പിണറായി കൂട്ടക്കൊല: പെന്‍ഡ്രൈവ് വിവരങ്ങള്‍ പരിശോധിച്ചു തുടങ്ങി
തലശ്ശേരി: പിണറായി കൂട്ടക്കൊലക്കേസില്‍ പെന്‍ഡ്രൈവിലെ വിവരങ്ങള്‍ പൊലിസ് പരിശോധിച്ചു തുടങ്ങി. പിണറായിയില്‍ മാതാപിതാക്കളെയും മകളെയും ഭക്ഷണത്തില്‍ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലാണു തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നിന്നുള്ള 32 ജി.ബി പെന്‍ഡ്രൈവിലെ വിവരങ്ങള്‍ പൊലിസ് പരിശോധിച്ചു തുടങ്ങിയത്.
പെന്‍ഡ്രൈവിലെ പല ഫോള്‍ഡറുകളും തുറന്ന് പരിശോധിക്കാന്‍ സാധിക്കാത്തതിനാല്‍ അന്വേഷണസംഘം കണ്ണൂര്‍ സൈബര്‍സെല്ലിലെ വിദഗ്ധരുടെ സഹായത്തോടയാണു പരിശോധന നടത്തുന്നത്. കേസില്‍ നിലവില്‍ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സൗമ്യക്കു പുറമെ സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നു വ്യക്തമാകണമെങ്കില്‍ പെന്‍ഡ്രൈവിന്റെ പരിശോധന പൂര്‍ത്തിയാകണം. കേസന്വേഷണം അവസാന ഘട്ടത്തിലേക്കു കടക്കുന്നതിനിടയിലാണു പ്രതി സൗമ്യയുടെ അഞ്ചു മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വിശദ വിവരങ്ങളടങ്ങിയ 32 ജി.ബി പെന്‍ഡ്രൈവ് അന്വേഷണസംഘത്തിനു ലഭിച്ചത്.
പിണറായി പടന്നക്കരയിലെ വണ്ണത്താന്‍വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), ഭാര്യ കമല (65), സൗമ്യയുടെ മകള്‍ ഐശ്വര്യ (എട്ട്) എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണു സൗമ്യയുടെ അഞ്ചു മൊബൈല്‍ ഫോണുകളില്‍ നിന്നു ശേഖരിച്ച ഫോണ്‍ സംഭാഷണങ്ങളും വോയ്‌സ് മെസേജുകളും ടെക്‌സ്റ്റ് മെസേജുകളും ഉള്‍പ്പെടെയുള്ളവ പൊലിസ് പരിശോധിക്കുന്നത്. ഫോണില്‍ നിന്നു മായിച്ചു കളഞ്ഞത് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ഒരുമാസത്തെ ശ്രമത്തിലൂടെ ഫോറന്‍സിക് സംഘം കണ്ടെടുത്തെങ്കിലും അവ പൂര്‍ണമായും തുറന്ന് പരിശോധിക്കാന്‍ അന്വേഷണസംഘത്തിനു സാധിക്കാതെ വന്നതിനാലാണു സൈബര്‍ സെല്ലിന്റെ സഹായം തേടിയത്. കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."