കോണ്‍ഗ്രസിന്റെ ശത്രുക്കള്‍ കോണ്‍ഗ്രസുകാര്‍ തന്നെ -എ.കെ ആന്റണി
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ശത്രുക്കള്‍ കോണ്‍ഗ്രസ് തന്നെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പരസ്പരം കലഹിക്കുന്ന യാദവ കുലം പോലെയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് പാര്‍ട്ടി. നേതാക്കളുടെ പരസ്യ പ്രസ്താവനാ യുദ്ധം പാര്‍ട്ടിയെ തകര്‍ക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 67ലേതിനേക്കാള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കടന്നു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവവന്തപുരത്ത് കരുണാകരന്റെ ജന്മശതാബ്ദി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുണാകന്റെ കാലത്ത് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഗ്രൂപ്പിസം ഇല്ലാതാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരില്‍ നിന്ന് പാഠം പഠിക്കണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസിനെ തകര്‍ത്തവരാണ് ഇന്നത്തെ നേതാക്കളെന്ന് അടുത്ത തലമുറ പറയുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പാര്‍ട്ടി യോഗങ്ങള്‍ ഇന്നത്തെ പോലെ ആകരുത് . വിശദമായ ചര്‍ച്ച പാര്‍ട്ടി യോഗങ്ങളില്‍ നടക്കണം. നേതാക്കള്‍ യോഗത്തില്‍ പൂര്‍ണമായി പങ്കെടുക്കണം. കെ കരുണാകരന്‍ പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് ഇടക്ക് ഇറങ്ങി പോകാറില്ല എന്നും ആന്റണി വ്യക്തമാക്കി.
പാര്‍ട്ടി തീരുമാനമെടുത്താല്‍ അതായിരിക്കണം പാര്‍ട്ടി നയം. മുന്നണിയില്‍ പാര്‍ട്ടിക്ക് ഒരേ നിലപാടേ പാടുള്ളൂ എന്നു പറഞ്ഞ ആന്റണി കൊച്ചി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നല്‍കി നിയമസഭ പ്രമേയം പാസാക്കണം എന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."