ഓടക്കയത്ത് വീണ്ടും കൊമ്പന്മാരുടെ വിളയാട്ടം: ആദിവാസികള്‍ ഭീതിയില്‍ വ്യാപക കൃഷി നാശം
അരീക്കോട്: ഓടക്കയത്തെ ആദിവാസി മേഖലകളില്‍ കാട്ടാനക്കൂട്ടം മാസങ്ങളായി തുടരുന്ന അതിക്രമങ്ങള്‍ തുടരുന്നു. ചൊവ്വാഴ്ച കൊടുമ്പുഴ കോളനിയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പാറക്കൂട്ടത്തിലൂടെ ഇറങ്ങിയ കാട്ടാനകള്‍ മുന്‍പില്‍പെട്ട രണ്ടുപേര്‍ക്കെതിരെ പാഞ്ഞടുത്തെങ്കിലും ഇരുവരും ഓടി ഒരു കുടിലില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പടക്കമെറിഞ്ഞും തീ കത്തിച്ചും ആനകളെ പേടിപ്പിച്ച് തിരിച്ചോടിക്കുകയായിരുന്നു.
കൊട്ടുമ്പുഴ, കുരീരി, മാങ്കുളം, നെല്ലിയായി ഭാഗങ്ങളിലൊക്കെ ആനകളുടെ വിളയാട്ടമാണ്. ഓരോ ദിവസവും ഭീതിയോടെയാണ് നാട്ടുകാര്‍ കഴിച്ചു കൂട്ടുന്നത്. പലരും സ്വന്തം ഊരുകളും വീടുകളും വിട്ടിറങ്ങിയ അവസ്ഥയിലാണ്. കൊടുമ്പുഴ അങ്കണവാടിയുടെ പരിസരം വരെ ആനകളുടെ വിഹാരകേന്ദ്രമാണ് എന്നത് ഭീതി ഇരട്ടിയാക്കുന്നു.
ഊര്‍ങ്ങാട്ടിരിയിലെ വെണ്ടേക്കു പൊയിലിലും ചീങ്കണ്ണിപ്പാലിയിലും കാട്ടാന ശല്യം രൂക്ഷമാണ്. ഇവിടെ നിന്ന് കിലോമീറ്ററുകള്‍ താണ്ടിയാണ് ആനകള്‍ ഓടക്കയത്തെത്തുന്നത്. വേനല്‍കാലത്ത് വെള്ളം കുടിക്കാനും മഴക്കാലത്ത് ചക്ക തിന്നാനുമാണ് ആനകള്‍ ഓടക്കയത്തെത്തുന്നത്. കാട്ടാന ശല്യം ഇല്ലാതാക്കുന്നതിന് ആദിവാസികളും കര്‍ഷകരും നിരവധി തവണ ജില്ലാ കലക്ടര്‍, വനം വകുപ്പ് മേധാവികള്‍ തുടങ്ങിയവരെ കണ്ടിരുന്നെങ്കിലും ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ജനവാസ കേന്ദ്രങ്ങളില്‍ ഇവ എത്തുന്നത് തടയാന്‍ ഒരു നടപടിയും കൈകൊള്ളാന്‍ അധികൃതര്‍ ശ്രമിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."