ക്രിസ്റ്റ്യാനോയ്ക്ക് 100 മേനി
മാഡ്രിഡ്: ആവേശവും വിവാദവും ഒരുപോലെ കത്തിനിന്ന യുവേഫ ചാംപ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ 4-2ന് പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സെമിഫൈനലില്‍ കടന്നു. ഇരുപാദങ്ങളിലുമായി 6-3 എന്ന സ്‌കോറിനായിരുന്നു റയലിന്റെ ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കാണ് സ്വന്തം തട്ടകത്തില്‍ റയലിന് ഗംഭീര ജയം സമ്മാനിച്ചത്. നേരത്തെ ആദ്യ പാദത്തില്‍ ക്രിസ്റ്റ്യാനോ ഇരട്ട ഗോളുകള്‍ നേടിയിരുന്നു. നേരത്തെ യൂറോപ്പ്യന്‍ ടൂര്‍ണമെന്റുകളില്‍ 100 ഗോളുകള്‍ തികച്ച ക്രിസ്റ്റ്യാനോയ്ക്ക് ഇതോടെ ചാംപ്യന്‍സ് ലീഗില്‍ 100 ഗോളെന്ന നേട്ടം സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ക്രിസ്റ്റ്യാനോ.
അലിയന്‍സ് അരീനയില്‍ അപ്രതീക്ഷിത പരാജയം വഴങ്ങിയതിനെ തുടര്‍ന്നുള്ള സമ്മര്‍ദവുമായിട്ടാണ് ബയേണ്‍ രണ്ടാം പാദ ക്വാര്‍ട്ടറിനായി സാന്റിയാഗോ ബെര്‍ണാബുവിലെത്തിയത്. പരിചയസമ്പന്നരുടെ നിരയെയാണ് കാര്‍ലോ ആന്‍സലോട്ടി കളത്തിലിറക്കിയത്. ഫിലിപ്പ് ലാം, സാബി അലോണ്‍സോ പോലുള്ള താരങ്ങള്‍ പ്രതീക്ഷയുണര്‍ത്തുന്നവരായിരുന്നു. എന്നാല്‍ ആദ്യ പകുതി വേണ്ടത്ര ആവേശത്തിക്കുയരാതെ പോയപ്പോള്‍ ഗോള്‍ രഹിതമായാണ് കലാശിച്ചത്. ആര്യന്‍ റോബന്റെ ചില മുന്നേറ്റങ്ങള്‍ മാത്രമാണ് റയലിനെ ഞെട്ടിച്ചത്. മറുവശത്ത് റയലിന് അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനുമായില്ല. കാര്‍വജാലും ബെന്‍സേമയും ക്രിസ്റ്റ്യാനോയുമായിരുന്നു അവരുടെ മുന്നേറ്റങ്ങളെ നയിച്ചിരുന്നത്.
രണ്ടാം പകുതിയില്‍ റോബനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ബയേണിന് ആശിച്ച ലീഡ് സമ്മാനിച്ചു. റയലിനെതിരേ ചാംപ്യന്‍സ് ലീഗില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന നേട്ടവും ഇതോടെ ലെവന്‍ഡോസ്‌കി സ്വന്തമാക്കി. ഗോള്‍ സമ്മര്‍ദത്തിലാക്കിയെങ്കിലും പതിയെ മത്സരത്തിലേക്ക് തിരിച്ചുവരാന്‍ റയലിന് സാധിച്ചു. കാസെമിറിയോടെ ക്രോസില്‍ നിന്ന് ഗോള്‍ നേടി ക്രിസ്റ്റ്യാനോ 76ാം മിനുട്ടില്‍ റയലിന് സമനില സമ്മാനിച്ചു. തൊട്ടടുത്ത മിനുട്ടില്‍ തന്നെ സെര്‍ജിയോ റാമോസിന്റെ സെല്‍ഫ് ഗോള്‍ ബയേണിനെ മുന്നിലെത്തിച്ചു.84ാം മിനുട്ടില്‍ വിദാലിന് ചുവപ്പു കാര്‍ഡ് ലഭിച്ചതോടെ ബയേണ്‍ സമ്മര്‍ദത്തിലായി. അസെന്‍സിയോയെ വീഴ്ത്തിയതിനായിരുന്നുചുവപ്പു കാര്‍ഡ് ലഭിച്ചത്. പത്തു പേരായി ചുരുങ്ങിയെങ്കിലും നിശ്ചിത സമയത്ത് 2-1ന് ബയേണ്‍ മുന്നിലെത്തി. ഇരുപാദങ്ങളിലുമായി 3-3 ആയിരുന്നു ആ സമയത്തെ സ്‌കോര്‍.
ഇതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. പക്ഷേ ഇവിടെ ബയേണിന് അടിതെറ്റി. 104.109 മിനുട്ടുകളില്‍ ഗോള്‍ നേടി ക്രിസ്റ്റ്യാനോ റയലിനെ മത്സരത്തില്‍ തിരിച്ചെത്തിച്ചു. എന്നാല്‍ 104ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോയുടെ ഗോളിന് വഴിയൊരുക്കി സെര്‍ജി റാമോസ് ഈ സമയത്ത് ഓഫ് സൈഡായിരുന്നു എന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നു. രണ്ടാം ഗോള്‍ വന്നത് മാഴ്‌സലോയുടെ പാസില്‍ നിന്നായിരുന്നു. 112ാംമിനുട്ടില്‍ മാര്‍കോ അസെന്‍സിയോ കൂടി ഗോള്‍ നേടിയതോടെ റയലിന്റെ ആധികാരിക വിജയം നേടുകയായിരുന്നു. അതേസമയം ചാംപ്യന്‍സ് ലീഗില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന നാലാമത് റയല്‍ താരമെന്ന നേട്ടം സെര്‍ജിയോ റാമോസ് മത്സരത്തില്‍ സ്വന്തമാക്കി.
മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍ാരായ ലെയ്സ്റ്റര്‍ സിറ്റി ഇരുപാദങ്ങളിലുമായി 2-1ന് മറികടന്ന് അത്‌ലറ്റിക്കോ മാഡ്രിഡും സെമിയില്‍ കടന്നു. ലെസ്റ്ററിന്റെ തട്ടകത്തില്‍ നടന്ന രണ്ടാം പാദ സെമിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞു. എന്നാല്‍ ആദ്യപാദത്തില്‍ നേടിയ ഒരു ഗോളിന്റെ ലീഡ് അത്‌ലറ്റിക്കോയെ സെമിയിലേക്ക് നയിക്കുകയായിരുന്നു. രണ്ടാം പാദത്തില്‍ ലെസ്റ്ററിനായി ജാമി വാര്‍ഡിയും അത്‌ലറ്റിക്കോയ്ക്കായി സൗളും സ്‌കോര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."