കാഴ്ചക്കാരുടെ മനം കവര്‍ന്ന് 'സോജാരാജകുമാരി'
കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ 24-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ചാലപ്പുറം ഗവ. മോഡല്‍ ഗണപത് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച 'സോജാരാജകുമാരി' ദൃശ്യാവിഷ്കാരത്തില് ബഷീറിന്റെ കഥകളിലെ നായികമാര്‍ പുനര്‍ജനിച്ചു.
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വല്ല്യക്കാക്കയുടെ പുസ്തകം ഇപ്പോഴും പാത്തുമ്മയുടെ ആടിന്റെ ഇഷ്ടഭക്ഷണമാണ്. പുസ്തകം കീറി ആട് ഭക്ഷണമാക്കിയിട്ടും ഉമ്മറക്കോലായിലെ ചാരുകസേരയിലിരിക്കുന്ന വല്ല്യക്കാക്കയോട് കമ്മലിനായി മറ്റുള്ളവര്‍ കേള്‍ക്കാതെ പാത്തുമ്മ വാതോരാതെ ഇന്നും പറഞ്ഞുകൊണ്ടിരിക്കുകയാണ്. കദീജയ്ക്കുള്ള സ്വര്‍ണക്കമ്മല്‍ വല്ല്യക്കാക്ക തരുമെന്ന പ്രതീക്ഷയിലാണ് പാത്തുമ്മ ഇന്നുമുള്ളത്. ഈ കഥാപാത്രങ്ങളെല്ലാം വീണ്ടും അവതരിപ്പിക്കപ്പെട്ടപ്പോള്‍ കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായി. പി.സി ഹരീഷ് രചനയും സംവിധാനവും നിര്‍വഹിച്ച 'സോജാരാജകുമാരി' ദൃശ്യാവിഷ്കാരത്തില് ബഷീറിന്റെ കഥകളിലെ 10 നായികമാരെയാണ് പരിചയപ്പെടുത്തിയത്. മുച്ചീട്ടുകളിക്കാരന്റെ മകളിലെ സൈനബ, ഭാര്‍ഗവീ നിലയത്തിലെ ഭാര്‍ഗവിക്കുട്ടി, ബാല്യകാലസഖിയിലെ സുഹറ, ന്റുപ്പൂപ്പാക്കൊരാനേണ്ടാര്ന്നുവിലെ കുഞ്ഞിപ്പാത്തുമ്മയും കുഞ്ഞിത്താച്ചുമ്മയും, പാത്തുമ്മയുടെ ആടിലെ പാത്തുമ്മ, പൂവന് പഴത്തിലെ ജമീലാബീബി, പ്രേമലേഖനത്തിലെ സാറാമ്മ, കാമുകന്റെ ഡയറിയിലെ സരസ്വതീ ദേവി, മതിലുകളിലെ നാരായണി എന്നിവരാണ് വീണ്ടും സദസിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
ബഷീര്‍ എഴുതിയ വാക്കുകളില്‍നിന്ന് ഓരോ മലയാളികളുടെയും മനസില്‍ രൂപപ്പെട്ടിരുന്ന വേഷങ്ങളോടെയും ഭാവപ്രകടനങ്ങളോടെയുമാണ് കഥാപാത്രങ്ങള്‍ അരങ്ങിലെത്തിയത്. കുസൃതികളും പൊട്ടിച്ചിരികളും കൊച്ചുവര്‍ത്തമാനങ്ങളും സങ്കടങ്ങളും പ്രണയത്തിന്റെ ഒരായിരം വസന്തങ്ങളും അവര്‍ പുതിയ കാലത്തെ സമൂഹവുമായി പങ്കുവച്ചു. കെ. സഫ, ടി. ഫാത്തിമഹന്ന, വി.കെ ആയിഷറിഫ, വി. അമേയ, നഹല റഷീദ്, ടി.വി അനാമിക, വി. നയനേന്ദു, ജന അലൈസ്, ആര്.കെ ശീതള്‍, ആയിഷാ ലിദ എന്നീ വിദ്യാര്‍ഥികളാണ് ബഷീറിന്റെ കഥകളിലെ നായികമാരായി അവതരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."