ഓച്ചിറ സംഭവം: മുഖ്യപ്രതിക്കെതിരേ പീഡന കുറ്റവും
പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് പരിശോധനാ ഫലം
കരുനാഗപ്പള്ളി(കൊല്ലം): ഓച്ചിറയില്‍നിന്ന് കാണാതായ രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന വൈദ്യപരിശോധനാ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേസിലെ മുഖ്യപ്രതി മുഹമ്മദ് റോഷനെതിരേ പൊലിസ് ബലാത്സംഗക്കുറ്റവും ചുമത്തി. ഒരുമിച്ച് ജീവിക്കാന്‍ കാമുകനുമായി നാടുവിട്ടതാണെന്ന പെണ്‍കുട്ടിയുടെ മൊഴി പ്രതിയെ പോക്‌സോയില്‍നിന്ന് ഒഴിവാക്കാന്‍ കാരണമാകുന്നില്ലെന്ന് പൊലിസ് വ്യക്തമാക്കി. മുംബൈയില്‍നിന്ന് ഓച്ചിറ പൊലിസ് സ്റ്റേഷനിലെത്തിച്ച ശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും ജില്ലാ ശിശുസംരക്ഷണ സമിതിയുടെയും പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നല്‍കിയ മൊഴിയിലാണ് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞത്. ഓച്ചിറ കന്നിട്ടപ്രേം നിവാസില്‍ മുഹമ്മദ് റോഷനുമായി പ്രണയത്തിലാണെന്നും പെണ്‍കുട്ടി പറഞ്ഞതായാണ് സൂചന.
മുംബൈയില്‍ നിന്നുള്ള യാത്രയുടെ ക്ഷീണം കാരണം പെണ്‍കുട്ടിയില്‍ നിന്ന് വിശദമായ മൊഴിയെടുക്കാനായില്ല. വനിതാ ജഡ്ജിയുടെ വസതിയില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. പ്രതി മുഹമ്മദ് റോഷനെ കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ നിന്നാണ് പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വ്യക്തമായത്. മുംബൈയില്‍വച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായതെന്ന് പൊലിസ് പറയുന്നു.
അതേസമയം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പിതാവിന്റെ വാദം ശരിയല്ലെന്ന് പ്രതി മുഹമ്മദ് റോഷന്റെ കുടുംബം ആരോപിച്ചിരുന്നു. പെണ്‍കുട്ടി പഠിച്ച രാജസ്ഥാനിലെ സ്‌കൂളിലെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് പ്രായം തെളിയിക്കുന്ന രേഖയായി ഹാജരാക്കിയിരുന്നത്. ഫോട്ടോസ്റ്റാറ്റ് കോപ്പിയായതിനാല്‍ ഇതിന്റെ ആധികാരികത പരിശോധിക്കാന്‍ അന്വേഷണസംഘം രാജസ്ഥാനിലേക്ക് പോകും. ആവശ്യമെങ്കില്‍ പ്രായം തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്നും പൊലിസ് പറഞ്ഞു.
കഴിഞ്ഞ പതിനെട്ടിന് പെണ്‍കുട്ടിയുമായി കടന്ന മുഹമ്മദ് റോഷന്‍ മുംബൈ പന്‍വേലിലെ ചേരിയില്‍ പെണ്‍കുട്ടിയുമായി താമസിക്കുകയായിരുന്നു. ഏറെ വിവാദമായ കേസില്‍ ഒന്‍പത് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലിസ് ഇവരെ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."