മറുകരയെത്താന്‍ മാര്‍ഗമില്ല; കടവ് സംരക്ഷണ സമിതി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു
തൃക്കരിപ്പൂര്‍: മറുകര കടക്കാന്‍ സംവിധാനം ഒരുക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് തൃക്കരിപ്പൂര്‍ കടപ്പുറം കടവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വലിയപറമ്പ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. രാവിലെ ഏഴുമുതല്‍ തന്നെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 150ഓളം പേര്‍ പഞ്ചായത്ത് ഓഫിസിലെത്തി ഉപരോധം തുടങ്ങിയിരുന്നു.
ഉപരോധ സമരത്തിനിടയില്‍ സമരം അനിശ്ചിതകാലത്തേക്ക് പ്രഖ്യാപിക്കുകയും സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഉച്ചക്കഞ്ഞി പഞ്ചായത്ത് ഓഫിസ് പരിസരത്ത് തന്നെ പാകം ചെയ്യാനും തുടങ്ങി. ഇതോടെ ഡി.ഡി.പി ഇടപെടുകയും ഡി.ഡി.പി ഓഫിസ് ജൂനിയര്‍ സൂപ്രണ്ട് ബിജുവിനെ വലിയപറമ്പിലേക്ക് അയക്കുകയും ചെയ്തു.
വലിയപറമ്പിലെത്തിയ ജൂനിയര്‍ സൂപ്രണ്ട് സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തുകയും ഏഴിനു ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കുമെന്ന ഉറപ്പില്‍ ഉച്ച കഴിഞ്ഞ് ഉപരോധം പിന്‍വലിക്കുകയും ചെയ്തു. ഡി.ഡി.പിയുടെ ഉറപ്പിന്മേല്‍ ഒന്‍പതാം തിയതിവരെ സമരപരിപാടികള്‍ ഉണ്ടാകില്ലെന്നും പരിഹാരമില്ലെങ്കില്‍ തുടര്‍ന്നും സമരത്തിലേക്കു നീങ്ങുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.
റോഡ് സൗകര്യമോ മറ്റോ ഇല്ലാത്ത വലിയപറമ്പിന്റെ തെക്കന്‍ മേഖലയിലുള്ളവര്‍ക്ക് ഏക ആശ്രയമാണ് കടത്ത് സര്‍വിസ്. വലിയപറമ്പ പഞ്ചായത്ത് അനുവദിച്ച കടത്ത് സര്‍വിസ് കാലപ്പഴക്കം കാരണം അധികൃതര്‍ സര്‍വിസ് നടത്തുന്നതില്‍ നിന്നു വിലക്കിയിരുന്നു. ഇതോടെ ഒരു മാസത്തിലേറെയായി കടത്തു സര്‍വിസ് നടത്തുന്നില്ല.
സ്‌കൂള്‍, കോളജ് എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥികള്‍, മറ്റു ജീവനക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ മറുകര കടക്കാന്‍ കഴിയാതെ വന്നതോടെയാണ് കടവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരത്തിനിറങ്ങിയത്.
ഉപരോധ സമരം പാലക്കീല്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കെ. വിനോദ് കുമാര്‍ അധ്യക്ഷനായി. സി. ദേവരാജന്‍, കെ.പി രാമകൃഷ്ണന്‍, കെ.വി കുഞ്ഞിക്കണ്ണന്‍, സി. തങ്കമണി, കെ.വി രാമചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."