നോക്കുകുത്തിയാകുന്ന ഒടുവള്ളി കംഫര്‍ട്ട് സ്റ്റേഷന്
ആലക്കോട്: ഒടുവള്ളി ബസ് സ്റ്റാന്റിലെ പഞ്ചായത്ത് കംഫര്‍ട്ട് സ്റ്റേഷന് നോക്കുകുത്തിയായതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ചപ്പാരപ്പടവ് പഞ്ചായത്തിലാണ് തിരിഞ്ഞുനോക്കാന്‍ ആളില്ലാതെ കംഫര്‍ട്ട് സ്റ്റേഷന് ഉപയോഗ ശൂന്യമായത്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലെ ഏക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍നിന്ന് വിളിപ്പാടകലെയാണ് ഒടുവള്ളി ബസ് സ്റ്റാന്റ്. രോഗികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ഉപയോഗിക്കാവുന്ന വിധത്തിലാണ് ബസ് സ്റ്റാന്റില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കംഫര്‍ട്ട് സ്റ്റേഷന് നിര്‍മിച്ചത്.
ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഇതൊരു അനുഗ്രഹമായിരുന്നു. തളിപ്പറമ്പ്-കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ കൂടി സര്‍വിസ് നടത്തുന്ന മുഴുവന്‍ ബസുകളും ഈ സ്റ്റാന്റ് വഴിയാണ് കടന്നു പോകുന്നത്. സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധി പേരാണ് ദിവസേന ഇവിടെ ബസ് കാത്തുനില്‍ക്കുന്നത്. പ്രഥാമികാവശ്യങ്ങള്ക്ക് ഈ കംഫര്‍ട്ട് സ്റ്റേഷനുള്ളില്‍ കയറിയാല്‍ മൂക്ക് പൊത്തി ഓടേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.
ഇവിടെ സ്ഥാപിച്ച ജലവിതരണ സംവിധാനം പോലും ഇപ്പോള്‍ കാണാനില്ല. പൊട്ടിയ പൈപ്പുകളും ജീര്‍ണാവസ്ഥയിലായ ശുചിമുറിയും ഇന്ന് കൊതുകുകളുടെയും പുഴുക്കളുടെയും കേന്ദ്രങ്ങളാണ്. വാതിലുകള്‍ സദാ സമയവും തുറന്നു കിടക്കുന്നത് കാരണം മദ്യപന്മാര് ഇവിടം കയ്യടക്കുന്നതായും ആരോപണമുണ്ട്. പാതുജനങ്ങള്‍ക്ക് ഉപകാരപെടുന്ന രീതിയില്‍ കംഫര്‍ട്ട് സ്റ്റേഷന് പുനര്‍നിര്‍മിക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."