സുനന്ദ പുഷ്കര്‍ കേസ്: ശശി തരൂരിന് മുന്‍കൂര്‍ ജാമ്യം
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസില്‍ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായി ശശി തരൂര്‍ എം.പിയ്ക്ക് മുന്‍കൂര്‍ ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ഡല്‍ഹി പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്.
ഹരജിയില്‍ വാദംനടക്കുന്നതിനിടെ തരൂരിനു ജാമ്യം നല്‍കുന്നതിനെ കേസ് അന്വേഷിച്ച ഡല്‍ഹി പൊലിസിലെ പ്രത്യേക സംഘം (എസ്.ഐ.ടി) എതിര്‍ത്തു.
തരൂരിനെതിരേ കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ടെന്നും കേസിലെ ഏകപ്രതിയായ അദ്ദേഹത്തിനു ജാമ്യം നല്കിയാല് വിദേശത്തേക്കു കടക്കുമെന്നും പൊലിസ് വാദിച്ചു.
കേസില്‍ കോണ്‍ഗ്രസ് നേതാക്കളും മുതിര്‍ന്ന അഭിഭാഷകരുമായ കപില്‍ സിബലും അഭിഷേക് മനു സിങ്വിയുമാണ് തരൂരിനു വേണ്ടി ഹാജരായത്.
കേസന്വേഷണം പൂര്‍ത്തിയായി എന്നു കുറ്റപത്രത്തില്‍ പറയുന്നുണ്ടെന്നും അതേസമയം ആരെയെങ്കിലും കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യേണ്ടതുണ്ടെന്നു ആവശ്യപ്പെടുന്നില്ലെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം വേണമെന്നും അഭ്യര്‍ഥിച്ച് ചൊവ്വാഴ്ചയാണ് തരൂര്‍ ഹരജി നല്‍കിയത്. കേസില്‍ ശനിയാഴ്ച നേരിട്ട് ഹാജരാവണമെന്ന് കഴിഞ്ഞമാസം തരൂരിനോട് ആവശ്യപ്പെട്ടിരുന്നു. ഹാജരാവേണ്ട ദിവസം അടുത്തിരിക്കെയാണ് തരൂര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹരജി നല്‍കിയത്.
2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദ പുഷ്ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് തരൂരിനെതിരേ കുറ്റപത്രത്തിലുള്ളത്.
സുനന്ദയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകള്‍ ഗാര്‍ഹികപീഡനത്തിന്റെ തെളിവുകളായും തരൂരിന് സുനന്ദ അയച്ച ഇമെയില്‍ സന്ദേശങ്ങള്‍ ആത്മഹത്യാപ്രേരണയ്ക്കുള്ള തെളിവായും പൊലിസ് ഹാജരാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."