തിരുവനന്തപുരം കടുത്ത ത്രികോണ പോരാട്ടത്തിലേക്ക്
തിരുവനന്തപുരം: കേരളം ഇതുവരെ സാക്ഷിയാകാത്ത തരത്തിലുള്ള ത്രികോണ പോരാട്ടത്തിനാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം തന്നെ എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ ആവേശകരമായ മുന്നേറ്റം കാഴ്ചവയ്ക്കുകയാണ്. ഇത് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീപാര്‍ട്ടി പ്രവര്‍ത്തകരുടെയും ജോലി വര്‍ധിപ്പിക്കുന്നു.
ഇടതുമുന്നണി സ്ഥാനാര്‍ഥി സി. ദിവാകരനാണ് ആദ്യം പ്രചാരണത്തിനിറങ്ങിയത്. സി.പി.ഐയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തെ കഴിഞ്ഞതുകൊണ്ടാണ് ദിവാകരന് ആദ്യം പ്രചാരണത്തിനിറങ്ങാന്‍ കഴിഞ്ഞത്. സ്ഥാനാര്‍ഥിത്വം നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നേരത്തെതന്നെ തുടങ്ങാന്‍ ശശി തരൂരിനുമായി. ചുവരെഴുത്തുകളും പോസ്റ്ററുകളും വരുന്നതില്‍ വൈകിയെങ്കിലും പ്രചാരണത്തില്‍ ദിവാകരന് ഒപ്പമെത്താന്‍ തരൂരിനു കഴിഞ്ഞു.
കുമ്മനം രാജശേഖരന്റെ കാര്യത്തിലും ഇതുതന്നെയായിരുന്നു സംഭവിച്ചത്. സ്ഥാനാര്‍ഥിയായുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനു താമസം വന്നെങ്കിലും ഗവര്‍ണര്‍ സ്ഥാനം രാജിവച്ചപ്പോള്‍തന്നെ കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കുമെന്ന പ്രചാരണം വന്നിരുന്നു. ഇതിനിടെ കുമ്മനത്തിന്റെ ചുവരെഴുത്തുകളും വന്നു. ഔദ്യോഗികമായി കുമ്മനത്തെ സ്ഥാനാര്‍ഥിയായി ബി.ജെ.പി പ്രഖ്യാപിക്കുമ്പോള്‍ പ്രവര്‍ത്തനത്തില്‍ മറ്റു രണ്ടു സ്ഥാനാര്‍ഥികള്‍ക്കും ഒപ്പമെത്തുന്നതിന് അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ജനങ്ങളെ കാണുന്ന കാര്യത്തില്‍ മാത്രമാണ് തിരുവനന്തപുരത്തെ സ്ഥാനാര്‍ഥികള്‍ തമ്മില്‍ ഏറ്റക്കുറച്ചിലുകളുള്ളത്. പക്ഷെ പ്രചാരണത്തില്‍ ആരും പിന്നിലല്ല.
തന്റെ വ്യക്തിപ്രഭാവവും കഴിഞ്ഞ 10 വര്‍ഷക്കാലം മണ്ഡലത്തില്‍ കാഴ്ചവച്ച പ്രവര്‍ത്തനങ്ങളും വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയാണ് ശശി തരൂരിനുള്ളത്. മുടങ്ങിക്കിടന്ന ദേശീയപാത ബൈപാസ് വികസനം ഉള്‍പ്പെടെ നിരവധിയായ വികസന പ്രവര്‍ത്തനങ്ങള്‍ ശശി തരൂര്‍ അക്കമിട്ടു നിരത്തുന്നു. എന്നാല്‍ പത്തുവര്‍ഷക്കാലം എം.പിയെന്ന നിലയില്‍ തിരുവനന്തപുരത്തിനായി ശശി തരൂര്‍ ഒന്നും ചെയ്തില്ലെന്നു ദിവാകരനും കുമ്മനവും ആരോപിക്കുന്നു.
മതനിരപേക്ഷതയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവും ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിക്ക് ബദല്‍ ഇടതുപക്ഷമാണ് എന്ന ആശയവും ചൂണ്ടിക്കാട്ടിയാണ് ദിവാകരന്റെ പ്രചാരണം. മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ചെന്ന ആത്മവിശ്വാസത്തോടെയാണ് ദിവാകരന്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നത്. വ്യക്തിപരമായി വോട്ട് നേടുക എന്നതാണ് കുമ്മനത്തിന്റെ പ്രവര്‍ത്തനത്തിന്റെ ആദ്യപടി. മോദി സര്‍ക്കാരിന്റെ നേട്ടങ്ങളും സംസ്ഥാന സര്‍ക്കാരിനെതിരായ ആക്ഷേപങ്ങളും ശബരിമല വിഷയവുമെല്ലാം ഇതിനു പിന്നാലെയാണ് കുമ്മനം പ്രചാരണത്തിനായി ഉപയോഗിക്കുന്നത്.
തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നേമം എന്നിവ കഴിഞ്ഞ തവണ ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളാണ്. ആ കണക്കുകള്‍ മനസില്‍വച്ചാണ് യു.ഡി.എഫും എല്‍.ഡി.എഫും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. തങ്ങള്‍ മൂന്നാം സ്ഥാനത്തേക്കു പോയ കോവളം, പാറശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളില്‍ മുന്നേറാനുള്ള തന്ത്രങ്ങളുമായി ബി.ജെ.പിയും ആര്‍.എസ്.എസും നീക്കങ്ങള്‍ നടത്തുമ്പോള്‍ ഈ മണ്ഡലങ്ങളില്‍ നേടിയ ലീഡ് വര്‍ധിപ്പിക്കാനാണ് ശശി തരൂര്‍ നോക്കുന്നത്. മറ്റു മണ്ഡലങ്ങളില്‍ വോട്ട് ഉയര്‍ത്താനും കോവളം, പാറശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുന്നതിനുമാണ് ഇടത് മുന്നണിയുടെ ശ്രമം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൊത്തം 8,73,462 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇത്തവണ മുക്കാല്‍ ലക്ഷത്തിലധികം പുതിയ വോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ടാകുമെന്നാണ് കണക്ക്.
പരമ്പരാഗത വോട്ടുകള്‍ക്കു പുറമെ ന്യൂജെന്‍ വോട്ടുകളും ഇത്തവണ തിരുവനന്തപുരത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ പ്രധാനമാകും. പ്രചാരണം ഒന്നാംഘട്ടം പിന്നിടുമ്പോള്‍ മൂന്നു സ്ഥാനാര്‍ഥികളില്‍ ആരും മുന്നിലല്ല എന്ന സാഹചര്യം തന്നെ ആവേശകരമായ പോരാട്ടത്തിന്റെ സൂചനയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."