മൂന്ന് തവണ മത്സരിച്ചവര്‍ പുറത്ത്, യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാമുഖ്യം; തദ്ദേശ പോരാട്ടത്തിനൊരുങ്ങി ലീഗ്
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പുതിയ അടവുകളും നിലപാടുകളുമായി മുസ്‌ലിം ലീഗ്. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി പാര്‍ട്ടി ഘടകങ്ങള്‍ക്ക് നല്‍കിയ വിശദമായ സര്‍ക്കുലറിലാണ് തെരഞ്ഞെടുപ്പില്‍ പൊതുവായും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രത്യേകിച്ചും സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ ലീഗ് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയത്.
യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാമുഖ്യം നല്‍കണമെന്നതാണ് പ്രധാന നിര്‍ദേശം. മൂന്ന് തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അംഗങ്ങളായവര്‍ ഇനി മത്സരിക്കരുതെന്ന് സര്‍ക്കുലറില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഒരേ വീട്ടില്‍നിന്ന് ഒന്നിലധികം പേര്‍ മത്സരിക്കരുതെന്നും മോശമായ പ്രകടനം കാഴ്ചവച്ച ജനപ്രതിനിധികളെ വീണ്ടും രംഗത്തിറക്കരുതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
മൂന്നു തവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന നിര്‍ദേശം 2010ലും പാര്‍ട്ടി നല്‍കിയിരുന്നെങ്കിലും പല സ്ഥലങ്ങളിലും ലംഘിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇത്തവണ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ തന്നെയാണ് തീരുമാനം. ഈ വിഷയങ്ങളില്‍ ആര്‍ക്കും ഇളവ് നല്‍കാനും സാധ്യതയില്ല. ഇത്തരം നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ ജില്ലാതല പാര്‍ലമെന്ററി സമിതികളുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാദേശിക ഭരണകൂടങ്ങളായി മാറുന്ന കാലത്ത് പുതുതലമുറയോട് സംവദിക്കാന്‍ കഴിയാത്തവര്‍ പരാജയപ്പെടുമെന്ന തിരിച്ചറിവും ഈ തീരുമാനത്തിന്റെ പിന്നിലുണ്ടെന്നാണ് വിവരം.
യു.ഡി.എഫില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ലീഗ് മുന്‍കൈയെടുക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. യു.ഡി.എഫുമായി രാഷ്ട്രീയമായി സഹകരിക്കാന്‍ പറ്റുന്ന വിഭാഗങ്ങളുമായോ സംഘടനകളുമായോ നീക്കുപോക്കുകള്‍ നടത്താനുള്ള പച്ചക്കൊടിയും ഔദ്യോഗികമായി പാര്‍ട്ടി നല്‍കിയിട്ടുണ്ട്. വിജയത്തിനായി പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ഥികളെ പരിഗണിക്കാമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങളും പടലപ്പിണക്കങ്ങളും അടിയന്തരമായി പരിഹരിക്കണമെന്നും നിലവിലുള്ള രാഷ്ട്രീയ അവസ്ഥയെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് ജൂണ്‍ 30നകം ജില്ലാ കമ്മിറ്റികള്‍ക്ക് നല്‍കണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."