കൊടുംചൂടില്‍ വെന്തുരുകി നാട്; കാര്‍ഷിക വിളകള്‍ക്കും തിരിച്ചടി
വടക്കാഞ്ചേരി: കൊടുംചൂടില്‍ വെന്തുരുകുന്ന നാട്ടില്‍ രക്ഷയില്ല. കാര്‍ഷിക വിളകള്‍ക്കും പച്ചക്കറിയും പറമ്പ് കൃഷിയുമൊക്കെ അതിവേഗം കരിഞ്ഞുണങ്ങുമ്പോള്‍ കര്‍ഷകര്‍ ദുരിതത്തിലാണ്.
പ്രതീക്ഷിച്ച മഴ ലഭിയ്ക്കാതെ പോയതും വെയിലിന്റെ കാഠിന്യം ചരിത്രത്തിലെ ഏറ്റവും വലിയ രൂക്ഷത രേഖപ്പെടുത്തിയതും കര്‍ഷകരെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാകുന്നത്.
തങ്ങാലൂര്‍ പരപ്പാറയിലെ പൈനാപ്പിള്‍ കൃഷിതോട്ടം സംരക്ഷിയ്ക്കാന്‍ കഴിയാതെ കര്‍ഷകര്‍ അനുഭവിയ്ക്കുന്ന കഷ്ടപ്പാട് ചില്ലറയല്ല. 11 ഏക്കര്‍ സ്ഥലത്തെ കൃഷി രണ്ടുനേരം നനയ്ക്കുന്നുണ്ടെങ്കിലും വെയിലിന്റെ കാഠിന്യം 40 ഡിഗ്രിയിലധികം പിന്നിട്ടത് കര്‍ഷകര്‍ക്ക് സമ്മാനിയ്ക്കുന്ന ആശങ്ക ചില്ലറയല്ല.
പൈനാപ്പിള്‍ ഉണ്ടാകുന്ന സമയമാണ് ഇതെന്നത് ആശങ്ക ഇരട്ടിയാകുന്നു . തോട്ടം ഒന്നാകെ കരിഞ്ഞുണങ്ങിയാല്‍ ലക്ഷകണക്കിന് രൂപയുടെ ബാധ്യതയാണ് കര്‍ഷകര്‍ക്ക് ഉണ്ടാവുക.
ചാലക്കുടി കോടശ്ശേരി സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ പൈനാപ്പിള്‍ തോട്ടം. കുഞ്ഞന്‍ പൈനാപ്പിള്‍ വെയിലേറ്റ് വാടാതിരിയ്ക്കാന്‍ തോട്ടം നിറഞ്ഞ് നില്ക്കുന്ന എല്ലാ പൈനാപ്പിളിലും വൈക്കോല്‍ കവചമൊരുക്കിയിരിയ്ക്കുകയാണ് കര്‍ഷകര്‍.
ശ്രമകരമായ ഈ പ്രവൃത്തിയും പരാജയപ്പെട്ടാല്‍ എന്ത് ചെയ്യണമെന്നറിയില്ല കര്‍ഷകര്‍ക്ക്. വേനല്‍ രൂക്ഷത ഇത്ര കാഠിന്യമാകുമെന്ന് ഇവര്‍ പ്രതീക്ഷിച്ചിരുന്നില്ല. പ്രളയാനന്തരമുള്ള പൈനാപ്പിള്‍ വിളവെടുപ്പ് കര്‍ഷകരെ വലിയ സാമ്പത്തിക കെണിയില്‍ അകപ്പെടുത്തിയിരുന്നു. ഇത്തവണ വേനല്‍ ചതിക്കുമോ എന്ന സങ്കടവും കര്‍ഷകരെ ആശങ്കപ്പെടുത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."