നിലമ്പൂരിലെ 'ജിയോ' വിവാദം; മിനുട്‌സില്‍ കൗണ്‍സിലര്‍മാര്‍ അറിയാതെ തീരുമാനങ്ങള്‍ എഴുതിച്ചേര്‍ത്തു
നിലമ്പൂര്‍: റിലയന്‍സ് ജിയോ കമ്പനിക്കു നഗരസഭാ പരിധിയില്‍ കേബിള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച വിവാദം വീണ്ടും കത്തുന്നു. കേബിള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കുന്നതു സംബന്ധമായി നഗരസഭാ കൗണ്‍സില്‍ എടുക്കാത്ത തീരുമാനങ്ങള്‍ മിനുട്‌സില്‍ തിരുത്തിയെന്നാരോപിച്ചു സി.പി.ഐ കൗണസിലര്‍ പി.എം ബഷീര്‍, സ്വതന്ത്ര കൗണ്‍സിലര്‍മാരായ മുസ്തഫ കളത്തുംപടിക്കല്‍, പി. ഗോപാലകൃഷ്ണന്‍ എന്ന മണി എന്നിവര്‍ നഗരസഭാ സെക്രട്ടറിക്കു വിയോജനക്കുറിപ്പ് നല്‍കി.
ഈ മാസം പതിനൊന്നിനു ചേര്‍ന്ന കൗണ്‍സിലിന്റെ തീരുമാനത്തിന്റെ പകര്‍പ്പ് പൊലിസ് ഇടപെട്ടതിനെ തുടര്‍ന്ന് ഒരാഴ്ച കഴിഞ്ഞാണ് അംഗങ്ങള്‍ക്കു നല്‍കിയത്. മുഴുവന്‍ തീരുമാനങ്ങളുടെയും പകര്‍പ്പ് നല്‍കണമെന്നിരിക്കെ ക്രമനമ്പര്‍ ആറിന്റെ തീരുമാനത്തിന്റെ പകര്‍പ്പ് മാത്രമാണ് നല്‍കിയത്. കൗണ്‍സില്‍ തീരുമാന പ്രകാരം നഗരസഭാ സെക്രട്ടറിയാണ് ബോര്‍ഡിന്റെ അനുമതിയില്ലാതെ റിലയന്‍സ് കമ്പനിക്കു മകരാര്‍ നല്‍കിയതെന്നും സെക്രട്ടറിക്കെതിരേ നടപടി സ്വികരിക്കുന്നതിനും പൊലിസില്‍ പരാതിപ്പെടുന്നതിനും വകുപ്പുതല നടപടിക്കു ശുപാര്‍ശ ചെയ്യാനും കൗണ്‍സില്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍, ലഭിച്ച മിനുട്‌സിന്റെ പകര്‍പ്പില്‍ ഈ തീരുമാനങ്ങള്‍ അപ്രത്യക്ഷമാണ്. ഇല്ലാത്ത തീരുമാനങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുമുണ്ട്. നഗരസഭാ റോഡുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതിനു റിലയന്‍സ് ഇന്‍ഫോകോം ലിമിറ്റഡില്‍നിന്നു 68,47,500 രൂപ സ്വീകരിച്ചതില്‍ അപാകതയുണ്ടെങ്കില്‍ പ്രവൃത്തികള്‍ക്കു പിഴയീടാക്കാമെന്നു കൗണ്‍സില്‍ തീരുമാനിച്ചതായി പുതുതായി എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഈ തീരുമാനം കൗണ്‍സില്‍ എടുത്തിട്ടില്ലെന്നും വാങ്ങിയ രൂപ നിയമവിരുദ്ധമായി സ്വീകരിച്ചതിനു നിയമസാധുത ലഭിക്കാന്‍ വേണ്ടിയാണ് ഇതു ചേര്‍ത്തതെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
മിനുട്‌സ് തിരുത്തിയതിനെതിരേ നഗരകാര്യ ഡയറക്ടര്‍ക്കു പരാതി നല്‍കിയിട്ടുമുണ്ട്. അതിനിടെ, ഇന്നു ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തില്‍ നഗരസഭയിലേക്കു മാര്‍ച്ച് നടത്തുമെന്നറിയുന്നു. സി.പി.ഐ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ്, ലോകായുക്ത, ഓംബുഡ്‌സ്മാന്‍ എന്നിവര്‍ക്കു പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."