സഹോദരന്റെ മൃതദേഹം യുവാവ് വീട്ടിലെത്തിച്ചത് സൈക്കിളില്‍ കെട്ടിവച്ച്
ഗുവാഹത്തി: ആംബുലന്‍സ് ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്ന് സഹോദരന്റെ മൃതദേഹം യുവാവ് വീട്ടിലെത്തിച്ചത് സൈക്കിളില്‍ കെട്ടിവച്ച്. അസം മുഖ്യമന്ത്രിയായ സര്‍ബനാനന്ദ സോനാവാളിന്റെ മണ്ഡലമായ മാജുളിയിലാണ് സംഭവം.
മുളകൊണ്ടുണ്ടാക്കിയ പാലത്തിലൂടെ സൈക്കിളില്‍ കെട്ടിവച്ച മൃതദേഹവുമായി സ്വന്തം ഗ്രാമത്തിലേക്ക് പോകുന്ന യുവാവിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സ്വന്തം ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഏക മാര്‍ഗം ഈ പാലമാണ്.
സംഭവം പുറത്തറിഞ്ഞതോടെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഹെല്‍ത്ത് സര്‍വിസ് ഡയരക്ടര്‍ക്കാണ് അന്വേഷണ ചുമതല. യുവാവിന് നേരിട്ട ദുരനുഭവം ബി.ജെ.പിയുടെ വികസന വാഗ്ദാനങ്ങള്‍ പൊള്ളയാണെന്ന് തെളിഞ്ഞുവെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.
ഏകദേശം ഒരു വര്‍ഷം മുന്‍പാണ് വികസനം വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ മാജുളിയെ സമ്പൂര്‍ണ വൈ ഫൈ ആക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാരിപ്പോള്‍.
എന്നാല്‍ മണ്ഡലത്തിലെ പലയിടത്തും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ അതിന് മുന്‍തൂക്കം നല്‍കുകയാണ് വേണ്ടതെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."