ഖത്തറില്‍ 100 ശതമാനം വിദേശ നിക്ഷേപ അനുമതി സാമ്പത്തിക വികസന രംഗത്ത് കുതിച്ചു ചാട്ടമുണ്ടാക്കും
ദോഹ. വിവിധ മേഖലകളില്‍ 100 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി നല്‍കുന്ന കരട് നിയമം രാജ്യത്തിന്റെ സാമ്പത്തിക വികസവികസന രംഗത്ത് കുതിച്ചു ചാട്ടത്തിനു വഴി ഒരുക്കും. അത് വഴി വിദേശനിക്ഷേപ ഒഴുക്ക് വര്‍ധിപ്പിക്കാന്‍ നിയമം സഹായിക്കും. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നോണ്‍ ഖത്തരി മൂലധന നിക്ഷേപ നിയന്ത്രണം സംബന്ധിച്ച കരട് നിയമം പുറപ്പെടുവിക്കാനാവശ്യമായ നടപടികള്‍ കഴിഞ്ഞ ദിവസം മന്ത്രിസഭ കൈക്കൊണ്ടിരുന്നു. രാജ്യത്തേക്ക് വര്‍ധിച്ചതോതില്‍ വിദേശനിക്ഷേപം ഈആകര്‍ഷിക്കാന്‍ പുതിയ നിയമത്തിലൂടെ സാധിക്കും. കരട് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഖത്തരികളല്ലാത്തവര്‍ക്ക് രാജ്യത്തെ എല്ലാ സാമ്പത്തികമേഖലകളിലും മൂലധനത്തിന്റെ 100ശതമാനം വരെ നിക്ഷേപം നടത്താം. എന്നാല്‍ ഖത്തര്‍ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഖത്തരി ലിസ്റ്റഡ് കമ്പനികളില്‍ മൂലധനത്തിന്റെ 49ശതമാനം ഉടമസ്ഥാവകാശം മാത്രമെ സ്വന്തമാക്കാനാകു. ദേശീയ സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും നൂറു ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്ന കരട് നിയമം സ്വാഗതാര്‍ഹമാണെന്ന് രാജ്യത്തെ പ്രവാസി സമൂഹം അഭിപ്രായപ്പെട്ടു.
മേഖലയിലെ ഏറ്റവും സുപ്രധാന സാമ്പത്തിക കേന്ദ്രമായി ഖത്തറിനെ മാറ്റാന്‍ സഹായകമാണ് നിയമം. വിവിധ രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് നിക്ഷേപം വര്‍ധിക്കാന്‍ നിയമം സഹായകമാകും. ഖത്തര്‍ സമ്പദ്ഘടന ശക്തവും ആരോഗ്യകരവുമാണെന്ന് ലോകത്തിനു നല്‍കുന്ന കൃത്യമായ സന്ദേശമാണ് പുതിയ നിയമം.ഉപരോധത്തിനുശേഷം വിവിധ ലോകരാജ്യങ്ങളുമായി ഖത്തര്‍ വ്യാപാര വാണിജ്യ ബന്ധം ശക്തിപ്പെടുത്തിയിട്ടുണ്ട്. പുതിയ കരട് നിയമം വാണിജ്യനീക്കങ്ങള്‍ ത്വരിതഗതിയിലാക്കും. രാജ്യത്തിന്റെ സാമ്പത്തികമേഖലയില്‍ നിക്ഷേപകര്‍ക്കുള്ള ആത്മവിശ്വാസം ശക്തിപ്പെടുത്താന്‍ സഹായകമാണ് ഈ നിയമം. സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനൊപ്പംതന്നെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.നികുതി വരുമാനം വര്‍ധിപ്പിക്കല്‍, വിദേശ, പ്രാദേശിക നിക്ഷേപകരുടെ സംരക്ഷണം, ആഗോള സാമ്പത്തിക സൂചികകളില്‍ ഖത്തറിന്റെ പദവി ഉയര്‍ത്തല്‍ എന്നിവയും നിയമനിര്‍മാണം ലക്ഷ്യംവയ്ക്കുന്നു. മന്ത്രിസഭയുടെ തീരുമാനപ്രകാരം ഖത്തരികളല്ലാത്ത നിക്ഷേപകര്‍ക്ക് ബാങ്ക്, ഇന്‍ഷ്വറന്‍സ് കമ്പനി മേഖലകളില്‍ നിക്ഷേപം നടത്താനാകും.
