ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം
തിരുവനന്തപുരം / കഴക്കൂട്ടം: ശ്രീകാര്യത്ത് ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
വര്‍ക്കല ചാവടിമുക്ക് മുട്ടപ്പലം തുണ്ടുവിള വീട്ടില്‍ ഷൈജു സത്യനെ (42) ആണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ക്കലയിലെ റിസോര്‍ട്ടില്‍ ജീവനക്കാരനായിരുന്നു ഷൈജു. കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
സംഭവം കൊലപാതകമാണെന്ന സംശയത്തില്‍ കഴക്കൂട്ടം അസി. കമ്മിഷണര്‍ ആര്. അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. ശരീരത്തിലും മുഖത്തുമേറ്റ മുറിവുകളും കെട്ടിടത്തിലേക്ക് കയറിപ്പോകുന്ന പടികളിലും മൃതദേഹം കിടന്നിരുന്ന സ്ഥലത്തും രക്തക്കറ കണ്ടെത്തിയതും മരിച്ച നിലയില്‍ കണ്ട സ്ഥലവും ദുരൂഹത ഉയര്‍ത്തുന്നതായി ശ്രീകാര്യം പൊലിസ് പറഞ്ഞു.ശ്രീകാര്യം ജങ്ഷനു സമീപം സ്വകാര്യ ബാങ്കിന് പിന്‍വശത്ത് രണ്ട് കെട്ടിടങ്ങള്‍ക്കിടയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തില്‍ മുഖത്തും ശരീരത്തിലും മുറിവുകളുണ്ട്. രണ്ടു ദിവസമായി ഷൈജുവിനെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പൊലിസിനെ അറിയിച്ചു. ഇടയ്ക്ക് ഇങ്ങനെ പോകാറുണ്ടെന്നും രണ്ടു ദിവസം മുന്‍പ് താന്‍ വര്‍ക്കലയിലെ റിസോര്‍ട്ടിലുണ്ടെന്നും ചിലര്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഷൈജു ഭാര്യയെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നതായും ഇവര്‍ പൊലിസിനോട് പറഞ്ഞു.
ഞായറാഴ്ച വര്‍ക്കലയില്‍ നടന്ന സംഘര്‍ഷത്തില്‍ പരുക്കേറ്റ ഷൈജുവിനെ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് കല്ലമ്പലം പൊലിസ് പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ബൈക്കിലെത്തിയ രണ്ടുപേര്‍ തന്നെ വെട്ടിവീഴ്ത്തിയെന്നാണ് ഇയാള്‍ പൊലിസിനോട് പറഞ്ഞത്. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് ആംബുലന്‍സില്‍ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഒ.പി ടിക്കറ്റ് എടുത്തെങ്കിലും ആശുപത്രിയില്‍നിന്ന് ഇയാള്‍ മുങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."