കെ.എസ്.ആര്.ടി.സി ബസില്‍ യാത്രക്കാരന് കുഴഞ്ഞ് വീണു; സഹായിയായത് കണ്ടക്ടര്‍
പയ്യന്നൂര്‍: ബസ് യാത്രക്കിടയില്‍ കുഴഞ്ഞുവീണ യാത്രക്കാരന്റെ രക്ഷകനായത് കെ.എസ്.ആര്.ടി.സി ബസ് കണ്ടക്ടര്‍. കണ്ടക്ടറുടെ അവസരോചിതമായ ഇടപെടല്‍ കാരണമാണ് യാത്രക്കാരന് ജീവന് തിരിച്ച് കിട്ടിയത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കാസര്‍ഗോഡേക്കുള്ള രാത്രികാല സര്‍വിസ് നടത്തുന്ന കെ.എസ്.ആര്.ടി.സി ബസില്‍ കയറിയ യാത്രക്കാരനാണ് പയ്യന്നൂര്‍ സെന്റര്‍ ബസാറില്‍ എത്തിയപ്പോഴേക്കും കുഴഞ്ഞു വീണത്.
മലപ്പുറം താനൂര്‍ സ്വദേശി ഖാദറിന്റെ മകന് സഹദാണ് (25) ബസ് യാത്രക്കിടയില്‍ കുഴഞ്ഞുവീണത്. ബുധനാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. കുഴഞ്ഞുവീണ സഹദിനെ സഹയാത്രികര്‍ താങ്ങിയെടുത്ത് സീറ്റിലിരുത്തുകയായിരുന്നു. കാസര്‍ഗോഡ് ഡിപ്പോയിലെ ബസ് കണ്ടക്ടറും കയ്യൂര്‍ സ്വദേശിയുമായ കെ.എം ബാലകൃഷ്ണന് ഉടന്‍തന്നെ ഡിപ്പോ അധികൃതരെ വിവരമറിയിച്ച് നിര്‍ത്തിയട്ട ശേഷം കണ്ടക്ടര്‍ തന്നെ ഇയാളെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇവിടുത്തെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം പരിയാരം മെഡിക്കല്‍ കൊളജിലെത്തിക്കുകയും മലപ്പുറത്തെ ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. തൃക്കരിപ്പൂര്‍ സി.എച്ച് സെന്റര്‍ ആംബുലന്‍സ് ഡ്രൈവര്‍ കാരോളത്തെ യൂനസും സഹായത്തിന് കണ്ടക്ടര്ക്കൊപ്പമുണ്ടായിരുന്നു. തക്ക സമയത്ത് ചികിത്സ ലഭ്യമാക്കിയതിനാലാണ് ഇയാളെ രക്ഷിക്കാനായത്. കണ്ടക്ടര്‍ തിരിച്ചെത്തിയ ശേഷമാണ് ബസ് കാസര്‍ഗോഡേക്ക് യാത്ര തുടര്‍ന്നത്.
ഇത്രയും സമയം യാത്രക്കാര്‍ കണ്ടക്ടറുടെ വരവും കാത്ത് ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. പരിയാരം മെഡിക്കല്‍ കൊളജില്‍ ചികിത്സയില്‍ കഴിയുന്ന സഹദ് സുഖം പ്രാപിച്ചുവരുന്നു. വിവരമറിഞ്ഞ് ബന്ധുക്കള്‍ പരിയാരത്തെത്തിയിട്ടുണ്ട്. എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ കണ്ണൂരിലിറങ്ങിയ സഹദ് റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ബസില്‍ കയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."