ശാരീരികവെല്ലുവിളി പരിമിതിയായി കാണാതെ ജനാധിപത്യത്തിന്റെ ഭാഗമാകണം: സ്വപ്‌ന അഗസ്റ്റിന്‍
കാക്കനാട്: ജന്മനാ ഇരുകൈകളുമില്ലാതിരുന്നിട്ടും ജീവന്‍ തുടിയ്ക്കുന്ന ചിത്രങ്ങള്‍ വരച്ച് ലോകപ്രശസ്തയായ എറണാകുളത്തിന്റെ അത്ഭുതചിത്രകാരി സ്വപ്ന അഗസ്റ്റിന് പറയാനുള്ളത് വോട്ടു ചെയ്യുന്നതിന് ശാരീരികവെല്ലുവിളികള്‍ തടസമാകരുതെന്നാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വീപ് എറണാകുളത്തിന്റെ ഇലക്ഷന്‍ ഐക്കണുകളില്‍ പേഴ്‌സണ്‍ വിത്ത് ഡിസെബിലിറ്റി ഐക്കണായ സ്വപ്ന അഗസ്റ്റിന്റെ വാക്കുകളാണ്. ''ഇതുവരെ ഞാന്‍ വോട്ട് മുടക്കിയിട്ടില്ല. ഇനിയും മുടക്കില്ല. ഭിന്നശേഷി സൗഹൃദപരമായ രീതിയിലാണ് ഇത്തവണ വോട്ടിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശാരീരികവെല്ലുവിളി പരിമിതിയായി കാണാതെ ജനാധിപത്യത്തിന്റെ ഭാഗമാകാനുള്ള അവസരം പ്രയോജനപ്പെടുത്തണം'' സ്വപ്ന പറയുന്നു. ഇരുകൈകളും ഇല്ലാതിരിക്കുക എന്ന കടുത്ത ശാരീരിക വെല്ലുവിളിയുണ്ടായിരുന്നിട്ടും കൃത്യസമയത്തു തന്നെ ഔപചാരിക വിദ്യാഭ്യാസവും ചരിത്രത്തില്‍ ബിരുദവും നേടിയ സ്വപ്ന അഗസ്റ്റിന്‍ വിരസത അകറ്റാനാണ് ചിത്രരചനയിലേക്കു തിരിഞ്ഞത്.
നന്നായി വരയ്ക്കണമെന്നു തോന്നിയപ്പോള്‍ വീട്ടില്‍നിന്നു 12 കലോമീറ്റര്‍ അകലത്തിലുള്ള നെല്ലിക്കുഴിയിലേക്ക് ദിവസവും യാത്രചെയ്ത് അവിടെ കലാഗ്രാമത്തിലെ ഡെന്നി മാത്യുവിനുകീഴില്‍ ചിത്രരചന പഠിച്ചു. പിന്നീട് മുഴുവന്‍ സമയ ചിത്രരചനയിലേക്കു തിരിഞ്ഞു. വാട്ടര്‍ കളര്‍, അക്രിലിക്, ഓയില്‍, മ്യൂറല്‍, ഗ്ലാസ് പെയിന്റിങ്, നൈഫ് പെയിന്റിങ് തുടങ്ങിയവയെല്ലാം അനായാസമായി വഴങ്ങും. ഇതിനോടകം 4000 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
സ്വിറ്റ്‌സര്‍ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഓഫ് മൗത്ത് ആ്ന്റ് ഫൂട്ട് പെയിന്‌റിങ് ആര്‍ട്ടിസ്റ്റ്‌സ് (എഎംഎഫ്പിഎ) എന്ന സംഘടനയില്‍ സ്വപ്നയ്ക്ക് അംഗത്വം ലഭിച്ചു. സംഘടനയിലെ മുഴുവന്‍ സമയ ചിത്രകാരിയാണ് സ്വപ്നയിപ്പോള്‍. ലോകപ്രശസ്ത മോട്ടിവേഷണല്‍ ട്രെയിനര്‍ നിക് വുജിസിക്കിന്റെ കുടുംബസമേതമുള്ള ഫോട്ടോ വരച്ച് അദ്ദേഹത്തിന് നേരിട്ടു നല്‍കിയും സ്വപ്ന വാര്‍ത്തകളില്‍ ഇടംനേടി. ഇന്ത്യയിലും വിദേശത്തുമായി നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിവരുന്നു. വേള്‍ഡ് മലയാളി ഫൗണ്ടേഷന്റെ വുമണ്‍ ഐക്കണ്‍ ഓഫ് ദ ഇയര്‍ 2016 ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."