അറ്റകുറ്റപ്പണി നടത്തിയില്ല; ഗ്രാമീണ റോഡുകളില്‍ യാത്രാ ദുരിതം
മുളേളരിയ: അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ ദേലംപാടി, കാറഡുക്ക, മുളിയാര്‍ പഞ്ചായത്തിലെ ഭൂരിഭാഗം ഗ്രാമീണ റോഡുകളും പൊട്ടിപൊളിഞ്ഞു. മഴശക്തമായതോടെ കുണ്ടുംമകുഴിയും നിറഞ്ഞ് ചെളിക്കുളമായിരിക്കുകയാണ് റോഡുകള്‍. ദേലംപാടി പഞ്ചായത്തിലെ അഡൂര്‍, ബാവയ്യമൂല, മണ്ടെമിട്ടി കോളനി റോഡ് പകുതി ഭാഗവും തകര്‍ന്ന നിലയിലാണ്. മൈയ്യള, സാലത്തടുക്ക റോഡിന്റെ അവസ്ഥയും ദയനീയമാണ്. കാറഡുക്ക പഞ്ചായത്തിലെ പല റോഡുകളുടെയും അവസ്ഥ ഇതു തന്നെയാണ്. മഴവെള്ളമൊഴുകാന്‍ ഓടകള്‍ നിര്‍മിക്കാത്തതു കാരണം റോഡിലൂടെ മഴവെള്ളം ഒഴുകി കാല്‍നാടയാത്രക്കാര്‍ക്കു പോലും പോവാന്‍ പറ്റാത്ത അവസ്ഥയിലാണ്. മുളിയാര്‍ പഞ്ചായത്തിലെ ബാവിക്കര എട്ടാമൈല്‍ റോഡ്, ബോവിക്കാനം ബേവിഞ്ച റോഡ്, ബോവിക്കാനം പന്നടുക്കം തുടങ്ങിയ റോഡുകളുടെ പലഭാഗങ്ങളും തകര്‍ന്നു വാഹനങ്ങള്‍ക്കു പോവാന്‍ പറ്റാത്ത അവസ്ഥയിലാണ്.
ബാവിക്കര ബോവിക്കാനം റോഡില്‍ മഴവെള്ളം കുത്തിയൊലിച്ച് ഇരുഭാഗവും വന്‍ കുഴികള്‍ രൂപപ്പെട്ടതു കാരണം ഇരുവശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മറികടക്കുമ്പോള്‍ അപകടത്തില്‍ പെടുന്നതും പതിവാണ്. ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥകാരണം ഓട്ടോറിക്ഷകള്‍ വരാന്‍ പോലും മടിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. വിദ്യാര്‍ഥികളും സാധരണക്കാരുമുള്‍പ്പെടെ നൂറ് കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന റോഡുകളാണിവ.
തകര്‍ന്നു കിടക്കുന്ന റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി നന്നാക്കണമെന്നാവശ്യപ്പെട്ട് പല തവണ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."