സോനുവിന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് 10 ലക്ഷം വാഗ്ദാനം; സോനു നിഗം സ്വയം മൊട്ടയടിച്ചു
മുംബൈ: മുസ്‌ലിം പള്ളികളില്‍ ബാങ്കുവിളിക്കുന്നതിനെതിരേ ട്വീറ്റ് ചെയ്ത ബോളിവുഡ് ഗായകന്‍ സോനു നിഗത്തിന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പശ്ചിമ ബംഗാളില്‍ നിന്നുള്ള മുസ്‌ലിം നേതാവ് രംഗത്തെത്തി. എന്നാല്‍ താന്‍ തന്നെ തന്റെ തല മൊട്ടയടിക്കാമെന്നും പണം തയാറാക്കിവയ്ക്കാനും ആവശ്യപ്പെട്ട് സോനു നിഗം മറുപടിയും കൊടുത്തു. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ അദ്ദേഹം മൊട്ടയടിക്കുകയും ചെയ്തു.
പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സയ്യിദ് ആത്തിഫ് അലി അല്‍ ഖാദിരിയാണ് സോനുവിനെതിരേ രംഗത്തു വന്നത്. സോനുവിനെ മൊട്ടയടിച്ച് ഷൂ മാല കഴുത്തില്‍ തൂക്കി രാജ്യം മുഴുവന്‍ ചുറ്റിയടിപ്പിക്കുന്നവര്‍ക്ക് പത്ത് ലക്ഷം വാഗ്ദാനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം പള്ളികളില്‍ ബാങ്കുവിളിക്കെതിരേ അഭിപ്രായം പറഞ്ഞ ബോളിവുഡ് ഗായകനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ''എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ, ഞാനൊരു മുസ്‌ലിം അല്ല, പക്ഷേ പുലര്‍ച്ചെ ബാങ്കുവിളികേട്ടാണ് എനിക്ക് ഉണരേണ്ടി വരുന്നത്. ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാരാധന എന്നവസാനിക്കും'' എന്നായിരുന്നു സോനുവിന്റെ ട്വീറ്റ്.
ട്വീറ്റുകളിലൂടെ ഇസ്‌ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് അദ്ദേഹത്തിനെതിരേ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു . ചിലര്‍ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണികള്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ജാഥകളിലും റാലികളിലും സോനു നിഗം പാടിയിട്ടുണ്ടെന്നും ചിലര്‍ മറുപടി ട്വീറ്റായി പരിഹസിച്ചു. മറ്റു മതങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന മതേതര രാജ്യമാണ് ഇന്ത്യയെന്നും അത് മനസിലാക്കാന്‍ സോനു നിഗം തയാറാകണമെന്നുള്ള ആവശ്യങ്ങളും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."