തലപൊക്കുന്ന നേപ്പാള്‍
ഗ്രഹണകാലത്ത് ഞാഞ്ഞൂലിനും വിഷംവയ്ക്കുമെന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതാണ് ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നേപ്പാളിന്റെ പുതിയ ഭൂപടം വരയ്ക്കല്‍. രാജ്യത്തിന്റെ പല ഭാഗങ്ങളും ഉള്‍പ്പെടുത്തിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് ഐകകണ്‌ഠ്യേനയാണ് പാസാക്കിയത്. ഇന്ത്യയുമായി യാതൊരു ചര്‍ച്ചയും നടത്താതെയുള്ള ഈ ഭൂപടം വരയ്ക്കല്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ നേപ്പാള്‍ വലിയൊരു സൈനികശക്തിയായി ഉയിര്‍ത്തെഴുന്നേറ്റത് കൊണ്ടൊന്നുമല്ല. ഇന്ത്യയുടെ കൈക്കുടന്നയില്‍ മാത്രം ഒതുങ്ങാന്‍ ശേഷിയുള്ള നേപ്പാള്‍ ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ പ്രദേശങ്ങള്‍ അവരുടേതാക്കി മാറ്റിവരച്ചതിനു പിന്നില്‍ ചൈനയാണെന്ന് ഉറപ്പിക്കാന്‍ മറ്റുവഴി തേടേണ്ടതില്ല.
കൊവിഡ് മഹാമാരി ഇന്ത്യയെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുമ്പോഴാണ് അതിര്‍ത്തി രാജ്യങ്ങളായ പാകിസ്താനും നേപ്പാളും ചൈനയും മൂന്നു ഭാഗത്തുനിന്നും പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. എല്ലാ പ്രകോപനങ്ങളെയും അതിജയിക്കാനുള്ള ധൈര്യവും ശൗര്യവും ഇന്ത്യയ്ക്കുണ്ടെങ്കിലും നമ്മുടെ നയതന്ത്രപാളിച്ചകളാണോ ഇത്തരമൊരു അപകടകരമായ അവസ്ഥ സംജാതമാക്കിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നമ്മള്‍ പാകിസ്താന്റെ കടന്നുകയറ്റത്തില്‍ ശ്രദ്ധയൂന്നിയപ്പോള്‍ മറുവശത്ത് ചൈന വളരെ വിദഗ്ധമായി ഇന്ത്യക്കെതിരേ കരുക്കള്‍ നീക്കുകയായിരുന്നു.
വര്‍ഷങ്ങളുടെ ഇഴമുറിയാത്ത ബന്ധമായിരുന്നു ഇന്ത്യയും നേപ്പാളും തമ്മിലുണ്ടായിരുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതല്‍ സുദൃഢമാവുകയും ചെയ്തു. രാഷ്ട്രീയപരവും തന്ത്രപരവുമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ഇരുരാഷ്ട്രങ്ങളും അതീവ ശ്രദ്ധയാണ് വച്ചുപുലര്‍ത്തിയിരുന്നത്. നേപ്പാളില്‍ നേപ്പാള്‍ കോണ്‍ഗ്രസിന്റെ ഭരണം അവസാനിക്കുകയും മാവോയിസ്റ്റുകള്‍ അധികാരത്തില്‍ വരികയും ചെയ്തതോടെയാണ് ഇന്ത്യ-നേപ്പാള്‍ ബന്ധം ശിഥിലമാകാന്‍ തുടങ്ങിയത്. ചൈനീസ് അനുകൂല നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയ നേപ്പാള്‍ ഭരണകൂടം കഴിഞ്ഞ 20 വര്‍ഷമായി അതിര്‍ത്തിയില്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് പ്രകോപനം സൃഷ്ടിക്കുകയാണ്. ചൈനയാണ് ഇതിനുപിന്നില്‍ എന്നറിഞ്ഞിട്ടും നേപ്പാളിനെ തന്ത്രപരമായി വലയത്തിലേക്ക് കൊണ്ടുവരുന്നതില്‍ ഇന്ത്യന്‍ നയതന്ത്ര വിദഗ്ധര്‍ ദയനീയമായി പരാജയപ്പെട്ടു. 2015-16 കാലത്തെ എ.പി ശര്‍മ ഓലിയുടെ ഭരണകാലത്താണ് ഇന്ത്യ-നേപ്പാള്‍ ബന്ധം വഷളാകാന്‍ തുടങ്ങിയത്.