വടകരയില്‍ നടത്താനിരുന്ന സംസ്ഥാന നാടക മത്സരം തൃശൂരിലേക്കു മാറ്റി
വടകര: കേരള സംഗീത നാടക അക്കാദമി പത്തു ദിവസങ്ങളിലായി വടകരയില്‍ നടത്താനിരുന്ന സംസ്ഥാന പ്രൊഫഷനല്‍ നാടക മത്സരം തൃശൂരിലേക്കു മാറ്റി. സംഗീത നാടക അക്കാദമിക്കെതിരേ ചില നാടക പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അക്കാദമിയുടെ തീരുമാനം.
ചരിത്രത്തിലാദ്യമായി വടകരയില്‍ നടത്താനിരുന്ന നാടക മത്സരം മാറ്റിയതില്‍ പ്രദേശത്തെ ചില നാടക പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന വാര്‍ത്തക്കെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാന തലത്തില്‍ ഏറ്റവും മികച്ച 10 നാടകങ്ങള്‍ സൗജന്യമായി കാണാനുള്ള അവസരമാണ് വടകരയിലെ നാടക പ്രേമികള്‍ക്കു നഷ്ടമായത്. സംസ്ഥാന പ്രൊഫഷനല്‍ നാടക മത്സരം നടത്താന്‍ 11 ദിവസത്തേക്കു വടകര ടൗണ്‍ഹാള്‍ നഗരസഭ സൗജന്യമായി വിട്ടു നല്‍കിയിരുന്നു. മത്സരത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിക്കുകയും വിവിധങ്ങളായ അനുബന്ധ പരിപാടികളും സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
പുതിയ തലമുറയ്ക്ക് അറിയാത്ത പഴയ നാടക പ്രവര്‍ത്തകരെ പരിചയപ്പെടുത്താനും ആദരിക്കാനും വടകരയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് നാടക മത്സരത്തില്‍ വിജയിച്ച നാടകങ്ങള്‍ അവതരിപ്പിക്കാനുമുള്ള തീരുമാനവും എടുത്തിരുന്നു.
ഈ പരിപാടികളെല്ലാം ഉള്‍ക്കൊള്ളിച്ച് വിശദമായ കത്ത് അച്ചടിച്ച് വിതരണം ചെയ്തതിനു ശേഷമാണ് നാടക മത്സരത്തിന് കുരുക്ക് വീണത്.
അതേസമയം, വടകരയിലെ നാടക പ്രേമികള്‍ക്ക് ആവേശവും ഊര്‍ജവും നല്‍കുമായിരുന്ന നാടകോത്സവത്തെ നാടകപ്രവര്‍ത്തകരെന്ന് പറയുന്ന ചിലര്‍ ചേര്‍ന്നാണ് മാറ്റിയതെന്ന ആരോപണവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."