കനത്ത ചൂടില്‍ വൈദ്യുതി മുടക്കി അധികൃതരും
ചൊക്ലി: മീനച്ചൂടില്‍ സംസ്ഥാനം തിളക്കുമ്പോള്‍ കൂനിന്‍മേല്‍ കുരു പോലെ വൈദ്യുതി മുടക്കവും പതിവാകുന്നു. ഇത് രോഗികളെയും കുട്ടികളെയുമാണ് പ്രയാസത്തിലാക്കുന്നത്. ദിവസംതോറും ചൂട് ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ യാത്രക്കാരും കച്ചവടക്കാരുമാണ് ശരിക്കും വലയുന്നത്. നഗരങ്ങളില്‍ തിരക്കുകളില്ല. അത്യാവിശ്യത്തിനു മാത്രമാണ് ആളുകള്‍ പുറത്തിറങ്ങുന്നത്. അമിത ചൂട് കാരണം തൊഴില്‍ സമയത്തിന് മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന് തലശേരി, പാനൂര്‍, പള്ളൂര്‍, പെരിങ്ങത്തൂര്‍, മേക്കുന്ന് എന്നിവിടങ്ങളില്‍ പൊലിസും ഹോം ഗാര്‍ഡും പ്രയാസപ്പെടുന്നു. കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ ഒരു പൊലിസുകാരന് സൂര്യാഘാതമേറ്റിരുന്നു.
കൂടാതെ പ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമായി വരുന്നു. കുടിവെള്ളത്തിന് ആശ്രയിക്കുന്നവരുടെ എണ്ണം ഈ വര്‍ഷം വര്‍ധിക്കുമെന്നാണ് വിവരം. ഇവിടെ ജലാശയങ്ങളില്‍ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. കിണറുകളില്‍ വെള്ളം കുറഞ്ഞു തുടങ്ങി.
ഇതിനിടയില്‍ ലോഡ്‌ഷെഡിങ് കൂടി വരുന്നതോടെ വേനലിന്റെ കാഠിന്യം നാടും നഗരവും അറിഞ്ഞുതുടങ്ങും. സൂര്യാതപം പേടിച്ച് രാവിലെ 11 കഴിഞ്ഞാല്‍ വൈകിട്ട് നാലുവരെ പുറംജോലികള്‍ ചെയ്യാന്‍ തൊഴിലാളികള്‍ ഭയക്കുന്നു. നിര്‍മാണമേഖലയിലാണ് തൊഴിലാളികള്‍ക്ക് ചൂട് ഭീഷണിയാകുന്നത്. ചൂട് ശക്തമായതോടെ ശീതള പാനീയ വില്‍പനയിലും പതിന്‍മടങ്ങ് വര്‍ധനയുണ്ട്.
നിറം കലര്‍ത്തിയ പാനീയങ്ങളാണ് ഭൂരിഭാഗം പേര്‍ക്കും താല്‍പര്യം. ഇവയാകട്ടെ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. തിളപ്പിച്ചാറിയ വെള്ളം കുടിക്കാനാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. ശുദ്ധമല്ലാത്ത വെള്ളം ഉപയോഗിച്ചുണ്ടാക്കുന്ന ശീതള പാനീയങ്ങള്‍ വഴി പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യതയും ഏറെയാണ്.
അതിനിടെ അറ്റകുറ്റപ്പണിക്കായി വൈദ്യുതി വിതരണം ദിവസം പൂര്‍ണമായോ ഭാഗികമായോ നിര്‍ത്തിവെക്കുന്നത് ഒട്ടേറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ചെറുകിട വ്യാപാര സ്ഥാപനങ്ങളെയും ഇടത്തരം സംരംഭകര്‍, ഓഫിസുകള്‍ എന്നിവയെയുമാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."