സി.പി.ഐ ഭയപ്പെടുന്ന വിദൂര മൂന്നാംസ്ഥാനം
നിലനില്‍പ്പിനായി പോരാടാനും അതിനു ഭീഷണി നേരിടുമ്പോള്‍ പ്രതിരോധിക്കാനും ലോകത്തുള്ള എല്ലാ ജീവികള്‍ക്കും അവകാശമുണ്ട്. അതു മാത്രമാണിപ്പോള്‍ കേരളത്തില്‍ സി.പി.ഐ ചെയ്യുന്നത്. ചിലര്‍ അതിനെ മുന്നണിമര്യാദയുടെ ലംഘനമെന്നു വിളിക്കും. ചിലര്‍ അതിനെ മൂത്ത ആദര്‍ശമെന്നു വിശേഷിപ്പിക്കും. അതു മുതലെടുക്കാന്‍ കാത്തിരിക്കുന്ന മറ്റു ചിലര്‍ പ്രോത്സാഹനവിശേഷണങ്ങള്‍ നല്‍കും. സംഗതി അതൊന്നുമല്ല, നിവൃത്തികേടുകൊണ്ടു മാത്രം സംഭവിച്ചുപോകുന്നതാണ്.
ഒരുകാലത്തു പേരും പെരുമയും നാലഞ്ച് എരുമയുമൊക്കെയുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് തറവാടുകളുടെ അവസ്ഥ ഇപ്പോള്‍ ദയനീയമാണ്. യെച്ചൂരിയുടെയും കാരാട്ടിന്റെയും സുധാകര്‍ റെഡ്ഢിയുടെയുമൊക്കെ മുഖത്തെ ദൈന്യത കണ്ടാലറിയാം ഊരിലെ പഞ്ഞം. കേരളമൊഴികെ മറ്റൊരിടത്തും പറഞ്ഞുനില്‍ക്കാന്‍ പറ്റിയ ഇടമില്ല. സി.പി.എമ്മിനു വേണമെങ്കില്‍ നമ്മുടെ ഒരു ജില്ലയോളം മാത്രം വരുന്ന ത്രിപുര കൂടി ഉണ്ടെന്നു പറയാം.
സി.പി.ഐക്ക് അതുമില്ല. ലോക്‌സഭയില്‍ ആകെയുള്ള ഒരംഗം കേരളത്തിലാണ്. ഭരണപങ്കാളിത്തമുള്ളതും ഇവിടെ മാത്രം. ആ മേല്‍വിലാസംകൂടി നഷ്ടപ്പെട്ടാല്‍ സി.പി.ഐ എന്ന പേരില്‍ ഒരു കത്തയച്ചാല്‍ എം.എന്‍ സ്മാരകത്തില്‍പോലും കിട്ടില്ല.
ഇവിടെയിപ്പോള്‍ കാര്യങ്ങള്‍ അത്ര ഭദ്രമല്ല. അടുത്തകാലം വരെ രണ്ടു മുന്നണികളില്‍ മാത്രമുള്ള പോരില്‍ മാറിമാറി അധികാരം കിട്ടുമെന്ന നിലയുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. എന്ത് അഭ്യാസം കാണിച്ചും കാലുറപ്പിക്കാന്‍ കാത്തിരിക്കുന്ന മറ്റൊരു കൂട്ടര്‍ വേറെയുണ്ടിപ്പോള്‍. അവരെയും സൂക്ഷിക്കണം.
ഇത്തരമൊരു സാഹചര്യത്തില്‍ സി.പി.ഐക്കാര്‍ ബംഗാളിലേക്കു നോക്കിപ്പോയാല്‍ അവരെ കുറ്റം പറയാനാവില്ല. സര്‍വപ്രതാപങ്ങളോടെയും ഇടതുപക്ഷം മൂന്നരപതിറ്റാണ്ടോളം വാണ ബംഗാളില്‍ തകര്‍ച്ചയുടെ അങ്ങേയറ്റത്താണവര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം എത്തിപ്പെട്ട മൂന്നാംസ്ഥാനം അവിടെ തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പുകളിലും ദയനീയമായി ആവര്‍ത്തിക്കുകയാണ്. ഏറ്റവുമൊടുവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശുപോലും നഷ്ടമാകുന്ന തരത്തിലുള്ള വിദൂര മൂന്നാംസ്ഥാനത്തെത്താന്‍ വിധിയുണ്ടായതു സി.പി.ഐ സ്ഥാനാര്‍ഥിക്കാണ്.
