വേനല്‍ച്ചൂടില്‍ വറ്റി അഞ്ചരക്കണ്ടിപുഴ കീഴല്ലൂര്‍ അണക്കെട്ടില്‍ നിന്നുള്ള പമ്പിങ് നിലച്ചേക്കും
മട്ടന്നൂര്‍: ജില്ലയിലുടനീളം വേനല്‍ച്ചൂട് കഠിനമായതോടെ അഞ്ചരക്കണ്ടി പുഴ വറ്റിവരണ്ടു. ഇതോടെ കുടിവെള്ള വിതരണ കേന്ദ്രമായ കീഴല്ലൂര്‍ അണക്കെട്ടില്‍ നിന്നുള്ള പമ്പിങ് നിലച്ചേക്കും. ഡാമും വറ്റിവരണ്ടതോടെ കുടിവെള്ള വിതരണം പ്രതിസന്ധിയിലായി. തലശ്ശേരി, മാഹി നഗരങ്ങളിലേക്കു കുടിവെള്ള വിതരണം നടത്തുന്ന കീഴല്ലൂര്‍ പദ്ധതിയുടെ ഡാമിലാണു പമ്പിങ് തടസപ്പെടുക.
നീരൊഴുക്ക് കുറഞ്ഞതോടെ അഞ്ചരക്കണ്ടി പുഴ പൂര്‍ണമായും വറ്റിവരളുകയായിരുന്നു. ഷട്ടറിനു സമീപത്തും കുടിവെള്ളം ശേഖരിക്കുന്ന കിണര്‍ പരിസരത്തും വെള്ളമെത്താതെ വന്നതോടെയാണു പമ്പിങ് പ്രയാസമാകുന്നത്. തലശ്ശേരി, മാഹി നഗരങ്ങളിലേക്കു കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനു നാലുമാസം മുന്‍പ് ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും അടച്ച് വെള്ളം സംഭരിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും ശക്തമായ വേനല്‍ ചൂടാണു ജലനിരപ്പ് കുറയാനിടയായത്.
കുടിവെള്ള വിതരണത്തിനായി കീഴല്ലൂര്‍ ഡാമില്‍ നിന്നു ശേഖരിക്കുന്ന വെള്ളം അഞ്ചരക്കണ്ടി മൈലാടി പ്ലാന്റിലെത്തിച്ച് ശുചീകരിച്ചാണു തലശ്ശേരിയിലേക്കു പമ്പിങ് നടത്തുന്നത്. ദിവസം 12 ദശലക്ഷം ലിറ്റര്‍ വെള്ളം ഡാമില്‍ നിന്നു ശുചീകരിച്ച് പമ്പിങ് നടത്തുന്നതായാണു കണക്ക്.
കഴിഞ്ഞമാസം വരെ ഡാമില്‍ ആറു മീറ്ററോളം വെള്ളമുണ്ടായിരുന്നുവെങ്കിലും മാര്‍ച്ച് പകുതിയോടെ പുഴ വറ്റുകയായിരുന്നു. മുന്‍കാലങ്ങളില്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴുകയും കുടിവെള്ള വിതരണത്തില്‍ നേരിയതോതില്‍ പ്രതിസന്ധിയുണ്ടായിരുന്നുവെങ്കിലും ഇതുപോലെയൊരു വരള്‍ച്ച ഇതുവരെയുണ്ടായിട്ടില്ലെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു.
നാലുവര്‍ഷം മുന്‍പ് വരള്‍ച്ചയുണ്ടായ സമയത്ത് കുടിവെള്ളം ശേഖരിക്കുന്നതിനു ഡാമില്‍ ഷട്ടറിനോടും കുടിവെള്ളത്തിന്റെ പമ്പ് ഹൗസിനോടും ചേര്‍ന്നു പുഴയില്‍ മണ്‍ചാക്ക് നിരത്തിയിരുന്നു. വെള്ളം കെട്ടിനിര്‍ത്താനായിരുന്നു ആയിരക്കണക്കിനു രൂപ ചെലവഴിച്ച് പ്രവൃത്തി നടത്തിയത്. മുന്‍വര്‍ഷങ്ങളില്‍ മണല്‍വാരല്‍ വ്യാപകമായി ഉണ്ടായിരുന്നതായും ഇതാണു പുഴയുടെ ഈ അസ്ഥയ്ക്കു കാരണമെന്ന് പരിസരവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."