ജില്ലയുടെ അടിസ്ഥാന വികസനം; വനഭൂമി വിട്ടുകിട്ടാന്‍ സാധ്യത കുറവെന്ന് കേന്ദ്രമന്ത്രി
കല്‍പ്പറ്റ: വയനാടിന്റെ അടിസ്ഥാന വികസനത്തിന് വനഭൂമി അനിവാര്യമാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വിട്ടുതരാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര ടൂറിസം സഹ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വയനാട് പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബദല്‍ റോഡുകള്‍, റെയില്‍വെ എന്നിവയെല്ലാം വനത്തിലൂടെയാണ് കടന്നു പോകേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരിഞ്ച് ഭൂമി പോലും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുവദിക്കാന്‍ പോകുന്നില്ല.
കോടതിയും ഇത്തരം നിലപാട് സ്വീകരിക്കും. നഞ്ചന്‍കോട് റെയില്‍വെക്കായി തുരങ്കപാത നിര്‍മിക്കാമെന്നാണ് ഇ ശ്രീധരന്‍ പറയുന്നത്.
22 കിലോമീറ്റര്‍ വനത്തിനടിയിലൂടെ നിര്‍മിക്കുമ്പോള്‍ സാമ്പത്തിക ബാധ്യതയുണ്ടാവുമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വന്യമൃഗശല്യം എങ്ങനെ പരിഹരിക്കാനാവുമെന്ന് പഠനം നടത്തേണ്ടതുണ്ട്. ഇക്കാര്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. കുരുമുളക് അടക്കമുള്ളവ ശ്രീലങ്കയില്‍ നിന്നും മറ്റും ഇവിടേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. നമ്മുടെ കുരുമുളകിന് വിലകുറയാന്‍ ഇതാണ് കാരണം. നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും കാര്യമായ ഫലം കാണുന്നില്ല. ടൂറിസവുമായി ബന്ധപ്പെട്ട്് വയനാട്ടില്‍ അഡ്വഞ്ചര്‍ അക്കാദമി എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അതിനായി പണം അനുവദിക്കും.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്നും കേരളത്തെ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായം.
ഇവിടെ ആരും വനഭൂമി കയ്യേറുകയോ നശിപ്പിക്കുകയോ ചെയ്യുന്നില്ല. വനം സംരക്ഷിക്കുന്നതിന് ആവശ്യമായ നിയമങ്ങള്‍ ഏറെ ഇവിടെ ഉണ്ടെന്നും മന്ത്രി പറഞ്ഞു. പി.ഒ ഷീജ അധ്യക്ഷയായി. എ.കെ ശ്രീജിത്ത് സ്വാഗതവും കെ.എ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."