കേരളത്തിലെ ഭരണം ഇങ്ങനെയാണു പോകുന്നതെങ്കില്‍ അധികം വൈകാതെ അത്തരമൊരു നിലനില്‍പ്പു ഭീഷണി ഇവിടെയുമുണ്ടാകുമെന്നു സി.പി.ഐക്കു മാത്രമല്ല സി.പി.എം നേതൃത്വത്തിലെ ചിലര്‍ക്കും അവരുടെ സ്തുതിപാഠകര്‍ക്കുമൊഴികെ മറ്റെല്ലാവര്‍ക്കുമറിയാം. പല വിഷയങ്ങളിലായി നാട്ടുകാരെ വാശിപിടിച്ചു വെറുപ്പിച്ചുകൊണ്ടിരിക്കുകയാണു ഭരണനേതൃത്വം. ഇത് ഇടതുമുന്നണിയിലുണ്ടാക്കിയേക്കാവുന്ന കൂട്ടക്കൊഴിഞ്ഞുപോക്കില്‍നിന്നു സ്വന്തം പ്രവര്‍ത്തകരെയെങ്കിലും തടഞ്ഞുനിര്‍ത്തണം സി.പി.ഐക്ക്. അതിനവര്‍ കാട്ടിക്കൂട്ടുന്ന പെടാപ്പാടിനു മാധ്യമങ്ങള്‍ വേറെ ചില വ്യാഖ്യാനങ്ങള്‍ നല്‍കുകയാണ്.
മൂന്നാറിലെ ഭൂമി കൈയേറ്റമൊഴിപ്പിക്കാന്‍ പണ്ടു വി.എസ് കരിമ്പൂച്ചകളെ വിട്ടപ്പോള്‍ സി.പി.എമ്മിലെ ഔദ്യോഗിക നേതൃത്വത്തോടൊപ്പംനിന്ന് അതിനെ ചെറുത്തുതോല്‍പിച്ച പഴയ രവീന്ദ്രന്‍ പട്ടക്കാര്‍ക്ക് ഇപ്പോള്‍ അവിടെ കൈയേറ്റം കാണുമ്പോള്‍ വല്ലാതെ മനസ്സു നോവുന്നതു മാത്രം ശ്രദ്ധിച്ചാല്‍ പുതിയ ആദര്‍ശശുദ്ധിയുടെ ഗുട്ടന്‍സ് പിടികിട്ടും.
*** *** *** ***
''രണ്ടു പേര്‍ ജയിക്കില്ലല്ലോ, ഒരങ്കത്തിലും''- പണ്ട് മച്ചുനന്‍ ആരോമല്‍ ചേവകര്‍ക്ക് അങ്കത്തുണ പോകാന്‍ നിര്‍ബന്ധിതനായി മാനസിക സംഘര്‍ഷമനുഭവിക്കുന്ന ചന്തുവിനോട് ആര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുമെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതായപ്പോള്‍ ഗുരു അരിങ്ങോടര്‍ പറഞ്ഞതാണിത്. അത് എല്ലാ അങ്കങ്ങളുടെയും അടിസ്ഥാന നീതിയാണ്. എന്നാല്‍, മലപ്പുറത്ത് കാര്യം അങ്ങനെയൊന്നുമല്ല. അവിടെ ഒരങ്കത്തില്‍തന്നെ പലരും ജയിക്കും. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ പെട്ടി തുറന്ന് എണ്ണിയപ്പോള്‍ ലോക്‌സഭയില്‍ പോകാനുള്ള അംഗീകാരം കിട്ടിയത് പി.കെ കുഞ്ഞാലിക്കുട്ടിക്കാണ്. എന്നാല്‍, ജയിച്ചവര്‍ വേറെയുമുണ്ട്. അതിനവര്‍ക്ക് ആവശ്യത്തിനു ന്യായങ്ങളുമുണ്ട്.
ജയിച്ച യു.ഡി.എഫിനെപ്പോലെ തന്നെ തോറ്റു രണ്ടാംസ്ഥാനത്തു വന്ന ഇടതുമുന്നണിക്കും വിജയം അവകാശപ്പെടാനുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി തട്ടിച്ചുനോക്കുമ്പോള്‍ അവര്‍ക്കു വര്‍ധിച്ച വോട്ട് ഒരു ലക്ഷത്തിനപ്പുറം. യു.ഡി.എഫിനു വര്‍ധിച്ചതാകട്ടെ 77,607 വോട്ടും. എന്നാല്‍, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിന്റെ കണക്ക് ഓര്‍ക്കാന്‍പോലും അവര്‍ ഇഷ്ടപ്പെടുന്നില്ലെന്നതു വേറെ കാര്യം. യു.ഡി.എഫിനുണ്ടായ വോട്ട് വര്‍ധനയിലും അവരുടെ ഭൂരിപക്ഷം കുറയ്ക്കാനായതും ഇടതിന്റെ മറ്റൊരു വിജയമായും അവകാശവാദം. എങ്കില്‍, ബി.ജെ.പി മാത്രം തോറ്റുകൊടുക്കേണ്ട കാര്യമില്ലല്ലോ. 957 വോട്ട് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ ലഭിച്ച അവരും അവകാശപ്പെടുന്നു വിജയം.
