തിരുവള്ളൂര്‍ തുരുത്തി കോളനിക്ക് ഒരു കോടി അനുവദിച്ചു
വടകര: അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരം തിരുവള്ളൂര്‍ തുരുത്തി കോളനിക്ക് ഒരു കോടി രൂപ അനുവദിച്ചു. പാറക്കല്‍ അബ്ദുല്ല എം.എല്‍.എയുടെ ശ്രമഫലമായാണ് തുരുത്തി കോളനിയെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. പദ്ധതി നടപ്പിലാകുന്നതോടെ തുരുത്തി കോളനിയുടെ മുഖച്ഛായ മാറും.
പാതിവഴിയില്‍ നില്ക്കുന്ന വീടുകള്‍ പൂര്‍ത്തീകരിക്കല്‍, വീടുകള്‍ പുനരുദ്ധരിക്കല്‍, കക്കൂസ് നിര്‍മാണം, കോളനിക്കുള്ളില്‍ റോഡുകളും നടപ്പാതകളും നിര്‍മിക്കല്‍, പൊതുസ്ഥാപനങ്ങളുടെ നിര്‍മാണം-നവീകരണം, കളിസ്ഥലം നിര്‍മാണം, സ്വയം തൊഴില്‍ പദ്ധതികള്‍, മാലിന്യ നിര്‍മാര്‍ജനം, അടുക്കളത്തോട്ടം, തൊഴില്‍ പരിശീലന കേന്ദ്രം സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഒരു കോടി രൂപ ഉപയോഗിക്കുക.
സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സിയായ നിര്‍മിതിക്കാണ് പദ്ധതി നിര്‍വഹണത്തിന്റെ ചുമതല.
കുറ്റ്യാടി മണ്ഡലത്തിലെ മൂന്നാമത്തെ കോളനിക്കാണ് അംബേദ്കര്‍ പദ്ധതി പ്രകാരം ഒരു കോടി രൂപ അനുവദിക്കുന്നത്. നേരത്തെ മണിയൂര്‍ പഞ്ചായത്തിലെ മീനത്തുകര, തിരുവള്ളൂര്‍ പഞ്ചായത്തിലെ വെള്ളൂക്കര കോളനികള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിച്ചിരുന്നു.
ഗുണഭോക്തൃസമിതി രൂപീകരണ യോഗം പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് എ. മോഹനന് അധ്യക്ഷനായി. പട്ടിക ജാതി വികസന ഓഫിസര്‍ അനീഷ് പി. നായര്‍ പദ്ധതി വിശദീകരിച്ചു. നിര്‍മിതി പ്രൊജക്ട് മാനേജര്‍ മനോജ്കുമാര്‍, വാര്‍ഡ് അംഗം ടി.എം ഗീത, എസ്.സി പ്രമോട്ടര്‍ ശൈലേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."