വേനല്‍ക്കാല സമയപ്പട്ടിക നാളെ നിലവില്‍വരും
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വേനല്‍ക്കാല സമയപ്പട്ടിക നാളെ നിലവില്‍വരും. ഒക്ടോബര്‍ 26 വരെയാണ് കാലാവധി. കണ്ണൂരിലേക്ക് പ്രതിദിനം മൂന്ന് സര്‍വിസുകളുണ്ട്. ഇന്‍ഡോര്‍, മൈസൂരു എന്നിവിടങ്ങളിലേക്കും പുതിയ സര്‍വിസുകള്‍ പ്രഖ്യാപിച്ചു. ഇസ്‌റാഈലിലെ പ്രമുഖ നഗരമായ ടെല്‍ അവീവിലേക്ക് സെപ്റ്റംബറില്‍ നേരിട്ടുള്ള സര്‍വിസ് ആരംഭിക്കുമെന്ന് ഇസ്‌റാഈലി വിമാനക്കമ്പനിയായ ആര്‍ക്കിയ സിയാലിനെ അറിയിച്ചിട്ടുണ്ട്.
ഈയാഴ്ച അവസാനിക്കുന്ന ശീതകാല സമയപ്പട്ടികയില്‍ പ്രതിവാര സര്‍വിസുകള്‍ 1528 ആയിരുന്നു. വേനല്‍ക്കാലപ്പട്ടികയില്‍ അത് 1672 ആയി ഉയര്‍ന്നിട്ടുണ്ട്. രണ്ടുവര്‍ഷം മുന്‍പ് പ്രവര്‍ത്തനം നിര്‍ത്തിയ മലേഷ്യ എയര്‍ലൈന്‍സ് ക്വലാലംപൂരിലേക്കുള്ള സര്‍വിസ് പുനരാരംഭിക്കും.
തിരുവനന്തപുരത്ത് നിന്നു വരുന്ന ഇന്‍ഡിഗോ വിമാനങ്ങളാണ് കണ്ണൂരിലേക്ക് പോകുന്നത്. ഇന്‍ഡിഗോ വിമാനം രാവിലെ 11.35 നും രാത്രി 9.05 നും ഗോ എയര്‍ വൈകിട്ട് 7.45നുമാണ് കൊച്ചിയില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെടുക. കണ്ണൂര്‍ സര്‍വിസിനായി ഇന്‍ഡിഗോ ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ഗോ എയര്‍ സര്‍വിസ് തുടങ്ങുന്ന തിയതി പ്രഖ്യാപിച്ചിട്ടില്ല. ഡി.ജി.സി.എയുടെ അനുമതി കിട്ടുന്നമുറയ്ക്ക് അലയന്‍സ് എയര്‍ ആഴ്ചയില്‍ ആറുദിവസം കൊച്ചിയില്‍ നിന്ന് മൈസൂരുവിലേക്ക് സര്‍വിസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്‍ഡിഗോയുടെ ഇന്‍ഡോര്‍ വിമാനം എല്ലാദിവസവും വൈകിട്ട് 7.25ന് കൊച്ചിയില്‍ നിന്ന് പുറപ്പെടും.
ഡല്‍ഹി- 84, ചെന്നൈ- 83, ബംഗളൂരു- 80, മുംബൈ- 52 എന്നിങ്ങനെയാണ് പ്രമുഖ നഗരങ്ങളിലേക്ക് കൊച്ചിയില്‍ നിന്നുള്ള പ്രതിവാര സര്‍വിസുകള്‍. അഗത്തി, അഹമ്മദാബാദ്, ഭുവനേശ്വര്‍, കൊല്‍ക്കത്ത, ഗുവാഹത്തി, ഗോവ, ഹൂബ്ലി, ഹൈദരാബാദ്, ജയ്പ്പൂര്‍, ലക്‌നൗ, നാഗ്പൂര്‍, പൂനെ, തിരുപ്പതി, തിരുവനന്തപുരം, തിരുച്ചിറപ്പള്ളി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കും കൊച്ചിയില്‍ നിന്ന് നേരിട്ടുള്ള സര്‍വിസുകളുണ്ട്. രാജ്യാന്തര മേഖലയില്‍ ശീതകാല സമയപ്പട്ടികയില്‍ നിന്ന് കാര്യമായ മാറ്റമില്ല.
ജെറ്റ് എയര്‍വെയ്‌സ് ദമാം, ദോഹ സര്‍വിസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ദുബൈയിലേക്കാണ് ഏറ്റവുമധികം സര്‍വിസുകളുള്ളത് (പ്രതിവാരം 45). അബൂദബിയിലേക്ക് 35ഉം ക്വലാലംപൂരിലേക്ക് 32ഉം സര്‍വിസുകളുണ്ട്. സെപ്റ്റംബറില്‍ ടെല്‍ അവീവിലേക്ക് കൊച്ചിയില്‍ നിന്ന് സര്‍വീസ് തുടങ്ങുമെന്നാണ് അര്‍ക്കിയ അറിയിച്ചിട്ടുള്ളത്. ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ 7.50ന് ടെല്‍ അവീവില്‍ നിന്ന് കൊച്ചിയില്‍ എത്തുന്ന വിമാനം രാത്രി 11.45ന് മടങ്ങിപ്പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."