വീണിടത്തു കിടന്നുരുളല്‍ അധികാര രാഷ്ട്രീയത്തില്‍ പതിവു വ്യായാമമാണ്. അതുകൊണ്ടുതന്നെ ഈ അവകാശവാദങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ല. എന്നാല്‍, തോല്‍വിക്കു കണ്ടെത്തുന്ന ന്യായങ്ങള്‍ വലിയ വാദമുഖങ്ങളാണെന്നു നേതാക്കള്‍ ധരിക്കുമ്പോള്‍ നാട്ടുകാരില്‍ അതുണ്ടാക്കുന്നതു പരിഹാസ്യതയാണ്. സ്വന്തം പക്ഷം തോറ്റാല്‍ അവര്‍ക്ക് എതിരാളികളുടെ വിജയം വര്‍ഗീയതയുടെയും പണക്കൊഴുപ്പിന്റേതുമൊക്കെയാണ്. സ്വന്തം സ്ഥാനാര്‍ഥി ജയിച്ചാല്‍ അതു മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും വിജയവും.
ജനവിധി മാറുന്നതിനുസരിച്ച് ഇവര്‍ ഒരേ മണ്ഡലത്തിലെ വോട്ടര്‍മാരെ മതേതരവാദികളും വര്‍ഗീയവാദികളുമൊക്കയാക്കി മാറ്റും. മലപ്പുറത്തു മത്സരിക്കാതിരുന്ന എസ്.ഡി.പി.ഐയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും വോട്ട് മറുപക്ഷത്തിനു കിട്ടിയിട്ടുണ്ടെന്നും അതു വര്‍ഗീയ കൂട്ടുകെട്ടാണെന്നും എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ വാദിക്കുന്നു. കേരളത്തിലെ രാഷ്ട്രീയ നടപ്പുരീതി അറിയാവുന്നവര്‍ക്ക് ഈ വോട്ടുകള്‍ എങ്ങോട്ടുപോകുമെന്ന കാര്യത്തില്‍ നല്ല നിശ്ചയമുണ്ട്. എസ്.ഡി.പി.ഐയുടെ വോട്ട് വലിയൊരു പങ്ക് യു.ഡി.എഫിനു പോകാന്‍ സാധ്യതയുണ്ട്.
എന്നാല്‍, ഏറെക്കാലമായി ഇടതിനൊപ്പം സഞ്ചരിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയപൊയ്മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ട് ഇടതുപക്ഷത്തിനു തന്നെ കിട്ടും. വ്യക്തിബന്ധം വഴിയോ മറ്റോ ഇക്കൂട്ടത്തിലെ അല്ലറചില്ലറ വോട്ടുകള്‍ കുഞ്ഞാലിക്കുട്ടിക്കു കിട്ടിയിട്ടുണ്ടാകുമെന്നു മാത്രം. എന്നാലും നേതാക്കള്‍ക്ക് ഇവരെയൊക്കെ ചൂണ്ടിക്കാട്ടി പരസ്പരം പഴിചാരണം. സ്വന്തം പക്ഷത്തിനു വോട്ടു ചെയ്തവരെ വര്‍ഗീയവാദികളെന്നും മറുപക്ഷത്തെ സഹായിച്ചവരെന്നും വിളിക്കാന്‍ നേതാക്കള്‍ക്കൊന്നും ഒരു മടിയുമില്ല എന്നര്‍ഥം.
ഇവര്‍ക്കു വോട്ടു ചെയ്ത ജനം അതൊക്കെ സഹിച്ചാലും അതിനേക്കാള്‍ വലിയൊരു ക്രൂരതയുണ്ട്. സ്വന്തം ചേരിയെ തോല്‍പിക്കുന്നവരെ ചില നേതാക്കള്‍ വിവരമില്ലാത്തവരാക്കിക്കളയും. കുഞ്ഞാലിക്കുട്ടിയെ ജയിപ്പിച്ചത് മലപ്പുറത്തുകാര്‍ക്കു വിവരമില്ലാത്തതുകൊണ്ടാണെന്ന പ്രചാരണം ഇടതുചേരിയില്‍ സജീവമാണ്. എങ്ങാനും ഇവിടെ ഇടതുമുന്നണി ജയിച്ചിരുന്നെങ്കില്‍ ഇതേ നാവുകള്‍ തന്നെ ഇതേ മലപ്പുറത്തുകാരെ രാഷ്ട്രീയപ്രബുദ്ധരെന്നു വിളിക്കുമായിരുന്നു. ഫലം തിരിച്ചായിരുന്നെങ്കില്‍ മറുപക്ഷത്തു നിന്ന് ഇത്തരം അധിക്ഷേപങ്ങള്‍ വരാനുള്ള സാധ്യത തള്ളാനാവില്ല. രാഷ്ട്രീയനേതാക്കളുടെ വാഗ്ദാനങ്ങള്‍ കേട്ട് അവര്‍ക്കു വോട്ടുചെയ്യുന്ന പൗരന്മാര്‍ക്ക് ഇതുതന്നെ കിട്ടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."