സൗജന്യ വിതരണത്തിനെത്തിച്ച അരി മറിച്ചുവിറ്റതായി പരാതി
സുല്‍ത്താന്‍ ബത്തേരി: പ്രളയദുരിതാശ്വാസമായി റേഷന്‍കടകള്‍ വഴി സൗജന്യമായി വിതരണം ചെയ്യുന്നതിനെത്തിച്ച അരി മറിച്ചുവിറ്റതായി പരാതി. കേരള ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) ബത്തേരി ഏരിയാ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് പരാതി ഉന്നയിച്ചത്.
ബത്തേരി കല്ലുവയലിലെ സിവില്‍ സപ്ലൈസിന്റെ ഗോഡൗണില്‍ നിന്ന് റേഷന്‍കടകളിലേക്ക് വിതരണത്തിന് അയച്ച അരി ലോഡാണ് സ്വകാര്യ ഗോഡൗണിലേക്ക് കടത്തിക്കൊണ്ടുപോയ ശേഷം മറിച്ചുവിറ്റതായി ആക്ഷേപമുയര്‍ന്നത്. ഗോഡൗണില്‍ നിന്ന് റേഷന്‍കടകളിലേക്ക് വാതില്‍പ്പടി വിതരണം നടത്തുന്നതിന് കരാറെടുത്തവരാണ് ഇതിന് പിന്നിലുള്ളതെന്നാണ് പരാതി. ഈ മാസം 20ന് രാവിലെ പത്തോടെ കല്ലുവയലിലെ സിവില്‍ സപ്ലൈസിന്റെ ഗോഡൗണില്‍ നിന്ന് വാതില്‍പ്പടി വിതരണത്തിന് കരാറെടുത്തവരുടെ ലോറിയില്‍ റേഷന്‍ കടകളിലേക്ക് അരി കയറ്റി അയച്ചിരുന്നു. 25 കിലോ വീതമുള്ള 400 ചാക്ക് അരിയാണ് ലോറിയില്‍ കയറ്റിയത്. ഈ അരി ലോഡ് ദൊട്ടപ്പന്‍ കുളത്തുള്ള ലോറി ഉടമയുടെ സ്വകാര്യ ഗോഡൗണിലേക്കാണ് കൊണ്ടുപോയതെന്നും അടുത്ത ദിവസം ഈ അരി, ചാക്ക് മാറ്റി നിറച്ച ശേഷം ഇവരുടെ തന്നെ മറ്റൊരു ലോറിയില്‍ കയറ്റി ബത്തേരിയിലെ ഒരു ട്രേഡിങ് കമ്പനിയില്‍ വിറ്റുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ഗോഡൗണില്‍ നിന്ന് അരിയുമായി പോയ ലോറിയിലെ ഡ്രൈവറെ വഴിയില്‍വച്ച് മാറ്റി, പകരം കര്‍ണാടക സ്വദേശിയായ ഒരു ഡ്രൈവറെ ഉപയോഗിച്ചാണ് അരി കടത്തിക്കൊണ്ടുപോയതത്രെ. ഇതുസംബന്ധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ലിജോ ജോണി ബത്തേരി പൊലിസിനും സപ്ലൈക്കോ അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം പരാതി സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയായി. ഗോഡൗണിലെ സ്റ്റോക്ക് പരിശോധിച്ചു. പരാതിയില്‍ പറഞ്ഞിരിക്കുന്ന സ്ഥാപനത്തിലെത്തി മൊഴിയെടുത്തതായും ജില്ലാ സപ്ലെ ഓഫിസര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ബത്തേരി താലൂക്ക് സിവില്‍ സപ്ലെ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."