സഊദിയിലെ ജനവാസ മേഖല ലക്ഷ്യമാക്കി ആയുധ ഡ്രോൺ; ഹൂതി നടപടിയെ അപലപിച്ച് ജിസിസിയും, ഒഐസിയും
റിയാദ്: സഊദിയിലെ ജനവാസ മേഖലകൾ ലക്ഷ്യമാക്കി ആയുധങ്ങൾ നിറച്ച ഡ്രോണുകൾ അയച്ച് സ്ഫോടനത്തിന് ശ്രമം നടത്തിയ സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നു. സംഭവം സഊദി പ്രതിരോധ സേന നിർവീര്യമാക്കിയെങ്കിലും ഹൂതികളുടെ കിരാത നടപടിയെ നിശിതമായി വിമർശിച്ച് അറബ്, ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്‌മകൾ രംഗത്തെത്തി. അസീറിലെ ഖമീസ് മുശൈതിലെ ജനവാസ മേഖലകൾ ലക്ഷ്യമാക്കിയാണ് യമനിലെ വിമതരായ ഇറാന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഹൂതികൾ കഴിഞ്ഞ ദിവസം സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകൾ അയച്ചത്. എന്നാൽ, സംഭവം ശ്രദ്ധയിൽ പെട്ട അറബ് സഖ്യ സേന ഹൂതികളുടെ ശ്രമം പരാചയപ്പെടുത്തുകയായിരുന്നു.
ബോംബുകള്‍ നിറച്ച ഡ്രോണ്‍ അയച്ച ഹൂത്തി മിലിഷ്യയുടെ നടപടി ഇസ്ലാമിക രാജ്യ സംഘടന (ഒ.ഐ.സി) ശക്തിയായി അപലപിച്ചു. അന്താരാഷ്ട്ര ചട്ടങ്ങള്‍ ലംഘിച്ച് ഹൂത്തികള്‍ ഭീകരപ്രവര്‍ത്തനം തുടരുകയാണെന്ന് ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഡോ. യുസഫ് ബിന്‍ അഹ് മദ് അല്‍ ഉതൈമീന്‍ പ്രസ്‌താവിച്ചു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികളേയും ഒ.ഐ.സി പിന്തുണക്കുമെന്നും ഹൂത്തികള്‍ക്ക് പണവും ആയുധങ്ങളും നല്‍കുന്നവര്‍ക്ക് ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒഴിയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അസീർ പ്രവിശ്യയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകൾ തൊടുത്തുവിട്ടതിനെ ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽഹജ്‌റഫും അപലപിച്ചു.
വൈറസിനെതിരെ ലോകം പൊരുതുന്നതിനിടെ സഊദിയിൽ ഭീകരാക്രമണങ്ങൾ നടത്താൻ ഹൂത്തികൾ ശ്രമിക്കുന്നതിലൂടെ സഊദിയുടേത് മാത്രമല്ല, ഗൾഫ് മേഖലയുടെ മൊത്തം സുരക്ഷാ ഭദ്രതയാണ് ഹൂത്തികൾ ലക്ഷ്യം വെക്കുന്നത്. ഗൾഫ് സഹകരണ കൗൺസിൽ സഊദി അറേബ്യക്കൊപ്പം നിലയുറപ്പിക്കുമെന്നും രാജ്യരക്ഷയും ഭദ്രതയും പൗരന്മാരുടെ സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിന് സഊദി സ്വീകരിക്കുന്ന മുഴുവൻ നടപടികളെയും ജി.സി.സി പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 13 ന് നജ്‌റാനില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താനും ഹൂത്തികള്‍ ശ്രമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."