വരള്‍ച്ചാ ഭീഷണിയില്‍ ശുദ്ധജല പദ്ധതി
കുളപ്പുള്ളി: ഷൊര്‍ണൂര്‍ ചെറുതുരുത്തി തടയണയില്‍ ജലനിരപ്പു താഴ്ന്നതോടെ ഷൊര്‍ണൂര്‍ സമഗ്ര ശുദ്ധജല പദ്ധതി ഉദ്ഘാടനത്തിനു പിന്നാലെ പ്രതിസന്ധിയിലായി. വേനലിന്റെ തുടക്കത്തില്‍ തന്നെ തടയണയിലെ ജലനിരപ്പു കുറഞ്ഞത് ജലവിതരണത്തെ ബാധിക്കും. അതേസമയം മലമ്പുഴ അണക്കെട്ട് തുറക്കുന്നതുള്‍പ്പെടെ തീരുമാനമുണ്ടായാലേ ഷൊര്‍ണൂര്‍ മേഖലയില്‍ നിയന്ത്രിതമായെങ്കിലും ജലവിതരണം സാധ്യമാകൂ.
ഷൊര്‍ണൂര്‍ സമഗ്ര ശുദ്ധജല പദ്ധതി കിഫ്ബിയില്‍നിന്ന് 35 കോടി വിനിയോഗിച്ചാണ് കഴിഞ്ഞ മാസം കമ്മിഷന്‍ ചെയ്തത്. ഭാരതപ്പുഴയുടെ ഷൊര്‍ണൂര്‍, ചെറുതുരുത്തി തീരങ്ങളെ ബന്ധിപ്പിച്ച് 360 മീറ്റര്‍ നീളത്തിലും രണ്ടര മീറ്റര്‍ ഉയരത്തിലും നിര്‍മിച്ച തടയണയാണു പദ്ധതിയുടെ ജലസ്രോതസ്. എന്നാല്‍ പ്രളയകാലത്ത് അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യാതെയായിരുന്നു ഉദ്ഘാടനം.
ജല സംഭരണത്തിലെ പ്രശ്‌നങ്ങള്‍ വേനല്‍ക്കാലത്തു കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. നിലവില്‍ പുഴയില്‍ വെള്ളമുള്ള ഭാഗങ്ങളില്‍ കൈത്തോടു നിര്‍മിച്ചാണു തടയണയിലേക്കു വെള്ളമെത്തിക്കുന്നത്. ഇതിലൂടെ കിണറുകളിലെ ജലനിരപ്പു താഴാതെ നിലനിര്‍ത്താമെന്നാണു പ്രതീക്ഷ.
എന്നാല്‍ വേനല്‍ കടുക്കുമ്പോള്‍ സാഹചര്യം മാറും. പുഴയിലെ നീരൊഴുക്കും ചെക്ഡാമിന്റെ സംഭരണ ശേഷിയും കുറയുന്നതോടെ കിണറുകളിലെ ജലനിരപ്പു താഴും. ഇതോടെ മലമ്പുഴ വെള്ളത്തിനെത്തന്നെ ഷൊര്‍ണൂരിന് ആശ്രയിക്കേണ്ടി വരും. പ്രതിദിനം 20 ദശലക്ഷം ലീറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണി, പമ്പിങ് മെയിനുകള്‍, മോട്ടര്‍ പമ്പുകള്‍, ട്രാന്‍സ്‌ഫോമര്‍ എന്നിവയാണു സമഗ്ര ശുദ്ധജല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇതിലൂടെ 1,31,791 പേര്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണു കണക്ക്. ഷൊര്‍ണൂര്‍ നഗരസഭാ പ്രദേശത്തും വാണിയംകുളം പഞ്ചായത്തിനും പ്രയോജനമുണ്ടാകുമെന്നും പ്രതീക്ഷിച്ചിരുന്നു. അതിനൊക്കെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെയാണ് തിടുക്കപ്പെട്ടു പദ്ധതിയുടെ ഉദ്ഘാടനം നടത്തിയതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."