പ്രവാസികളുടെ യാത്ര മുടക്കാന്‍ കേരളം കേന്ദ്രത്തിന് എഴുതിയ കത്ത് പിന്‍വലിക്കണമെന്ന് കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: പ്രവാസികളെ നിരന്തരം ദ്രോഹിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ സംഗമങ്ങള്‍ ശ്രദ്ധേയമായി. സംസ്ഥാനത്തെ മുനിസിപ്പല്‍, പഞ്ചായത്ത്, കോര്‍പറേഷന്‍ ആസ്ഥാനങ്ങളിലാണ് സമരം നടന്നത്. മലപ്പുറത്ത് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിബന്ധന വെച്ച് പ്രവാസികളുടെ യാത്ര മുടക്കാന്‍ കേരളം കേന്ദ്രത്തിന് എഴുതിയ കത്ത് ഉടന്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാം നഷ്ടപ്പെട്ട് നാട്ടിലേക്ക് വരുന്നവരോട് കേരള സര്‍ക്കാര്‍ തനിനിറം കാണിക്കുകയാണ്. ലോക കേരള സഭയുണ്ടാക്കി പ്രവാസികള്‍ക്കുവേണ്ടി അധരവ്യായാമം നടത്തിയവരാണ് ഈ ചതി ചെയ്യുന്നത്. ആദ്യം ഫ്ളൈറ്റുകള്‍ മുടക്കാന്‍ ശ്രമിച്ചു. ക്വാറന്റീന്‍ സൗകര്യം തന്നെ വേണ്ടെന്നുവെച്ചു. ഏറ്റവും വലിയ പ്രവാസി സംഘടനയായ കെ.എം.സി.സി മലയാളികളെ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് വിവാദമുണ്ടാക്കാന്‍ ശ്രമിച്ചു. എന്നിട്ടും വരവ് മുടക്കാന്‍ കഴിയാതായപ്പോള്‍ കോവിഡ് പരിശോധന എന്ന പുതിയ ആയുധവുമായി രംഗത്തുവന്നിരിക്കുകയാണ്. കോവിഡ് ടെസ്റ്റ് നടത്തിയിട്ടാണോ അതിഥി തൊഴിലാളികള്‍ കേരളം വിട്ടത്? ലോകത്ത് ഒരു രാജ്യവും ആവശ്യപ്പെടാത്ത വ്യവസ്ഥയാണ് കേരളം മുന്നോട്ടുവെക്കുന്നത്. സ്വന്തം പൗരന്മാരോട് ഇത്രയും ക്രൂരത കാട്ടുന്ന സര്‍ക്കാര്‍ വേറെയുണ്ടാകില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. സ്പോണ്‍സര്‍മാരെ കണ്ടെത്തി സൗജന്യ ടിക്കറ്റ് നല്‍കിയാണ് പ്രയാസപ്പെടുന്ന പ്രവാസികളെ കെ.എം.സി.സി കൊണ്ടുവരുന്നത്. ചാര്‍ട്ടേഡ് ഫ്ളൈറ്റിന് അനുമതി നല്‍കാതിരിക്കാനാണ് കേരളം ആദ്യം ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് പ്രവാസികള്‍ വന്നുകൊണ്ടിരിക്കുമ്പോഴാണ് നിര്‍ബന്ധിത കോവിഡ് ടെസ്റ്റ് എന്ന പുതിയ നിബന്ധന വെച്ചത്. മറ്റൊരു രാജ്യത്തിനുമില്ലാത്ത നിബന്ധനകള്‍ മുന്നോട്ടു വെച്ച് കേരളത്തിലെ പ്രവാസികള്‍ നാട്ടിലെത്താതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പറഞ്ഞ വാക്കുകളെല്ലാം ലംഘിച്ച് പ്രവാസികളെ ദ്രോഹിക്കുകയാണ് സര്‍ക്കാര്‍. -അദ്ദേഹം പറഞ്ഞു.
വാഴക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ സമരം ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ദുരന്തകാലത്ത് പ്രവാസികളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നടപടി തിരുത്തണമെന്നും ദ്രോഹം തുടര്‍ന്നാല്‍ പുതിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളും എം.എല്‍.എമാരും വിവിധ കേന്ദ്രങ്ങളില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന സംഗമങ്ങളില്‍ പ്രവാസികളെ ദ്രോഹിക്കുന്ന സര്‍ക്കാറിനെതിരെ ശക്തമായ ജനരോഷമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."