സപ്ത തിന്മകള്‍ ആലേഖനം ചെയ്ത മെമന്റോ കലക്ടര്‍ക്ക് സമ്മാനിച്ചു
മലപ്പുറം: സാമൂഹിക തിന്മകളുടെ ഹേതുവായി മഹാത്മാ ഗാന്ധി ദീര്‍ഘദര്‍ശനം ചെയ്ത സപ്ത തിന്മകള്‍ ആലേഖനം ചെയ്ത മെമന്റോ പന്തല്ലൂര്‍ ഹൈസ്‌കൂള്‍ ഗാന്ധിദര്‍ശന്‍ ക്ലബിലെ കുട്ടികള്‍ ജില്ലാ കലക്ടര്‍ അമിത് മീണയ്ക്ക് സമ്മാനിച്ചു. ഗാന്ധിദര്‍ശന്‍ മഞ്ചേരി സബ്ജില്ലാ നേതൃത്വ പരിശീലന ക്യാംപിന്റെ ഭാഗമായാണ് ഗാന്ധിജിയുടെ ചിത്രവും ഗാന്ധിജി പരാമര്‍ശിച്ച ഏഴ് തിന്മകളും അടങ്ങിയ ഫോട്ടോ ഫ്രൈം കുട്ടികള്‍ തയാറാക്കിയത്. ഇത് ജില്ലാ കലക്ടറുടെ ചേംബറില്‍ പതിക്കുന്നതിനായി പന്തല്ലൂര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ ടി. വൈഷ്ണവ്, ഒ. മുഹമ്മദ് മുസ്തഫ, എം.കെ. അഫ്‌സാന, കെ. അമൃത എന്നിവര്‍ കലക്ടര്‍ക്ക് കൈമാറി.
ആദര്‍ശമില്ലാത്ത രാഷ്ട്രീയം, അധ്വാനമില്ലാത്ത സമ്പത്ത്, മനുഷ്യത്വമില്ലാത്ത ശാസ്ത്രം, ധാര്‍മികത ഇല്ലാത്ത വാണിജ്യം, സ്വഭാവമഹിമ ഇല്ലാത്ത വിദ്യാഭ്യാസം, ത്യാഗമില്ലാത്ത ആരാധന, മനസാക്ഷിയില്ലാത്ത സന്തോഷം എന്നിവയായിരുന്നു സാമൂഹിക തിന്മകള്‍ക്ക് കാരണമായി ഗാന്ധിജി പലപ്പോഴായി പരാമര്‍ശിച്ച സപ്ത തിന്മകള്‍.
കലക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ നെഹ്‌റു യുവകേന്ദ്ര കോഡിനേറ്റര്‍ കെ. കുഞ്ഞമ്മദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അയ്യപ്പന്‍, ജില്ലാ ഗാന്ധിദര്‍ശന്‍ സമിതി ജനറല്‍ കണ്‍വീനര്‍ പി.കെ നാരായണന്‍, പന്തല്ലൂര്‍ ജി.എച്ച്.എസ്.എസ്. കോഡിനേറ്റര്‍ കെ.പി മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."