കേബിള്‍ കുഴി നിര്‍മാണം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു
കേളകം: റോഡിന് വശമുള്ള കാനകള്‍ ഇല്ലാതാക്കിയുള്ള സ്വകാര്യ കമ്പനിയുടെ കേബിള്‍ കുഴി നിര്‍മാണം മലയോരത്തെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് കാരണമാവുന്നു. കാനകള്‍ ഇല്ലാതായതോടെ റോഡിലൂടെ ഒഴുകുന്ന ചെളിയും വെള്ളവും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ഭീഷണിയായി മാറുകയാണ്.
റോഡ് നിര്‍മാണ സമയത്തുണ്ടായിരുന്ന കാനകളില്‍ പലതും മൂടിയാണ് കേബിള്‍ കുഴി നിര്‍മാണം നടന്നിട്ടുള്ളത്. പല സ്ഥലത്തും കുഴിച്ച കുഴി കൃത്യമായി മൂടാത്തതുകൊണ്ട് തന്നെ റോഡ് സൈഡിലേക്ക് ഇറങ്ങുന്ന വാഹനങ്ങള്‍ പലപ്പോഴും കുഴിയിലകപ്പെടുന്നതും നിത്യ സംഭവമായിരിക്കുകയാണ്. കാനകള്‍ മൂടിയത് കാരണം കുത്തിയൊഴുകയെത്തുന്ന മഴവെള്ളം കാരണം റോഡുകളില്‍ പല സ്ഥലത്തും വലിയ ഗര്‍ത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഇതും വാഹനയാത്രക്കാര്‍ക്ക് ദുരിതമാണ് സമ്മാനിക്കുന്നത്.
റോഡിന്റെ അരിക് ചേര്‍ത്ത് തന്നെ കേബിള്‍ കുഴി കുഴിച്ചത് കാല്‍നടയാത്രക്കാര്‍ക്കും പതിസന്ധി സൃഷ്ടിക്കുന്നു. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍ നടയാത്രികര്‍ക്ക് ഒഴിഞ്ഞ് നില്‍ക്കാന്‍ പോലും കഴിയാത്ത വിധത്തിലാണ് മലയോരത്തെ ചെറുഗ്രാമങ്ങളില്‍ പോലുമുള്ള റോഡുകളുടെ അവസ്ഥ. ഈ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."