പാലരുവിക്ക് സ്റ്റോപ്പ് അനുവദിച്ചത് ആരുടെ ഇടപെടല്‍ മൂലം
കോട്ടയം: പ്രതിഷേധങ്ങള്‍ക്കും പരാതികള്‍ക്കുമൊടുവില്‍ ഇന്നലെ സര്‍വീസ് ആരംഭിച്ച പാലരുവി എക്‌സ്പ്രസിനു കൂടുതല്‍ സ്റ്റോപ്പ് അനുവദിച്ചതോടെ അവകാശവാദവുമായി എം.പിയും എം.എല്‍.എയും രംഗത്ത്. കേരള കോണ്‍ഗ്രസ്(എം) വൈസ് ചെയര്‍മാനും കോട്ടയം എം.പിയുമായ ജോസ് കെ. മാണിയും പാര്‍ട്ടിയുടെ കടുത്തുരുത്തി എം.എല്‍.എയുമായ മോന്‍സ് ജോസഫുമാണ് ഇപ്പോള്‍ അവകാശമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
കേരള കോണ്‍ഗ്രസിലെ തന്നെ ഇരുവരും സ്‌റ്റോപ്പ് അനുവദിച്ചതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനുള്ള തയാറെടുപ്പുകളായിരുന്നു ഇന്നലെ മുഴുവന്‍ നടത്തിയത്. എം.പിയുടെയും എം.എല്‍.എയുടെയും പ്രസ്ഥാവനകള്‍ വ്യക്തമാക്കുന്നതും ഇതുതന്നെയായിരുന്നു.
പുനലൂര്‍-പാലക്കാട് സര്‍വീസ് ആരംഭിച്ച ട്രെയിന് സ്‌റ്റോപ്പ് അനുവദിക്കുന്നതില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തെ പൂര്‍ണമായി അവഗണിച്ചിരുന്നു. ഇതിന്റെ പേരില്‍ ഇന്നലെ കോട്ടയം എം.പിയുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടയാനും തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബുധനാഴ്ച്ച ഏറെ വൈകി ആവശ്യപ്പെട്ട സ്ഥലത്തെല്ലാം സ്റ്റോപ്പ് അനുവദിച്ച് ഉത്തരവിറങ്ങിയത്. ഇതോടെ അവകാശവാദവുമായി ഒരേ പാര്‍ട്ടിയിലെ എം.പിയും എം.ല്‍.എയും രംഗത്തെത്തി.ഈ വിഷയത്തില്‍ എം.എല്‍.എയുടെ ഇടപെടലാണ് റെയില്‍വേയ്ക്ക് മാറി ചിന്തിക്കേണ്ടി വന്നതെന്ന് ഒരു വിഭാഗം പറയുമ്പോള്‍, ഇതെ വാചകം തന്നെയാണ് എം.പിയും ഉന്നയിക്കുന്നത്.
റെയില്‍വേ ബോര്‍ഡിന്റെ ഡല്‍ഹിയിലും മധുരയിലുമുള്ള പ്രധാന ഉദയോഗസ്ഥര്‍, തിരുവനന്തപുരത്ത് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എന്നിവര്‍ക്കെല്ലാം എം.എല്‍.എയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കുന്നതിന്റെ അറിയിപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി നല്‍കിയതെന്നും ഇതേ തുടര്‍ന്നാണ് കൂടുതല്‍ സ്റ്റോപ്പ് അനുവദിച്ചതെന്നുമുള്ള പ്രസ്ഥാവനയാണ് എം.എല്‍.എയുടെ ഓഫിസില്‍ നിന്ന് ലഭിക്കുന്നത്. അതേസമയം, എം.പിയുടെ പ്രസ്ഥാവനയും ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല.
കോട്ടയത്തോടുള്ള റെയില്‍വേയുടെ അവഗണനയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനും, റെയില്‍ ബോര്‍ഡ് മെമ്പര്‍ ട്രാഫിക്ക് ഉള്‍പ്പടെയുള്ള റയില്‍വെ ഉന്നത ഉദ്യോഗസ്ഥരുമായി എം.പി ബന്ധപ്പെട്ടതിന്റെ ഫലമാണ് കൂടുതല്‍ സ്റ്റോപ്പ് അനുവദിച്ചതെന്ന വാദമാണ് എം.പി ഉന്നയിക്കുന്നത്.
ഇതോടെ, കുറുപ്പുന്തറ,വൈക്കം റോഡ്, പിറവം റോഡ് മുളന്തുരുത്തി സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിച്ചത് ആരുടെ പരിശ്രമഫലമായിട്ടാണെന്ന് മനസിലാക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."