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയാകാന്‍ അമേരിക്കയോട് മത്സരിച്ചുകൊണ്ടിരിക്കുന്ന ചൈന അതിന്റെ ഹുങ്കില്‍ അതിര്‍ത്തിപങ്കിടുന്ന രാഷ്ട്രങ്ങളുമായി ഏറ്റുമുട്ടലിന്റെ പാതയിലാണിപ്പോള്‍. ചെറുരാഷ്ട്രങ്ങളെ കൂട്ടുപിടിച്ചാണ് ഈ നീക്കം. അതിനാല്‍ അമേരിക്കയുമായി കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്ന ഇന്ത്യ ചൈനയുടെ കണ്ണിലെ കരടാകുന്നതില്‍ അത്ഭുതവുമില്ല. ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച തടയുകയെന്നത് ചൈനയുടെ അജന്‍ഡയാണ്. ഈ അജന്‍ഡ മുന്‍നിര്‍ത്തിയാണ് അതിര്‍ത്തിരാജ്യങ്ങളെ ഇന്ത്യയ്‌ക്കെതിരേ ചൈന തിരിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ വാലറ്റമായി തോന്നിപ്പിക്കുന്ന ചെറുകഷ്ണമായ ശ്രീലങ്കയെപ്പോലും ചൈന വരുതിയിലാക്കിയത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. പാകിസ്താനെ ഉപയോഗിച്ചും സംഘര്‍ഷം സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. കഴിഞ്ഞ രണ്ടുമാസമായി അതിര്‍ത്തിയില്‍ നിരന്തരം ഷെല്ലാക്രമണം നടത്തുകയാണ് പാകിസ്താന്‍. 2017ല്‍ സിക്കിമിലെ ദോക്ക്‌ലാമിലുണ്ടായ പ്രശ്‌നത്തിനുശേഷം പാകിസ്താനെ ഉപയോഗിച്ച് ചൈന നമ്മുടെ അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത് രൂക്ഷമാക്കിയിരിക്കുകയാണ്. ആയുധങ്ങളും നിര്‍ലോഭം നല്‍കിവരുന്നു.
ഇന്ത്യന്‍ അതിര്‍ത്തികളില്‍ നിന്ന് ചൈന പിന്മാറിക്കൊണ്ടിരിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള ഗല്‍ വാന്‍ താഴ്‌വരയില്‍നിന്ന് മാത്രമാണ് പിന്മാറ്റം ആരംഭിച്ചത്. പാംഗോങ് മലനിരകളില്‍ നിന്നുള്ള പിന്മാറ്റത്തിന്റെ കാര്യത്തില്‍ ചൈന കടുംപിടിത്തം തുടരുകയാണ്.
കഴിഞ്ഞ ഏപ്രില്‍ അവസാനം സംഘര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന തല്‍സ്ഥിതി പുനഃസ്ഥാപിക്കാതെ മറ്റൊന്നും സ്വീകാര്യമല്ലെന്ന് ഇന്ത്യ ചൈനയെ അറിയിച്ചിട്ടുണ്ടെങ്കിലും അയല്‍രാജ്യങ്ങളെ ഉപയോഗിച്ചുള്ള പ്രകോപനം അവര്‍ അവസാനിപ്പിക്കുമെന്നു തോന്നുന്നില്ല. നിലവിലുള്ള കടന്നുകയറ്റങ്ങളില്‍ നിന്ന് ചൈനയെ പിന്തിരിപ്പിക്കാന്‍ ബലപ്രയോഗം വേണ്ടെന്ന ഇന്ത്യയുടെ തീരുമാനം ബുദ്ധിപരമാണ്. ചൈന-പാകിസ്താന്‍-നേപ്പാള്‍ അച്ചുതണ്ടിലൂടെ വടക്കുകിഴക്കന്‍ മേഖലയെ ഇന്ത്യയില്‍നിന്ന് വേര്‍പ്പെടുത്താനുള്ള ചൈനയുടെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായിട്ടു വേണം നേപ്പാളിന്റെ പുതിയ ഭൂപടം വരയ്ക്കലിനെ കാണാന്‍. ചൈനയും പാകിസ്താനും സൈനിക, രാഷ്ട്രീയ മേഖലകളില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. ഇതിലേക്ക് നേപ്പാളിനെയുംകൂടി ചേര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ചൈനയുടെ നീക്കങ്ങള്‍. സങ്കീര്‍ണമായ ഈ അവസ്ഥാവിശേഷത്തെ സംയമനത്തോടെയും ക്ഷമയോടെയും സമീപിക്കുകയെന്ന രീതിയാണ് ഇന്ത്യ അനുവര്‍ത്തിച്ചുപോരുന്നത്. ചര്‍ച്ചകളിലൂടെ നേപ്പാളിന്റെ തെറ്റായ ഭൂപടം വരയ്ക്കലിനെ തിരുത്തിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."