തീവ്രവാദബന്ധം ആരോപിച്ച് ആക്രമണം; 20 പേര്‍ക്കെതിരേ കേസ്
ചൊക്ലി: കീഴ്മാടത്ത് യുവാവിനെയും ബന്ധുക്കളെയും കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ 20 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. സംഭവത്തില്‍ രണ്ടുപേരെ ചൊക്ലി പൊലിസ് അറസ്റ്റുചെയ്തു. ശനിയാഴ്ച രാത്രി 10.30ഓടെ കീഴ്മാടം ശ്രീനാരായണ മഠത്തിനു സമീപം പാനൂര്‍ സ്വദേശികളായ യുവാവിനെയും കുടുംബത്തെയുമാണ് കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. മര്‍ദനത്തിനിരയായ അധ്യാപികയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണു കേസ്. കീഴ്മാടം സ്വദേശികളായ ബന്ധുക്കളെ ഇറക്കി പാനൂരിലേക്കു മടങ്ങവെ തീവ്രവാദം ആരോപിച്ച് കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു. കാറില്‍ പാനൂര്‍ സ്വദേശികളായ യുവാവും അധ്യാപികയായ ഭാര്യയും ഇവരുടെ കുട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്രമിസംഘം യുവാവിനെയും ഭാര്യയേയും മര്‍ദിക്കുകയും കാര്‍ കേടുവരുത്തുകയും ചെയ്തു. ആക്രമണമറിഞ്ഞ് ചൊക്ലി പൊലിസ് സ്ഥലത്തെത്തിയിരുന്നു.
ആക്രമണം നടത്തിയ സഹോദരങ്ങളായ കീഴ്മാടം ശ്രീനാരായണ മഠത്തിനു സമീപം ആലീന്റെ വീട്ടില്‍ രജീഷ് (28), സുബീഷ് (26) എന്നിവരെയാണു എസ്.ഐ സഞ്ജയ് കുമാറും സംഘവും അറസ്റ്റുചെയ്തത്. ഇവരെ തലശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."