ്രസിദ്ധീകരിക്കാനോ സംപ്രേഷണം ചെയ്യാനോ പാടില്ല. പണം വാങ്ങി ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് അനുകൂലമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത്. ജാതിയുടേയോ മതത്തിന്റെയോ പേരില്‍ ഭിന്നിപ്പോ സംഘര്‍ഷങ്ങളോ ഉണ്ടാക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത്.
മീഡിയാസെന്ററില്‍ ചാനലുകളുടെ നിരീക്ഷണത്തിനായി നാല് ടെലിവിഷനും സാമൂഹിക മാധ്യമങ്ങളുടെ നിരീക്ഷണത്തിനായി അഞ്ച് കംപ്യൂട്ടറുകളും അത്യാധുനിക സ്മാര്‍ട്ട് ഫോണുകളും ഉപയോഗിക്കുന്നുണ്ട്.
മലയാളം, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലായി 15 ലധികം പത്രങ്ങളിലെ വാര്‍ത്തകളും പരസ്യങ്ങളും സൂക്ഷ്മമായി നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. എല്ലാ വിഭാഗം മാധ്യമങ്ങളുടെയും പരസ്യ നിരക്കുകള്‍ എം.സി.എം.സി ശേഖരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."