അഭിമുഖങ്ങളും പരീക്ഷകളും തുടങ്ങുന്നു; അടുത്ത മാസം മുതല്‍ പി.എസ്.സി സാധാരണ നിലയിലേക്ക്
തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്നുവന്ന ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ നിര്‍ത്തിവച്ചിരുന്ന നടപടികള്‍ പുനരാരംഭിച്ച് പി.എസ്.സിയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുള്ള പരീക്ഷാ നടത്തിപ്പും അഭിമുഖവുമെല്ലാമാണ് പി.എസ്.സി ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.
സ്റ്റേറ്റ് ഹാന്‍ഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡില്‍ സെയില്സ്മാന് തസ്തികയിലേക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധനയാണ് ഇത്തരത്തില്‍ ആദ്യമായി നടത്തുന്നത്.
കൊവിഡ് 19 മാനദണ്ഡങ്ങള്‍ക്കു വിധേയമായി വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ പി.എസ്.സി. ആസ്ഥാന ഓഫിസില്‍ വച്ചാണ് സര്‍ട്ടിഫിക്കറ്റ് പരിശോധന നിശ്ചയിച്ചിട്ടുള്ളത്. ഇതിനായി എത്തുന്ന ഓരോ ഉദ്യോഗാര്‍ഥിയെയും തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് പരിശോധിച്ചും സാമൂഹിക അകലം പാലിച്ചും മാത്രമേ സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ പങ്കെടുപ്പിക്കുകയുളളൂവെന്ന് പി.എസ്.സി പ്രത്യേകം അറിയിച്ചിട്ടുണ്ട്.
അതുപോലെ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്,ജൂനിയര്‍ മെമ്പര്‍മാര്‍ക്കുവേണ്ടി അടുത്തമാസം രണ്ടു മുതല്‍ 17 വരെ വകുപ്പുതല പരീക്ഷ നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ആസ്ഥാന ഓഫിസില്‍ വച്ചുതന്നെയാണ് ഈ പരീക്ഷയും നിശ്ചയിച്ചിട്ടുള്ളത്.
പരീക്ഷാര്‍ഥികള്‍ക്ക് നാളെ മുതല്‍ അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകും. ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറവായതിനാലാണ് ഈ പരീക്ഷയും പെട്ടെന്നു നടത്താന്‍ പി.എസ്.സിക്കു കഴിയുന്നത്. ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് സര്ജന്, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലേക്കുള്ള അഭിമുഖം അടുത്തമാസം ഒന്നു മുതല്‍ മൂന്നുവരെ തിയതികളില്‍ ആസ്ഥാന ഓഫിസില്‍ വച്ചു നടത്താനും പി.എസ്.സി തീരുമാനിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തിനുള്ള ഷെഡ്യൂള്‍ പി.എസ്.സിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."