അതേസമയം അവര്‍ക്ക് വാണിജ്യ ഏജന്‍സികളില്‍ നിക്ഷേപം നടത്തുന്നതിനോ പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നതിനോ സാധിക്കില്ല. നിയമനിര്‍മാണത്തിന്റെ അടിസ്ഥാനത്തില്‍ വാടകമാര്‍ഗങ്ങളിലൂടെ ഖത്തരികളല്ലാത്തവര്‍ക്ക് തങ്ങളുടെ നിക്ഷപം സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിക്കും. നിക്ഷേപം പൂര്‍ത്തീകരിക്കുന്നതിനും സൗകര്യപ്രദമാക്കുന്നതിനുമായി ആവശ്യമായവ ഇറക്കുമതി ചെയ്യാനും അവകാശമുണ്ടാകും. വരുമാന നികുതി നിയമത്തിലെ കാലാവധിക്കും നടപടിക്രമങ്ങള്‍ക്കും അനുസൃതനായി നോണ്‍ഖത്തരി നിക്ഷേപ പദ്ധതികള്‍ക്ക് വരുമാനനികുതി ഒഴിവാക്കിക്കൊടുക്കും. പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ മെഷീനറികള്‍, ഉപകരണങ്ങള്‍ എന്നിവയുടെ ഇറക്കുമതി ചുങ്കവും ഒഴിവാക്കും. വ്യവസായ മേഖലയില്‍ നോണ്‍ഖത്തരി നിക്ഷേപ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍, പ്രാദേശിക വിപണിയില്‍ ലഭ്യമല്ലാത്ത അസംസ്‌കൃത, സെമി മാനുഫാക്‌ച്വേഡ് ഉത്പാദന വസ്തുക്കള്‍ എന്നിവ ഇറക്കുമതി ചെയ്യുമ്പോള്‍ ഇറക്കുമതി ചുങ്കം ഒഴിവാക്കും. വിദേശികള്‍ക്ക് തങ്ങളുടെ നിക്ഷേപം ഭാഗികമായോ പൂര്‍ണമായോ കാലതാമസമില്ലാതെ മറ്റൊരിടത്തേക്കു മാറ്റാനാകും. അതുപോലെ തന്നെ ഉടമസ്ഥാവകാശം മറ്റൊരാളിലേക്കു മാറ്റുന്നതിനും സ്വദേശി പങ്കാളിയെ ഇടക്കു വെച്ച് ഒഴിവാക്കുന്നതിനും അവകാശമുണ്ട്. ഇത്തരം പ്രവൃത്തികള്‍ക്കെല്ലാം നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിധേയമായിട്ടായിരിക്കും.
വ്യാപാര സംബന്ധമായ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനം ഉണ്ടാകും. എന്നാല്‍ തൊഴിലാളിയുമായുള്ള തര്‍ക്കങ്ങള്‍ തൊഴില്‍ തര്‍ക്ക പരിഹാര വിഭാഗത്തിന്റെ പരിഗണനയിലാണ് വരികയെന്നും നിയമം വിശദീകരിക്കുന്നു. രാജ്യത്തേക്ക് വലിയതോതില്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതാണ് പുതിയ നിയമം. വിദേശനിക്ഷേപകര്‍ക്ക് നിരവധി ആനുകൂല്യങ്ങളും ഇളവുകളും ഓഫറുകളുമാണ് ഖത്തര്‍ നല്‍കുന്നത്. ലോകത്തെതന്നെ ഏറ്റവും മികച്ച നിക്ഷേപസൗഹൃദ രാജ്യങ്ങളിലൊന്നായി ഖത്തര്‍ മാറിയിട്ടുണ്ട്. പദ്ധതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം തുടങ്ങുന്നതു മുതല്‍ പത്തുവര്‍ഷത്തേക്ക് വിദേശമൂലധനത്തിന് വരുമാനനികുതി ഒഴിവാക്കി നല്‍കുന്നതുള്‍പ്പടെയുള്ള ആനുകൂല്യങ്ങളാണ് ഖത്തര്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."