പ്രതികള്‍ ഏഴു ദിവസം കൂടി എന്‍.ഐ.എ കസ്റ്റഡിയില്‍
കൊച്ചി: നാവിക സേനയുടെ നിര്‍മാണത്തിലിരുന്ന വിമാനവാഹിനി കപ്പലായ വിക്രാന്തില്‍ നടന്ന മോഷണക്കേസ് പ്രതികള്‍ക്കായി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ എന്‍.ഐ.എ പ്രത്യേക കോടതി അംഗീകരിച്ചു.
ഏഴു ദിവസം കൂടി പ്രതികളെ എന്‍.ഐ.എ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഉത്തരവിട്ടത്.
ബിഹാര്‍ മംഗൂര്‍ സ്വദേശി സുമിത്കുമാര്‍ സിങ് (23), രാജസ്ഥാന് ഹനുമന്ദ് നഗര്‍ സ്വദേശി ദയാ റാം(22) എന്നിവരെയാണ് കഴിഞ്ഞ ദിവസം എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.
പത്തു ദിവസത്തേയ്ക്കാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. മോഷ്ടിക്കപ്പെട്ടതില്‍ ഒരു മൈക്രോ പ്രൊസസര്‍ കണ്ടെത്തേണ്ടതുണ്ടെന്ന അന്വേഷണസംഘത്തിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കസ്റ്റഡിക്ക് അനുമതി നല്‍കിയത്.
ഒരു മൈക്രോ പ്രൊസസര്‍ മാത്രമാണ് ഇനി കണ്ടെത്താനുള്ളതെന്ന് അന്വേഷണസംഘം കോടതിയില്‍ അറിയിച്ചു. ആകെ 20 ഉപകരണങ്ങളാണ് സംഘം മോഷ്ടിച്ചത്. ഇതില്‍ 19 എണ്ണവും കണ്ടെത്തിയിട്ടുണ്ട്. ഇനി കിട്ടാനുള്ള മൈക്രോ പ്രൊസസര്‍, മോഷ്ടാക്കള്‍ ഒ.എല്‍.എക്സ് വഴി വില്പന നടത്തിയതായി കണ്ടെത്തി.
ഇത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നും എന്‍.ഐ.എ സംഘം കോടതിയില്‍ വ്യക്തമാക്കി. ദേശീയ സുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും ഉണ്ടായോ എന്ന് പരിശോധിക്കുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."