അയല്‍വാസികളുടെ മരണം: ഞെട്ടല്‍ മാറാതെ മല്ലം പ്രദേശം
ബോവിക്കാനം: കാസര്‍കോട് ബി.എസ്.എന്‍.എല്‍ ഡിവിഷണല്‍ എന്‍ജിനിയര്‍ മല്ലം സ്‌കൂളിനു സമീപത്തെ സുധാകരന്‍(52) കഴിഞ്ഞ ദിവസം വെട്ടേറ്റു മരിച്ച വാര്‍ത്തയറിഞ്ഞ് വിറങ്ങലിച്ചു നില്‍ക്കേയാണ് പ്രതിയായ രാധകൃഷ്ണന്‍(52) കുമ്പളയില്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത വരുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 6.15 ഓടെയാണ് സുധാകരനെ ജോലി കഴിഞ്ഞ് മല്ലം ജങ്ഷനില്‍ ബസ് ഇറങ്ങി വീട്ടിലേക്കു പോകുന്ന റോഡരികിലെ ഇടവഴിയില്‍ വച്ച് കഴുത്തിനു വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. സുധാകരന്‍ കൊല്ലപ്പെട്ട് മണിക്കൂറിനകമാണ് കുമ്പളയിലെത്തിയ രാധാകൃഷ്ണന്‍ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്. സുധാകരനെ കൊലപ്പെടുത്തിയ കേസില്‍ പൊലിസ് തിരയുന്നതിനിടെയാണ് ഈ സംഭവം. വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നു. സുധാകരന്റെ വീടിനു സമീപത്തുകൂടിയുള്ള റോഡിലൂടെയാണ് രാധാകൃഷ്ണനും കുടുംബവും പോകാറുള്ളത്. ഇതിന്റെ പേരില്‍ പലതവണ ഇരുവരും തമ്മില്‍ വാക്കേറ്റവും നടന്നിരുന്നു.
സുധാകരന്‍ നടന്നു പോകുന്നതിനിടെ കാറോടിച്ച് പിന്നാലെയെത്തിയ രാധകൃഷ്ണന്‍ ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നുവത്രെ. ഇതിനു ശേഷം മല്ലം ജങ്ഷനിലുള്ള തന്റെ കടയിലെത്തിയ രാധാകൃഷ്ണന്‍ ജീവനക്കാരനോട് താന്‍ പോവുകയാണെന്ന് പറയുകയും ഒരു കുറിപ്പ് നല്‍കുകയും ചെയ്തിരുന്നു. പിന്നീട് വീട്ടിലെത്തിയ രാധാകൃഷ്ണന്‍ വീട്ടുകാരോട് സംഭവം പറയുകയും തന്നെ ഇനി കാത്തിരിക്കേണ്ട എന്നും അറിയിക്കുകയുണ്ടായി.
രാധാകൃഷ്ണന്റെ വീട്ടുപരിസരത്ത് ഉപേക്ഷിച്ച കാറിനുള്ളില്‍ നിന്നു വെട്ടാനുപയോഗിച്ചതെന്നു കരുതുന്ന മഴു പൊലിസ് കണ്ടെടുത്തു.
കാറിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്ന നിലയിലാണ്. ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി. രാധകൃഷ്ണന്റെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സുധാകരന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. കാസര്‍കോട് ടെലിഫോണ്‍ ഭവനിലെ പൊതുദര്‍ശനത്തിനു ശേഷം വീട്ടിലെത്തിച്ച് വൈകിട്ട് 4.30 ഓടെ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."